അടുത്തിടെയായി ബോഡിപോസിറ്റിവിറ്റിയെക്കുറിച്ച് നിരവധി ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. ബോളിവുഡ് താരങ്ങളായ മലൈക അറോറയും നേഹ ധൂപിയയുമൊക്കെ ബോഡിപോസിറ്റിവിറ്റി പകരുന്ന കുറിപ്പുകളും ചിത്രങ്ങളും പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഹിന്ദി ടി.വി താരം ഉര്‍വശി ധോലാകിയയും സ്‌ട്രെച്ച് മാര്‍ക്കുകളെ മറച്ചുവെക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന സമൂഹത്തെക്കുറിച്ചും വസ്ത്രധാരണത്തിന്റെ പേരിലുള്ള വിമര്‍ശനങ്ങളെക്കുറിച്ചും പങ്കുവെക്കുകയാണ്.
അമ്മമാരായി കഴിഞ്ഞാല്‍ സ്‌ട്രെച്ച് മാര്‍ക്കുകള്‍ ഭയന്ന് ഇഷ്ടമുള്ള വസ്ത്രം പോലും ധരിക്കാന്‍ മടിക്കുന്ന സ്ത്രീകളെക്കുറിച്ച് പങ്കുവെയ്ക്കുകയാണ് ഉര്‍വശി. അമ്മമാരാകുന്നതോടെ ഇഷ്ടമുള്ള വസ്ത്രം ധരിച്ചതിന്റെ പേരില്‍ സ്ത്രീകള്‍ അവഹേളിക്കപ്പെടുന്നുണ്ടെന്നാണ് ഉര്‍വശി പറയുന്നത്. അത്തരത്തില്‍ അവഹേളിക്കുന്നവരോട് ആരാണ് ഈ നിയമങ്ങളെല്ലാം ഉണ്ടാക്കിയതെന്നാണ് ചോദിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് ഉര്‍വശി പറയുന്നു. ഞാന്‍ എന്റെ ശരീരത്തെ സ്‌നേഹിക്കുന്നു, സ്‌ട്രെച്ച് മാര്‍ക്കുകള്‍ ടാറ്റൂ പോലെയുള്ള അടയാളങ്ങള്‍ മാത്രമാണ്- ഉര്‍വശി പറയുന്നു.
തനിക്കുള്ളില്‍ ജീവന്‍ വളര്‍ന്നുവെന്നതിന്റെ തെളിവാണ് തന്റെ ശരീരത്തിലെ സ്‌ട്രെച്ച് മാര്‍ക്കുകള്‍ എന്നും ഉര്‍വശി പറയുന്നു. അവ ഒരിക്കലും ആര്‍ക്കും തന്നില്‍ നിന്ന് എടുത്തുമാറ്റാന്‍ കഴിയില്ല. അച്ഛനായിക്കഴിഞ്ഞ ഒരാള്‍ ബീച്ചില്‍ ഷര്‍ട്ടിടാതെ നടക്കുന്ന ചിത്രം പങ്കുവെച്ചാല്‍ ആരും ചോദ്യം ചെയ്തതായി ഓര്‍ക്കുന്നില്ല. അതേ നിയമം തന്നെയാണ് ഇവിടെയും പാലിക്കപ്പെടേണ്ടതെന്നും ഉര്‍വശി പറയുന്നു.
പൂളില്‍ ധരിക്കുന്ന ചിത്രം പങ്കുവെച്ചപ്പോഴാണ് ഉര്‍വശിയുടെ സ്‌ട്രെച്ച് മാര്‍ക്കുകളും കമന്റില്‍ നിറഞ്ഞത്. ലോകമെമ്പാടും പൂളില്‍ ആളുകള്‍ ധരിക്കുന്ന വസ്ത്രമായിരുന്നു അതെന്നും ജീവിക്കുമ്പോള്‍ അവനവനിഷ്ടമുള്ളതുപോലെയാണ് ജീവിക്കേണ്ടതെന്നും ഉര്‍വശി പറയുന്നു. നമ്മുടെ പ്രവര്‍ത്തികളുടെ പേരില്‍ ആളുകള്‍ക്ക് വിശദീകരണം നല്‍കി സമയം പാഴാക്കേണ്ടതില്ലെന്നാണ് താന്‍ കരുതുന്നതെന്നും ഉര്‍വശി.
Content Highlights: Urvashi Dholakia On Loving Her Body