92-ാംവയസ്സില്‍ ഷോട് ഫിലിം നായിക, പുരസ്‌കാരങ്ങള്‍... പൂവറ്റൂര്‍ പടിഞ്ഞാറ് ഗ്രാമത്തിന്റെ അഭിമാനമാണ് വെളുമ്പി. പ്രായത്തിന് തളര്‍ത്താനാകാത്ത കരുത്തും ആവേശവുമായി നാടാകെ നിറഞ്ഞുനില്‍ക്കുന്ന ഇവര്‍ ഇന്ന് ആബാലവൃദ്ധം ജനങ്ങളുടെയും സ്വന്തം മുണ്ടയ്ക്കല്‍ മുത്തശ്ശിയാണ്.

പതിറ്റാണ്ടുകളായി പാടത്തും പറമ്പിലും പുരുഷനെ വെല്ലുന്ന മെയ്ക്കരുത്തുമായി ജോലി ചെയ്തുകൊണ്ടിരുന്ന വെളുമ്പി കഴിഞ്ഞവര്‍ഷമാണ് ക്യാമറകള്‍ക്ക് മുന്നില്‍ വിസ്മയം തീര്‍ത്തത്. സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ദൂരദര്‍ശനുമായി സഹകരിച്ച് ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിച്ചിരുന്നു.

ഇതിലേക്ക് പൂവറ്റൂര്‍ പടിഞ്ഞാറ് തച്ചന്‍മുക്ക് സ്വദേശിയായ മനോജ് വിസ്മയ കഥയും തിരക്കഥയും എഴുതി സംവിധാനംചെയ്ത കണ്ണാടി എന്ന ടെലിഫിലിമിലെ നായികയുടെ വേഷത്തിലാണ് വെളുമ്പി ശ്രദ്ധേയപ്രകടനം കാഴ്‌ചെവച്ചത്. മത്സരത്തില്‍ മികച്ച ടെലിഫിലിമായി കണ്ണാടി തിരഞ്ഞെടുത്തു.

തുടക്കക്കാരിയുടെ ആശങ്കകളോ പ്രായത്തിന്റെ അവശതകളോ ഇല്ലാതെ നായികാവേഷത്തില്‍ ജീവിച്ച വെളുമ്പിയുടെ പ്രകടനത്തെ ജൂറി പ്രത്യേകം പരമാര്‍ശിച്ചിരുന്നു. ഇതിലൊന്നും ഒതുങ്ങുന്നതല്ല ഈ മുത്തശ്ശിയുടെ വൈഭവങ്ങള്‍. നെല്‍ക്കൃഷിക്ക് പേരുകേട്ട അഞ്ചക്കുളം ഏലായില്‍ കൊയ്ത്തു നടക്കണമെങ്കില്‍ വെളുമ്പി എത്തണമായിരുന്നു.

കാവല്‍ക്കറ്റ കൊയ്‌തെടുത്ത് വെളുമ്പി സമീപത്തെ ആല്‍ത്തറയില്‍വെച്ചശേഷമേ മറ്റുള്ളവര്‍ കൊയ്യാന്‍ വയലിലിറങ്ങുമായിരുന്നുള്ളൂ. മൂന്നും നാലും കണ്ടങ്ങള്‍ ഒറ്റയ്ക്ക് കൊയ്‌തെടുത്ത് കറ്റകള്‍ ചുമന്നെത്തിക്കുന്ന വെളുമ്പിയെക്കുറിച്ച് അക്കാലത്തെ കുട്ടികളും ഇന്നത്തെ മുതിര്‍ന്നവരും വാചാലരാകുന്നു.

21 വര്‍ഷംമുന്‍പ് ഭര്‍ത്താവ് ശങ്കരന്‍ മരിച്ചു. 93-ാം വയസ്സിലും ഒറ്റയ്ക്കാണ് താമസം. സഹായങ്ങളുമായി മക്കളെല്ലാം സമീപത്തുണ്ട്. അത്യാവശ്യം പാചകമെല്ലാം വീട്ടില്‍ത്തന്നെ ചെയ്യും. ചിലപ്പോള്‍ ഭക്ഷണം മക്കളുടെ വീട്ടിലാക്കും. എങ്കിലും ഇന്നും ചില നിഷ്ഠകളില്‍ വിട്ടുവീഴ്ചയില്ല.

രാവിലെ പുരയിടങ്ങളില്‍പ്പോയി വിറകുകള്‍ ശേഖരിക്കും. വീട്ടിലെത്തി അവ നനയാതെ കെട്ടി സൂക്ഷിക്കും. മുറ്റവും സമീപവും എപ്പോഴും വൃത്തിയായിരിക്കണം. ഇതിനൊക്കെയുള്ള കരുത്ത് എവിടെനിന്നാണ് ലഭിക്കുന്നതെന്ന് ചോദിച്ചാല്‍ എല്ലാം ദൈവകൃപയെന്നാണ് മുത്തശ്ശിയുടെ മറുപടി.