പെൺകുട്ടികൾ ഒരിടത്തും സുരക്ഷിതരല്ല എന്നതാണ് ഈ നൂറ്റാണ്ടിൽ കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഒപ്പം ഓൺലൈൻ തട്ടിപ്പുകളും തീവ്രവാദവും. ക്വട്ടേഷൻ സംഘങ്ങളുടെ അക്രമങ്ങളും മയക്കുമരുന്ന് ഉപയോഗവും പഴയകാലത്തേക്കാളും കൂടിയിട്ടുണ്ടെങ്കിലും അതൊക്കെ ശക്തമായ നടപടികൊണ്ട് നിയന്ത്രിക്കാവുന്നതേയുള്ളൂ. ഗൃഹാന്തരീക്ഷത്തിൽപ്പോലും കുട്ടികൾ സുരക്ഷിതരല്ലെന്ന സാഹചര്യമുണ്ട്. സംരക്ഷിക്കേണ്ടവർതന്നെ പീഡകരാവുന്നു. അല്ലെങ്കിൽ പീഡനത്തിന് കൂട്ടുനിൽക്കുന്നു എന്നതാണ് ഏറ്റവും മലീമസമായ അവസ്ഥ.

ആഗോളഭീകരതയുടെ ഭാഗമായി

നേരത്തേ ഇവിടെ മതതീവ്രവാദസംഘങ്ങൾ ഉണ്ടെങ്കിലും ഐ.എസ്., അൽഖായിദ പോലുള്ള ആഗോള ഭീകരസംഘങ്ങളിൽ മലയാളികൾ പങ്കാളികളാവുന്നത് അടുത്തകാലത്താണ്. അവരുടെ റിക്രൂട്ടിങ് കേന്ദ്രങ്ങളിൽ ഒന്ന് കേരളമായത് പത്തുവർഷംകൊണ്ടാണ്. ഇവിടെനിന്ന് സിറിയയിലേക്കും അഫ്‌ഗാനിസ്താനിലേക്കുമൊക്കെ ആളുകൾ പോയി. കശ്മീരിലെ കുപ്‌വാരയിൽ നാലുമലയാളിയുവാക്കൾ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചതായിരുന്നു നമ്മളെ ഞെട്ടിച്ച ആദ്യത്തെ സംഭവം. ലഷ്‌കറെ തൊയ്ബ ഉൾപ്പെടെയുള്ള സംഘങ്ങളുടെ ഭാഗമായി മലയാളികൾ മാറിയതും രണ്ടായിരത്തിനുശേഷമാണ്. .

ഹണിട്രാപ്പ്: നൂറ്റാണ്ടിന്റെ വാക്ക്

വേശ്യാവൃത്തിയുൾപ്പെടെയുള്ള കാര്യങ്ങൾ നേരത്തേയുണ്ടെങ്കിലും ആളുകളെ ഹണിട്രാപ്പിൽ കുടുക്കി പണംതട്ടുന്ന സംഘങ്ങൾ ഇപ്പോൾ കേരളത്തിൽ സജീവമായിട്ടുണ്ട്. ബെംഗളൂരുവാണ് ഇതിന്റെ പ്രധാനകേന്ദ്രം. പക്ഷേ, കേരളത്തിൽ സമീപകാലത്തായി കുറെ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈനൂറ്റാണ്ടിന്റെ സംഭാവനയാണ് ഹണിട്രാപ്പ് എന്ന പദം.

ലഹരിയുടെ വഴി

രണ്ടായിരാമാണ്ടിനുശേഷമാണ് ഭൂമിക്ക്‌ വലിയതോതിൽ വിലകൂടിയത്. അതിന്റെ ഭാഗമായി ഭൂമാഫിയ സംഘങ്ങൾതന്നെയുണ്ടായി. അവരുടെ സഹായികളായി ക്വട്ടേഷൻ സംഘങ്ങൾ എത്തിയതോടെ അത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ഏറെ വർധിച്ചു. അതേപോലെ കഞ്ചാവിൽനിന്നും ബ്രൗൺഷുഗറിൽനിന്നുമൊക്കെ യുവാക്കൾ എൽ.എസ്.ഡി.പോലുള്ള കെമിക്കൽ ലഹരിയിലേക്ക് മാറി. പണ്ട് പെത്തഡിൻ മാത്രമേ വീര്യംകൂടിയ ലഹരിയുണ്ടായിരുന്നുള്ളൂ. അതോടൊപ്പം സ്ഥിരം ക്രിമിനലുകളായിരുന്നു പണ്ട് ലഹരികടത്തിയിരുന്നത്. ഇപ്പോൾ എൻജിനിയറിങ് ഒക്കെ കഴിഞ്ഞ വിദ്യാർഥികൾ അതിന്റെ വിതരണക്കാരായി.

• റിട്ട. എസ്‌.പി.

Content Highlights:  Violence against woman is the biggest challenge facing Kerala in this century