'നിങ്ങള്‍ക്കുവേണ്ടി സമയം കണ്ടെത്താന്‍ മടിക്കേണ്ട.'അമേരിക്കയുടെ പ്രഥമവനിത ഡോ. ജില്‍ ബൈഡന്‍ ഉദ്യോഗസ്ഥരായ അമ്മമാര്‍ക്ക് നല്‍കുന്ന ഉപദേശമാണ് ഇത്. തന്റെ കരിയറിനൊപ്പം കുട്ടികളുടെയും കുടുംബത്തിന്റെയും കാര്യങ്ങള്‍ താളം തെറ്റാതെ നോക്കിയ സ്വന്തം അനുഭവത്തില്‍ നിന്നാണ് പ്രഥമവനിതയുടെ ഈ ഉപദേശം.
അധ്യാപികയായ ജില്‍ ബൈഡന്‍ ഉദ്യോഗസ്ഥയായ ആദ്യത്തെ പ്രഥമവനിത കൂടിയാണ്. ജോലിക്കാരായ അമ്മമാരോട് കുറച്ച് സമയം സ്വന്തം ആവശ്യങ്ങള്‍ക്കായി മാറ്റിവയ്ക്കണമെന്നാണ് ജില്‍ ബൈഡന്റെ അഭിപ്രായം.
'അവനവന് വേണ്ടി കുറച്ചു സമയം മാറ്റിവയ്ക്കണം. നിര്‍ബന്ധമായും വേണം. കാരണം നമ്മള്‍ ഉത്തരവാദിത്തങ്ങല്‍ ശരിയായി നിറവേറ്റുന്നതിനെ പറ്റി പലപ്പോഴും സ്വയം ചോദ്യം ചെയ്യുന്ന തിരക്കിലായിരിക്കും. ഞാനും ചെയ്യാറുണ്ട്. അത്തരം സംശയങ്ങള്‍ നമ്മുടെ മനസ്സില്‍ ഒന്ന് അടങ്ങുന്നതുവരെയെങ്കിലും കുറച്ചു സമയം മാറ്റി വയ്ക്കാം.' നോര്‍ത്തേണ്‍ വെര്‍ജീനിയ കമ്യൂണിറ്റി കോളേജിലെ അധ്യാപികയായ ജില്‍ അഭിപ്രായപ്പെടുന്നു.
കൊറോണ മഹാമാരി പടര്‍ന്നതോടെ ഉദ്യോഗസ്ഥരായ അമ്മമാരുടെ ജീവിതം വളരെ വെല്ലുവിളികള്‍ നിറഞ്ഞതായെന്നും 69-കാരിയായ പ്രഥമവനിത പറയുന്നുണ്ട്. 'ജോലിക്കു പോകുമ്പോള്‍ കുട്ടികളെ സ്‌കൂളിലോ കളിക്കാനോ ഒന്നും പറഞ്ഞയക്കാനാവില്ല. കുട്ടികളെ ഏല്‍പിച്ചു പോകാന്‍പറ്റുന്ന ഇടങ്ങളും ഇക്കാലത്ത് ഇല്ലാതായി. ജോലിക്കൊപ്പം കുട്ടികളെ പഠിപ്പിക്കേണ്ട ഉത്തരവാദിത്തം കൂടി അവര്‍ക്കായി.'
അമ്മമാരോട് അവര്‍ ആത്മവിശ്വാസത്തോടെ ശക്തരായി ജീവിക്കേണ്ടതിന്റെ ആവശ്യവും ജില്‍ പറയുന്നു. ' ചിലപ്പോള്‍ ഡിന്നറിന് എന്നും മാക് ആന്‍ഡ് ചീസ് തന്നെ നല്‍കേണ്ടി വന്നേക്കാം, സാധാരണയിലും കൂടുതല്‍ ദേഷ്യം തോന്നിയേക്കാം, എപ്പോഴും ഒരു തമാശക്കാരിയായ അമ്മയായിരുന്ന് നിങ്ങള്‍ക്ക് മടുക്കാം.. അതൊന്നും സാരമില്ല. ഇതിനര്‍ത്ഥം നിങ്ങള്‍ തോറ്റു പോകുന്നുവെന്നല്ല. നിങ്ങള്‍ ശക്തയാണ് എന്നാണ്.'
Content Highlights: US First Lady Jill Biden’s advice for working mothers