മേരിക്കയില്‍ ശക്തിയാര്‍ജിക്കുന്ന വനിതാപ്രാതിനിധ്യത്തെക്കുറിച്ചുള്ള രാഷ്ട്രീയ നിരീക്ഷണങ്ങളെ ഊട്ടി ഉറപ്പിക്കുന്നതായിരുന്നു ഇടക്കാല തെരഞ്ഞെടുപ്പില്‍ വനിതാ സ്ഥാനാര്‍ഥികള്‍ കൈവരിച്ച വിജയം. ഒരുകാലത്ത് അവകാശമായ വോട്ട് രേഖപ്പെടുത്താന്‍ പോലും മടിച്ചിരുന്ന അമേരിക്കന്‍ സ്ത്രീകളാണ് രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ അടയാളപ്പെടുത്തല്‍ നടത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോടും അദ്ദേഹത്തിന്റെ രാഷ്ട്രീയ നയങ്ങളോടുമുള്ള വിയോജിപ്പ് രേഖപ്പെടുത്തി തെരുവിലിറങ്ങിയ സ്ത്രീകള്‍ പിന്നീട് കൊടുങ്കാറ്റായി അമേരിക്കന്‍ രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ തിരുത്തലുകളുമായി രംഗത്തെത്തുകയാണ്. 

ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന രാഷ്ട്രീയ വിശകലനങ്ങളും സര്‍വേഫലങ്ങളും തെരഞ്ഞെടുപ്പ് ഫലത്തെ അക്ഷരാര്‍ത്ഥത്തില്‍ ശരിവെക്കുന്നതായിരുന്നു. കാരണം പബ്ലിക് റിലീജിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്ഡ 48 ശതമാനം സ്ത്രീകളും രാഷ്ട്രീയ വിഷയത്തില്‍ പ്രതികരിക്കുന്നവരോ തത്പരരോ ആണന്നായിരുന്നു കണ്ടെത്തിയത്. കൂടാതെ പുരുഷ കുത്തകയായിരുന്ന സീറ്റുകളില്‍, വരുന്ന തെരുഞ്ഞെടുപ്പില്‍ അട്ടിമറി വിജയമായിരിക്കും അമേരിക്കയിലെ വനിതാസ്ഥാനാര്‍ത്ഥികള്‍ സ്വന്തമാക്കുകയെന്നുമടക്കമുള്ള കണ്ടെത്തലുകളും വിശകലനങ്ങളും ഉരുത്തിരിഞ്ഞിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടക്ക് നടന്ന പല വനിതാ പോരാട്ടങ്ങളും പ്രതിഷേധങ്ങളും ഈ വിശകലനങ്ങളിലേക്ക് വഴിവെച്ചവയായിരുന്നു.

കഴിഞ്ഞ അഞ്ച് അമേരിക്കന്‍ തെരഞ്ഞെടുപ്പുകളുമായി താരമതമ്യം ചെയ്യുമ്പോള്‍ വനിതാ സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തിലും അവരുടെ പ്രാതിനിധ്യത്തിലും വന്‍ മുന്നേറ്റമാണ് നടന്നിരിക്കുന്നത്.273 വനിതാ സ്ഥാനാര്‍ത്ഥികളാണ് ഇരു പാര്‍ട്ടികളേയും പ്രതിനിധീകരിച്ച് മത്സരരംഗത്ത് ഉണ്ടായിരുന്നത്. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി മുസ്ലീം വനിതകള്‍, കറുത്തവര്‍ഗ്ഗക്കാരി, എല്‍ജിബിടി എന്നിങ്ങനെ അമേരിക്കന്‍ രാഷ്ട്രീയം മാറ്റിനിര്‍ത്തിയിരുന്ന വനിതാ വിഭാഗങ്ങളാണ് ഇത്തവണ അമേരിക്കന്‍ രാഷ്ട്രീയത്തിനും ജനതക്കും മുതല്‍ക്കൂട്ടാകുന്നത്. 

