തിക്രമങ്ങളെ ചെറുക്കാന്‍ പെപ്പര്‍ സ്‌പ്രേയും ചില്ലി സ്‌പ്രേയും കൈയില്‍ കരുതുന്ന സ്ത്രീകള്‍ ധാരാളം ഉണ്ട്. സംഘം ചേര്‍ന്നും ഒറ്റക്കും നടക്കുന്ന അതിക്രമങ്ങളില്‍ നിന്നും സ്വയം രക്ഷയ്ക്ക് വേണ്ടിയാണ് പെപ്പര്‍ സ്‌പ്രേ പ്രയോഗിക്കുന്നത്. എന്നാലിന്ന് സ്ത്രീകൾക്കെതിരെ തന്നെ പെപ്പർ സ്പ്രേ ഉപയോഗിക്കുന്നവരുമുണ്ട്. സ്വരക്ഷയെ കരുതി ഉപയോഗിക്കേണ്ട പെപ്പർ സ്പ്രേ ദുരുപയോഗം ചെയ്യുന്ന നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 

1980 -കളില്‍ വിദേശ രാജ്യങ്ങളിലെ സംഘര്‍ഷമേഖലകളില്‍ സേനാവിഭാഗങ്ങള്‍ പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ചിരുന്നു. അക്രമിക്കാന്‍ വരുന്നവര്‍ക്ക് നേരെ പെപ്പര്‍ സ്‌പ്രേ ഉപയോഗിക്കുമ്പോള്‍ കണ്ണീര്‍വാതകം പ്രയോഗിക്കുന്ന ഫലമാണ് ഉണ്ടാകുന്നത്. ഇതില്‍ ഉപയോഗിക്കുന്ന ഒലിയോ റെസിന്‍ വിഭാഗത്തില്‍ പെടുന്ന രാസവസ്തു രൂക്ഷമായ കണ്ണെരിച്ചില്‍, കണ്ണീര്‍ പ്രവാഹം. ശരീരത്തില്‍ ഉണ്ടാകുന്ന വേദന, കടുത്ത ചുമ താല്‍ക്കാലികമായ അന്ധത, ശ്വാസം മുട്ടല്‍ എന്നിവ ഉണ്ടാക്കുന്നു. 

നിസാരക്കാരനല്ല പെപ്പര്‍ സ്‌പ്രേ

മുളകുവര്‍ഗത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന കാപ്‌സെയിന്‍ എന്ന രാസവസ്തുവാണ് ഇതിലെ മുഖ്യഘടകം. ഒപ്പം കുരുമുളകും ഉപയോഗിക്കുന്നു. അരമണിക്കൂറു മുതല്‍ നാലുമണിക്കൂര്‍ വരെ ഇതിന്റെ ഫലം നീണ്ടു നില്‍ക്കാം. മാത്രമല്ല തുടര്‍ച്ചയായി കണ്ണിലേയ്ക്ക് അടിച്ചാല്‍ കാഴ്ച നഷ്ടപ്പെടാം. 50 ഓളം രാജ്യങ്ങളില്‍ പെപ്പര്‍ സ്‌പ്രേയുടെയും ചില്ലി സ്‌പ്രേയുടെയും ഉപയോഗം നിയമപരമാണ്. മനുഷ്യര്‍ക്ക് നേരെ മാത്രമല്ല മൃഗങ്ങള്‍ക്ക് നേരെയും ഇത് പ്രയോഗിച്ചുവരുന്നുണ്ട്. 10 മുതല്‍ 30 ശതമാനം വരെ കാപ്‌സെയിനാണ് ഓരോ പെപ്പര്‍ സ്‌പ്രേയിലും അടങ്ങിട്ടിരിക്കുന്നത്. 

2011-ല്‍ ന്യൂയോര്‍ക്കില്‍ നടന്ന ഒക്യൂപേയ് വാള്‍സ്ട്രീറ്റ് പ്രോട്ടസ്റ്റില്‍ പെപ്പര്‍ സ്പ്രേ ഉപയോഗിച്ചത് ഏറെ വിവാദമായിരുന്നു. കടുത്ത ശ്വാസം മുട്ടലും ചുമയും ഉണ്ടാകുമെന്നതു കൊണ്ടുതന്നെ ആസ്മ രോഗമുള്ളവര്‍ക്ക് നേരെ പ്രയോഗിക്കുന്നത് മരണകാരണമായേക്കാം. ജീവന്‍ അപകടത്തിലാക്കാതെ പ്രയോഗിക്കാന്‍ കഴിയുന്ന ആയുധമെന്ന് പൊതുവെ പറയാറുണ്ടെങ്കിലും അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍ മരണം സംഭവിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മാത്രമല്ല രക്താതിമര്‍ദ്ദം, രക്തസമ്മര്‍ദം ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ട് എന്ന് 1999 -ല്‍ നോര്‍ത്ത് കരോലിനയിലെ മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. 2003- ല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജെസ്റ്റിസിന്റെ റിപ്പോര്‍ട്ട് പ്രകാരം പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ച 62 കേസുകളില്‍ രണ്ട് മരണങ്ങള്‍ സംഭവിച്ചിരുന്നതായും പറയുന്നുണ്ട്.

ആക്രമണം നേരിടേണ്ടി വന്നാല്‍ 

പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ചുള്ള ആക്രമണം നേരിടേണ്ടി വന്നാല്‍ നെഞ്ചിലേയും കഴുത്തിലേയും വസ്ത്രങ്ങള്‍ നീക്കം ചെയ്ത് കാറ്റുകൊള്ളാനുള്ള അവസരം ഉണ്ടാക്കുക. കോണ്ടക്ട് ലെന്‍സ് ഉപയോഗിക്കുന്നയാളാണ് എങ്കില്‍ അത് നീക്കം ചെയ്യണം. ഒപ്പം മുഖവും മുടിയും തുടര്‍ച്ചയായി ശുദ്ധജലത്തില്‍ കഴുകുക. രൂക്ഷത കുറഞ്ഞ സോപ്പ് ഉപയോഗിച്ച് ശരീരം കഴുകാം. 15 മിനിറ്റോളം ശരീരം വെള്ളമൊഴിച്ചു കഴുകണം. എന്നാല്‍ ഒരു കാരണവശാലും കണ്ണുകള്‍ തീരുമാന്‍ പാടില്ല ഇത് സ്‌പ്രേയുടെ പ്രത്യാഘാതം വര്‍ധിപ്പിക്കും.

ഏതാനം മണിക്കൂറുകള്‍ പുകച്ചിലും അസ്വസ്ഥതയും അനുഭവപ്പെട്ടാലും പിന്നീട് അതു മാറും. ശരീരം ചുവന്നു തടിക്കുകയും ശ്വാസം മുട്ടല്‍ അനുഭവപ്പെടുകയും ചെയ്താല്‍ ഉറപ്പായും വൈദ്യസഹായം തേടണം. ഒപ്പം അക്രമണം ഉണ്ടായ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ എല്ലാം പൂര്‍ണമായും മാറ്റണം. 2014 -ല്‍ ആന്ധ്രപ്രദേശ് എം.പി. എല്‍ രാജഗോപാല്‍ പാര്‍ലമെന്റില്‍ പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ചത് ഏറെ വിവാദമായിരുന്നു. സ്വയം രക്ഷക്ക് വേണ്ടിയാണ് താന്‍ ഇത് ചെയ്തത് എന്നായിരുന്നു  അന്ന് രാജഗോപാല്‍ പറഞ്ഞത്.

Content Highlights: use and side effects of pepper spray