ര്‍സുല മാര്‍ട്ടിന്‍ എന്ന യുവതി തന്റെ നീണ്ട യാത്ര കഴിഞ്ഞ് സ്വദേശമായ ഉക്രെയ്‌നിലെ കിയെവില്‍ തിരിച്ചെത്തിയത് കഴിഞ്ഞ ദിവസമാണ്. എന്നാല്‍ ഉര്‍സുലയുടെ ഈ യാത്രക്ക് കൈയടിക്കുകയാണ് ലോകം. അവള്‍ പൂര്‍ത്തിയാക്കിയത് ചില്ലറ ദൂരമൊന്നുമല്ല. കാല്‍നടയായി മാത്രം 5,000 മൈലുകളാണ് (ഏകദേശം 8046.72 കിലോമീറ്റര്‍) ഉര്‍സുല താണ്ടിയത്, അതും ഉക്രെയ്‌നില്‍ നിന്നും വെയില്‍സ് വരെ. 

പത്ത് വര്‍ഷം മുമ്പ് ഉര്‍സുലയ്ക്ക് അണ്ഡാശയ കാന്‍സര്‍ കണ്ടെത്തിയിരുന്നു. യാത്രാപ്രിയയായ ഉര്‍സുലയെ ഇത് വലിയ സങ്കടത്തിലാക്കി.  ജര്‍മനിയില്‍ നിന്ന് റൊമാനിയയിലേക്ക് ഒഴുകുന്ന ഡാനൂബ് നദീഭാഗത്ത് കയാക്കിങ് കഴിഞ്ഞ് യുകെയിലേക്ക് മടങ്ങാനിരിക്കെയായിരുന്നു തനിക്ക് കാന്‍സര്‍ ആണെന്ന് ഉര്‍സുല തിരിച്ചറിഞ്ഞത്. അങ്ങനെയാണ് ഈ രോഗത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനുള്ള ഒരു കാല്‍നടയാത്ര തുടങ്ങിയാലോ എന്ന ചിന്ത ഉര്‍സുലയുടെ മനസ്സിലേക്ക് കടന്നുവന്നത്. ഏകദേശം മൂന്നു വര്‍ഷത്തിന് ശേഷമാണ് ഉര്‍സുല മാര്‍ട്ടിന്‍ ഇക്കഴിഞ്ഞ ഞായറാഴ്ച തിരിച്ചെത്തിയത്.

women

യാത്രക്കിടെ തങ്ങാനുള്ള സ്ഥലങ്ങള്‍ കണ്ടുപിടിക്കാന്‍ സുഹൃത്തുക്കളും കുടുംബവും സഹായിച്ചു. ഇടയ്ക്ക് കൊറോണ മൂലമുണ്ടായ ലോക്ഡൗണ്‍ സമയത്ത് മൂന്നു മാസത്തോളം യാത്ര ചെയ്യാനായില്ല. ഫ്രാന്‍സിനു തെക്ക്, ഒരു സുഹൃത്തിന്റെ വീട്ടിലായിരുന്നു ആ 90 ദിവസവും തങ്ങിയത്. 

പിന്നീട് യാത്ര തുടര്‍ന്നപ്പോഴും പലയിടങ്ങളിലും ലോക്ഡൗണ്‍ ആയതു കാരണം യാത്രയുടെ വേഗം കുറഞ്ഞു. പൂച്ചയും എലിയും കളിപോലെയായിരുന്നു അതെന്നാണ് ഉര്‍സുല തന്റെ ഇഴഞ്ഞുനീങ്ങിയ യാത്രയെ വിശേഷിപ്പിക്കുന്നത്. അതുകൊണ്ട് പല സ്ഥലങ്ങളിലെ പലരീതിയിലുള്ള ലോക്ഡൗണുകള്‍ അറിഞ്ഞെന്നും ഉര്‍സുല. കഴിഞ്ഞ ഡിസംബറില്‍ അവസാനിക്കേണ്ട കാല്‍നടയാത്ര അവസാനിച്ചത് ആറുമാസം വൈകി ജൂണിലാണെന്ന് മാത്രം. 

തിരിച്ചെത്തിയ അന്ന് രാത്രി ശരിയായി ഉറങ്ങാന്‍ കഴിഞ്ഞില്ലെന്നും ഉര്‍സുല വെളിപ്പെടുത്തുന്നു. രാവിലെ എഴുന്നേറ്റ് ഇനി എവിടേക്കാണ് നടക്കേണ്ടതെന്ന് ചിന്തയിലായിരുന്നു താനെന്നും  യാത്ര തീര്‍ന്നപ്പോള്‍ ഏറെ നഷ്ടബോധം തോന്നുന്നു എന്നും ഉര്‍സുല. ഈ യാത്രയില്‍ ഉര്‍സുലയ്ക്ക് വേണ്ടിവന്നത് എട്ട് ബൂട്ടുകളാണ്

women

ഇത്തരത്തിലുള്ള യാത്രകള്‍ ഇനിയും തുടരാനാണ് ഉര്‍സുലയുടെ തീരുമാനം. വരുന്ന ജനുവരിയില്‍ അണ്ഡാശയ കാന്‍സര്‍ കണ്ടെത്തിയതിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ഇത്തരത്തിലുള്ള അടുത്ത ഒരു കാല്‍നട യാത്രക്ക് ഒരുങ്ങുകയാണ് ഉര്‍സുല ഇപ്പോള്‍.

Content Highlights: Ursula Martin completes 5,000-mile Ukraine to Wales walk