അലക്സാഡ്രിയ ഓക്കേസിയോ 

ഒരു വര്‍ഷം മുമ്പ് ഇതേസമയം കുടുംബം നോക്കുന്നതിനായി ഒരു ബാറില്‍ ജോലി നോക്കുകയായിരുന്നു ഈ ഇരുപത്തിയൊമ്പതുകാരി. ഒരു വര്‍ഷം കൊണ്ട് നേടിയെടുത്തത് യു.എസ് ഹൗസ് ഓഫ് റെപ്രസെന്റേറീവ്‌സിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതയെന്ന പദവിയാണ്. വാക്കുകള്‍ കൊണ്ട് എന്റെ നന്ദി പ്രകടിപ്പിക്കാനാവില്ല..വിജയത്തിന് ശേഷം അലക്‌സാന്‍ഡ്രിയ ഹൃദയത്തില്‍ തൊട്ടുപറഞ്ഞത് ഇപ്രകാരമാണ്. 

Alexandria Ocasio-Cortez
image credits:AFP/GettyImages

ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ അലക്‌സാന്‍ഡ്രിയ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ആന്റണി പാപ്പസിനെ തോല്‍പ്പിച്ചാണ് കോണ്‍ഗ്രസിലെത്തിയത്. അലക്‌സാന്‍ഡ്രിയ പ്രതിനിധാനം ചെയ്യുന്ന ന്യൂയോര്‍ക്ക് സിറ്റിയിലെ പതിനാലാമത് ഡിസ്ട്രിക്ടില്‍ അമ്പത് ശതമാനവും  കുടിയേറ്റക്കാരാണുള്ളത്. ഇവര്‍ക്കനുകൂലമായ അലക്‌സാന്‍ഡ്രിയയുടെ നിലപാടും പ്രവര്‍ത്തനങ്ങളും അനുകൂലമാവുകയായിരുന്നു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധനയങ്ങളും അലക്‌സാന്‍ഡ്രിയക്ക് തുണയായി. 

താഴെ തട്ടില്‍ അരക്ഷിതാവസ്ഥ നേരിടുന്ന  സാധാരണ ജനങ്ങളെ കേന്ദ്രീകരിച്ചായിരുന്നു അലക്സാന്‍ഡ്രിയയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. സാധാരണക്കാരായ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനും ഇവര്‍ക്ക് സാധിച്ചു. അഭയാര്‍ഥി പ്രശ്നവും, തോക്ക് ലൈസന്‍സും, ആരോഗ്യമേഖലയും, വര്‍ധിച്ചുവരുന്ന ദൈനംദിന ചെലവുകളുമെല്ലാം അലക്സാന്‍ഡ്രിയയുടെ പ്രചാരണ വിഷയമായി. കൂടാതെ ഈ വിഷയങ്ങളെ പലപ്പോഴും ചര്‍ച്ചക്ക് വിധേയമാക്കാനും  ഇവര്‍ക്ക് സാധിച്ചു. ഞങ്ങളുടെ ജില്ലയിലെ എഴുപത് ശതമാനത്തോളവും കറുത്തവര്‍ഗ്ഗക്കാരാണ്. അവരെ പ്രതിനിധീകരിക്കാന്‍ അമേരിക്കന്‍ ചരിത്രത്തില്‍ ഇതുവരെയും ആരുമുണ്ടായിരുന്നില്ലെന്നും വിജയാഘോഷത്തിനിടെ അലക്‌സാന്‍ഡ്രിയ വ്യക്തമാക്കി.

അയന്ന പ്രസ്സ്‌ലീ 

അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പിലൂടെ മാസാച്യുസെറ്റ്സിലെ ആദ്യ കറുത്തവര്‍ഗ്ഗക്കാരിയായ വനിതയാവുകയാണ് അയന്നേ പ്രസ്ലീ. മൈക്ക് ക്യൂപുവാനോയെന്ന ശക്തനായ എതിരാളിയെയാണ് അയന്ന പരാജയപ്പെടുത്തിയത്. 

Ayanna Pressley
image credits:AFP/GettyImages

2009ല്‍ ബോസ്റ്റണ്‍ സിറ്റി കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പട്ട ആദ്യ കറുത്തവര്‍ഗ്ഗക്കാരിയും ഇവരായിരുന്നു. കോണ്‍ഗ്രസിലെ ഒരു വനിതക്ക് മെടഞ്ഞിട്ട മുടിയുമായി വരാമോ? ഒരു കറുത്ത ലതര്‍ ജാക്കറ്റുമായി തകര്‍ക്കാമോ തന്റെ ചരിത്ര നേട്ടത്തിന് ശേഷം അവര്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. നാല്പ്പത്തിനാല്കാരിയായ അയന്ന ബോസ്റ്റണ്‍ കൗണ്‍സിലില്‍ സേവനമനുഷ്ഠിക്കുന്ന ആദ്യത്തെ ആഫ്രിക്കന്‍-അമേരിക്കന്‍ വനിത കൂടിയാണ്. 

