കാളികാവ്: ശ്രമിച്ചാല്‍ ഡോക്ടറാകാനുള്ള കഴിവുണ്ടെന്ന് മാത്രമാണ് വത്സലന്‍ മകള്‍ ലിന്‍ഷയോട് പറഞ്ഞത്. മകള്‍ മെഡിക്കല്‍ പ്രവേശനപ്പരീക്ഷയില്‍ മികച്ച വിജയം നേടി കഴിവ് തെളിയിക്കുയും ചെയ്തു. ആദിവാസികളിലെ പിന്നാക്ക വിഭാഗമായ കാട്ടുനായക്കരില്‍നിന്നുള്ള ആദ്യ ഡോക്ടറാകാനുള്ള അവസരമാണ് ലിന്‍ഷ നേടിയത്.
ചോക്കാട് നാല്പത് സെന്റ് ആദിവാസിക്കോളനിയിലെ കവളയില്‍ വത്സലന്റെയും ശാന്തമ്മയുടേയും മകള്‍ വി. ലിന്‍ഷയാണ് ഡോക്ടറാകാനുള്ള ആദ്യ കടമ്പ പൂര്‍ത്തിയാക്കിയിട്ടുള്ളത്. നീറ്റ് പരീക്ഷയില്‍ മികച്ചവിജയം നേടി ലിന്‍ഷ എം.ബി.ബി.എസിന് പാലക്കാട് ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടി.
പ്രവേശനപ്പരീക്ഷയ്ക്ക് സൗജന്യപരിശീലനത്തിന് അവസരം തേടി അച്ഛന്‍ വത്സലന്‍ ഓഫീസുകള്‍ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. പാലായില്‍ പ്രവേശനം ലഭിച്ചാല്‍ സഹായം നല്‍കാമെന്നായിരുന്നു അധികൃതരുടെ നിലപാട്. ഒടുവില്‍ മകളില്‍ വിശ്വാസമര്‍പ്പിച്ച് എല്ലാ ചെലവുകളും സ്വയം വഹിച്ച് മഞ്ചേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ചേര്‍ത്തു. ആദിവാസി വകുപ്പ് അധികൃതരുടെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ച് ലിന്‍ഷ വിജയം നേടി.
അച്ഛനും അമ്മയും നല്‍കിയ പിന്തുണയാണ് പ്രചോദനമായതെന്ന് ലിന്‍ഷ പറഞ്ഞു. ഒന്നുമുതല്‍ ആറുവരെ ചോക്കാട് ഗവ.യു.പി സ്‌കൂളിലാണ് ലിന്‍ഷ പഠിച്ചത്. പ്ലസ് ടു വരെ മലപ്പുറം നവോദയ കേന്ദ്രീയ വിദ്യാലയത്തിലും പഠിച്ചു. ഒരുവര്‍ഷമാണ് പ്രവേശനപ്പരീക്ഷാ പരിശീലനത്തിന് ചിലവഴിച്ചത്.
നീറ്റ് പരീക്ഷയെഴുതിയ ലിന്‍ഷ സംസ്ഥാനതലത്തില്‍ 20521 റാങ്കിനും സംവരണ വിഭാഗത്തില്‍ പത്തൊന്‍പതാം റാങ്കിനും അര്‍ഹയായി. ആദ്യ അലോട്ട്‌മെന്റില്‍ പാലക്കാട് ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശനം ലഭിക്കുകയും ചെയ്തു.
അച്ഛന്‍ വത്സലന്‍ വനപാലകനാണ്. കഴിഞ്ഞവര്‍ഷം സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പ്രത്യേക നിയമനത്തില്‍ സഹോദരന്‍ ലിജിനിന് ഒന്നാം റാങ്കോടെ എക്‌സൈസ് ഗാര്‍ഡായി പ്രവേശനം ലഭിച്ചിരുന്നു. ഇളയ സഹോദരന്‍ ലിജിത് ചോക്കാട് ഗവ.യു.പി. സ്‌കൂളില്‍ എഴാംക്ലാസ് വിദ്യാര്‍ഥിയാണ്.
Content Highlights: Success Story of V Linsha First Kattunaykan Tribe Who cleared Neet