നസ്സിലായോ? കേരളത്തിലെത്തിയപ്പോൾ ആര് എന്ത് എപ്പോൾ പറഞ്ഞാലും അവസാനം ചോദിക്കുന്നത് ഇതായിരുന്നു, 'മനസ്സിലായോ?' അങ്ങനെ മലയാളം എന്ന് അല്ലാതെ ആദ്യമായി പഠിച്ചത് 'മനസ്സിലായോ' എന്ന വാക്കാണെന്നാണ് യു പി സ്വദേശിയായ ആർഷി സലിം പറയുന്നത്. ഇപ്പോൾ മലയാളം നന്നായി വഴങ്ങുക മാത്രമല്ല കോതമംഗലം നെല്ലിക്കുഴി ഗവ. സ്കൂളിലെ 15 അന്യസംസ്ഥാന കുട്ടികളെ മലയാളം പഠിപ്പിക്കുക കൂടി ചെയ്യുകയാണ് ആർഷി.

സമഗ്രശിക്ഷാ കേരളത്തിന്റെ (എസ്.എസ്.കെ) ക്ലാസിൽ മലയാളത്തോടൊപ്പം സയൻസും കണക്കുമെല്ലാം ആർഷി പഠിപ്പിക്കുന്നുണ്ട്. ഓൺലൈൻ പഠനം അന്യസംസ്ഥാന കുട്ടികൾക്ക് ബുദ്ധിമുട്ടായതോടെയാണ് ഇരുപത്തൊന്നുകാരി ആർഷിയെ എജ്യുക്കേഷൻ വൊളന്റിയറായി നിയമിച്ചത്.

13 വർഷം മുൻപാണ് ഉത്തർപ്രദേശിലെ സഹ്റഖ്പുരിൽ നിന്നും ആർഷിയുടെ പിതാവ് സലിം കേരളത്തിലെത്തിയത്. ഒരു വർഷത്തിന് ശേഷം കേരളം കാണിക്കാൻ കൊണ്ടുവന്ന കുടുംബത്തെ തിരികെ വിട്ടില്ല. ആർഷിയെയും സഹോദരങ്ങളെയും ഗവ.സ്കൂളിൽ ചേർത്തു. അങ്ങനെ നാലാം ക്ലാസിലാണ് ആർഷി മലയാളം പഠിക്കാൻ ആരംഭിച്ചത്. ചില്ലക്ഷരങ്ങളായിരുന്നു ആർഷിയെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ചത്. ഹിന്ദിയുമായി താരതമ്യം ചെയ്യുമ്പോൾ കടുകട്ടിയാണ് മലയാളമെന്നാണ് ആർഷിക്ക് പറയാനുള്ളത്. തുടക്കത്തിൽ ഏറെ ബുദ്ധിമുട്ടിയെങ്കിലും പിന്നീട് വാശിയോടെ മലയാളം പഠിക്കുകയായിരുന്നുവെന്നാണ് ആർഷിക്ക് പറയാനുള്ളത്.

മലയാളം 'മനസ്സിലാക്കി' പഠിച്ചു

മലയാളം പഠിക്കാൻ ഏറ്റവുമധികം സഹായിച്ചത് സുഹൃത്തുക്കളും അധ്യാപകരുമാണ്. കൂട്ടുകാരൊക്കെ എന്തെങ്കിലുമൊക്കെ പറഞ്ഞിട്ട് 'മനസ്സിലായോ' എന്ന് ചോദിക്കും. അങ്ങനെ 'മനസ്സിലായോ' എന്നാൽ എന്താണെന്നാണ് ആദ്യം അന്വേഷിച്ചത്. മലയാളം എന്ന വാക്ക് അല്ലാതെ ആദ്യമായി പഠിച്ചത് 'മനസ്സിലായോ' എന്നാണ്. ഇപ്പോൾ ക്ലാസെടുത്തിട്ട് ഞാൻ എപ്പോഴും 'മനസ്സിലായോ' എന്ന് കുട്ടികളോട് ചോദിക്കാറുണ്ട്. 

കോവിഡ് പഠനം തകർത്തു

പ്ലസ് ടു കഴിഞ്ഞതോടെ കൊവിഡ് വ്യാപനമുണ്ടായി. കൂടെ പഠിച്ചകുട്ടികളൊക്കെ ഇപ്പോൾ ഡിഗ്രിക്ക് രണ്ടാം വർഷം പഠിക്കുകയാണ്. പിതാവിന്റെ സാമ്പത്തിക സ്ഥിതി മോശമായതുകൊണ്ട് പ്ലസ് ടുവിൽ പഠനം അവസാനിപ്പിച്ചു. പിതാവിന് ജോലി ഇല്ലാതെ പട്ടിണിയിലായി. ചെലവെല്ലാം പഴയതുപോലെ തന്നെ നിൽക്കുമ്പോൾ വരവ് ഒന്നും ഇല്ല. അങ്ങനെ യു.പിയിലേക്ക് മടങ്ങാൻ ഒരുങ്ങുമ്പോഴാണ് കുട്ടികളെ പഠിപ്പിക്കാമോയെന്ന് ചോദിച്ച് വിളിയെത്തുന്നത്. അപ്പോൾ മറ്റൊന്നും ചിന്തിക്കാതെ ഏറ്റെടുക്കുകയായിരുന്നു. ചെറിയൊരു തുകയാണ് കിട്ടുന്നതെങ്കിലും ഇന്ന് അത് കുടുംബത്തിന് വലിയൊരു മുതൽക്കൂട്ടാണ്.

രണ്ട് സഹോദരിമാരും ഒരു കുഞ്ഞ് അനിയനുമാണ് ആർഷിക്കുള്ളത്. അനുജത്തിമാർ മലയാളം പഠിക്കുന്നുണ്ട്. അവരോട് മലയാളത്തിലാണ് സംസാരം. ഇപ്പോൾ കുട്ടികൾക്ക് ക്ലാസെടുക്കുന്നതോടൊപ്പം രാവിലെ കമ്പ്യൂട്ടർ പഠിക്കുകയും ചെയ്യുന്നുണ്ട്. ഈ ജോലി നഷ്ടപ്പെട്ടാൽ മറ്റൊരു ജോലി എത്രയും വേഗത്തിൽ നേടണമെന്നതാണ് ആഗ്രഹം. നാട്ടിൽ പിതാവ് കുറച്ച് സ്ഥലം വാങ്ങിയിട്ടുണ്ട്. അവിടെ ചെറിയൊരു വീടുണ്ടാക്കി നാട്ടിലേക്ക് തിരികെ പോകണമെന്നതാണ് ആർഷിയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം.

Content Highlights:UP girl teaches malayalam in Kothamangalam school for migrant childrens