യങ് കിം

യുഎസിലെ കൊറിയന്‍ കുടിയേറ്റക്കാരെ സംബന്ധിച്ച് അവിസ്മരണീമായിരുന്നു യങ് കിമ്മിന്റെ വിജയം. കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ കൊറിയന്‍ അമേരിക്കന്‍ വനിതയാണ് യങ് കിം. വൈകാരികവിജയമെന്നാണ് കിമ്മിന്റെ വിജയത്തെ മാധ്യമങ്ങള്‍ പോലും വിശേഷിപ്പിച്ചത്. 

Young Kim
image credits:AP

കാലിഫോര്‍ണിയയിലെ മുപ്പത്തിയൊമ്പതാമത് ഡിസ്ട്രിക്ടിനെ പ്രതിനിധീകരിച്ചാണ് യങ് കോണ്‍ഗ്രസിലെത്തിയത്. ഡെമോക്രാറ്റിന്റെ ഗില്‍ സിനോറോസിനെതിരെ 51.3 ശതമാനം വോട്ടുകള്‍ നേടിയാണ് വിജയം ഇവര്‍ ഉറപ്പിച്ചത്. ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയം തന്റെ ചിന്തകളെ മാറ്റിമറിച്ചതായി സൗത്ത് കൊറിയന്‍ കുടിയേറ്റക്കാരിയായ യങ് പറയുന്നു.

ഡെബ് ഹാലന്‍ഡ് 

സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്ന ആദ്യത്തെ അമേരിക്കക്കാരിയായ വനിത.

image
image credits:Deb Haaland/Twitter

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നും മത്സരിച്ച ജാനിസ് അര്‍നോള്‍ഡ് ജോണ്‍സിനെതിരെയാണ് ഡെബ് വിജയം നേടിയത്.

ഷാരിസ് ഡേവിഡ്‌സ് 

അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് തെരഞ്ഞടുക്കപ്പെടുന്ന ആദ്യ ഗേ അമേരിക്കന്‍ വംശജയാണ് ഷാരിസ്.

Sharice Davids
image credits:AP

ഹോ ചങ്ക് നാഷന്‍ അംഗമാണ് ഇവര്‍

റാഷിദ ടലൈബ് 

കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്ലീം വനിതകള്‍ എന്ന ഖ്യാതി ഇല്‍ഹാന്‍ ഒമറിനൊപ്പം പങ്കുവെച്ച വനിതയാണ് ഇവര്‍. കോണ്‍ഗ്രസിലെ ആദ്യ പാലസ്‌തേനിയന്‍ അമേരിക്കന്‍ സ്ത്രീയാണ് ഇവര്‍. 2004-ലാണ് ഇവരുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ഓഫ് അമേരിക്കയിലെ അംഗമാണ് ഇവര്‍. 

Rashida Tlaib
​image credits:AP

കോണ്‍ഗ്രസിലെ അംഗമാകുന്നതോടെ ഞാന്‍ പ്രതിനിധീകരിക്കുന്ന ജനങ്ങള്‍ക്കും കോണ്‍ഗ്രസില്‍ ഒരു സ്ഥാനം ഉണ്ടാകുമെന്നും അവര്‍ക്കുവേണ്ടി ഊര്‍ജ്ജസ്വലതയോടെ സംസാരിക്കാന്‍ ഒരാളുണ്ടാകുമെന്നുമുള്ള ഉറപ്പാണ് വിജയിയായ ശേഷം അവര്‍ വോട്ടര്‍മാര്‍ക്ക് നല്‍കിയത്. സാം ജോണ്‍സനായിരുന്നു തെരഞ്ഞെടുപ്പില്‍ റാഷിദയുടെ എതിരാളി.

ഇല്‍ഹാന്‍ ഒമര്‍

മിനിസോട്ടയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആദ്യ മുസ്ലീം വനിതയും സൊമാലിയന്‍-അമേരിക്കന്‍ വംശജയുമാണ് ഇല്‍ഹാന്‍. വുമന്‍ നെറ്റ്‌വര്‍ക്കിങിന്റെ സജീവപ്രവര്‍ത്തകയും സംഘാടകയുമാണ്. 1991 ലെ സൊമാലിയയിലെ യുദ്ധത്തെ തുടര്‍ന്ന് 1995 ല്‍ കുടുംബത്തോടൊപ്പം കുടിയേറുകയായിരുന്നു ഇവര്‍.

