ലോകശക്തിയെങ്കിലും സമ്പൂർണ വികസിത രാജ്യമെങ്കിലും അമേരിക്കയിൽ ചിലയിടത്ത് സ്ത്രീകൾക്ക് ഇന്നും പ്രവേശനമില്ല. അവയിൽ എടുത്തു പറയേണ്ട മേഖലയാണ് യു.എസ്. നാവികസേന. അമേരിക്കൻ സായുധസേനകളിൽ നിരവധി സ്ത്രീകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും നാവിക സേനയെന്നും വനിതകൾക്ക് ബാലികേറാമല തന്നെയായിരുന്നു. എന്നാൽ അവിടേക്കും ഒരു സ്ത്രീമുന്നേറ്റമുണ്ടായിരിക്കുന്നു. 40 പേരടങ്ങുന്ന മറൈൻ പ്ലേറ്റൂണിനെ നയിക്കാൻ ഒരു വനിത സർവസജ്ജയായിരിക്കുന്നു.

അമേരിക്കൻ നാവിക സേനയിൽ സ്വപ്നതുല്യമായ നേട്ടങ്ങൾ സ്വന്തമാക്കി ഒരു വനിത. ഒട്ടും സ്ത്രീസൗഹൃദമല്ലാത്ത, കടുത്ത പരിശീലന പരിപാടികൾ വിജയകരമായി പൂർത്തിയാക്കിയാണ് ഈ വനിതാ ഓഫീസർ ചരിത്രത്തിന്റെ ഭാഗമാകുന്നത്. എന്നാൽ ഇവരുടെ പേരുവിവരങ്ങൾ ഒന്നുംതന്നെ പുറംലോകം അറിഞ്ഞിട്ടില്ല.

13 ആഴ്ച നീണ്ടുനിന്ന കാഠിന്യമേറിയ പരിശീലനശേഷം എത്തുന്ന അവർ, 40 പേരടങ്ങുന്ന കാലിഫോർണിയയിലെ ഫസ്റ്റ് മറൈൻ ഡിവിഷൻ പ്ലേറ്റൂണിനെ നയിക്കും. പുരുഷ കമാൻഡോകൾക്കൊപ്പം പരിശീലന പരിപാടികളിൽ ഏർപ്പെട്ടിരിക്കുന്ന ആവരുടെ ചിത്രം സഹപ്രവർത്തകൻ തന്നെയാണ് ട്വിറ്ററിലൂടെ ലോകത്തോട് പങ്കുവച്ചത്. 131 പേരുടെ പരിശീലന പരിപാടിയിൽ നിന്ന് ആകെ 88 പേർ മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇതിൽ ഒരു പ്ലേറ്റൂണിന്റെ തലപ്പത്തെത്തുന്ന ആദ്യ വനിത കൂടിയാണിവർ.

1.4 ദശലക്ഷം വരുന്ന അമേരിക്കൻ സായുധസേനയിൽ 15 ശതമാനം മാത്രമാണ് വനിതകൾ. അതിൽത്തന്നെ ആദ്യമായാണ് ഒരു സ്ത്രീ യു.എസ്. മറൈൻ ഫോഴ്സിന്റെ തലപ്പത്തെത്തുന്നത്. മുൻപ് 36 ഓളം വനിതകൾ       പരിശീലനത്തിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും അവരിൽ ആർക്കും തന്നെ ആ കടമ്പ കടക്കാൻ കഴിഞ്ഞിട്ടില്ല.

അമേരിക്കൻ സായുധസേനയുടെ എല്ലാ വിഭാഗങ്ങളിലും വനിതകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും നാവിക സേനയിൽ അത് തുലോം കുറവായിരുന്നു. അങ്ങനെ സ്ത്രീകൾക്ക് കടന്നു ചെല്ലാൻ തീരെ സാഹചര്യം ഒരുക്കാതിരുന്ന നാവികസേനയുടെ തലപ്പത്തേക്ക് തന്നെയാണ് ധീരമായ ചുവടുവയ്പോടെ അവർ കടന്നു ചെന്നിരിക്കുന്നത്.

അവരുടെ ഈ അപൂർവ നേട്ടത്തിൽ അഭിമാനിക്കുന്നു എന്നായിരുന്നു അമേരിക്കൻ നാവികസേനാ തലവൻ ജനറൽ റോബട്ട് നെല്ലർ പ്രതികരിച്ചത്. 2016 ൽ അമേരിക്കയുടെ മുൻ പ്രസിഡന്റ് ബറാക്ക് ഒബാമയാണ് യുദ്ധക്കളമടക്കമുള്ള എല്ലാ സൈനികമേഖലകളും വനിതകൾക്കായി തുറന്നു കൊടുത്തത്.

കഴിഞ്ഞ ജൂലായിൽ നാവികസേനയിൽ പ്രവേശനം ലഭിച്ചെന്ന അവകാശവാദവുമായി ഒരു വനിത രംഗത്തെത്തിയിരുന്നെങ്കിലും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ അവർ പിന്തള്ളപ്പെട്ടു.എന്തായാലും ചരിത്രപരമായ, സ്വപ്നതുല്യമായ നേട്ടം കൈവരിച്ച ഈ ധീരനായിക ആരെന്നറിയാനുള്ള ആകാംക്ഷയിലാണ് ലോകം.