Ilhan Omar
​image credits:Reuters

പൊളിറ്റിക്‌സ് ഓഫ് ഫയര്‍ അഥവാ പേടിയുടെ രാഷ്ട്രീയമാണ് തന്നെ നയിച്ചതെന്നും അതാണ് ഉയര്‍ന്ന വേതനത്തിനും, ഉയര്‍ന്ന ആരോഗ്യ പരിരക്ഷയും ഉന്നത വിദ്യാഭ്യാസ സംരക്ഷണത്തിനും ഇവരെ പ്രചോദിപ്പിച്ചതെന്നാണ് വിജയക്കൊടി പാറിച്ച ശേഷം ഇവര്‍ പ്രതികരിച്ചത്.

ലോറന്‍ അണ്ടര്‍വുഡ് 
നഴ്‌സും ആരോഗ്യപരിപാലന വിദഗ്ധയുമായ ലോറന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ റാണ്‍ടി ഹോള്‍ട്ട്‌ഗ്രെന്നിനെ പിന്തള്ളിയാണ് ഇല്ലിനോയ്‌സില്‍ നിന്നും അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

Lauren Underwood
​image credits:AP

2014 ല്‍ ഒബാമയുടെ ഭരണകാലത്ത് സ്‌പെഷ്യല്‍ അസിസ്റ്റന്റായി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. പേഷ്യന്റ് പ്രൊട്ടക്ഷന്‍ ആന്‍ഡ് അഫോര്‍ഡബിള്‍ കെയര്‍ ആക്ടിന് ഇവര്‍ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് ഒബാമ ഇവരെ അമേരിക്കന്‍ ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസിലെ ഉന്നത ഉദ്യോഗസ്ഥയായി നിയമിച്ചിരുന്നു.

ട്രംപിന്റെ ഭരണത്തിനെതിരെ ശബ്ദമുയര്‍ത്തുകയും തങ്ങളുടെ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി പ്രതിഷേധങ്ങള്‍ക്ക് മുന്‍പന്തിയില്‍ നിന്നിരുന്നത് യുവതികളായിരുന്നു. ആ പ്രതിഷേധങ്ങളുടെ പ്രതിഫലനമായരുന്നു വനിതാപ്രതിനിധികളെ നിയമനിര്‍മാണസഭയിലേക്ക് നയിച്ചത്. പ്രതിഷേധങ്ങളിലും പ്രകടനങ്ങളിലും പങ്കാളിത്തം ഊട്ടിഉറപ്പിക്കാനെത്തിയത് മുപ്പത്തിയഞ്ച് വയസില്‍ താഴെയുള്ള സ്ത്രീകളായിരുന്നുവെന്നതും അമേരിക്കന്‍ വനിതകളുടെ രാഷ്ട്രീയഭാവിയില്‍ പ്രതീക്ഷ നല്‍കുന്നു. 

രാഷ്ട്രീയ ചര്‍ച്ചകളും പ്രതിഷേധങ്ങളും ശക്തിയാര്‍ജിക്കുന്നതോടൊപ്പം സത്രീകളുടെ ആരോഗ്യം സംബന്ധിച്ചും ഗര്‍ഭധാരണം, ഗര്‍ഭച്ഛിദ്രം എന്നിവയെ സംബന്ധിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് സ്ത്രീകള്‍ വേദിയൊരുക്കുകയും നേരിടേണ്ടി വന്നിട്ടുള്ള അരക്ഷിതാവസ്ഥകള്‍ക്ക് ഇതോടെഅവസാനമാകുമെന്ന പ്രതീക്ഷയിലാണ് അമേരിക്കന്‍ വനിതകള്‍.അമേരിക്കയുടെ ആകെ ജനസംഖ്യയിലെ ചുരുങ്ങിയ ശതമാനം മാത്രമാണ് മുന്നിലേക്കെത്തിയതെങ്കിലും മറ്റ് വനിതകള്‍ക്കുള്ള ഉള്‍ക്കരുത്താകും ഈ വനിതാ മുന്നേറ്റം.