ദുബായ്: ഒരു കുഞ്ഞുണ്ടായാല്‍ അച്ഛനമ്മമാര്‍ പേരുകളെപ്പറ്റിയുള്ള ഗവേഷണമായിരിക്കും ആദ്യം തുടങ്ങുക. ഒരുപേരിലും തൃപ്തിവരാത്ത ആളുകളുണ്ട്. ചിലര്‍ക്ക് മറ്റ് ഭാഷകളിലെ പേരിനോടായിരിക്കും ഇഷ്ടം. കൂടുതല്‍ പുതുമയുള്ള വിചിത്രമായ പേരുകള്‍ തപ്പിയിറങ്ങുന്നവരുമുണ്ട്. ഇതിനിടയില്‍ ഏറ്റവും ലളിതമായ പേരുകളിടാന്‍ ശ്രമിച്ച് അത് വിചിത്രമായിപ്പോയ കഥയാണിത്.

ഒരു പേരിലെന്തിരിക്കുന്നു എന്ന് ചോദിക്കുന്നതിന് മുന്‍പ് ഈ കഥയൊന്ന് വായിക്കണം. ഒരിടത്തൊരിടത്ത് ഒരു അച്ഛനുണ്ടായിരുന്നു. അദ്ദേഹം തന്റെ മക്കള്‍ക്കിട്ട പേര് ഇങ്ങനെയാണ്. സാം, സെയിം, സിം, സീം. അടുത്തൊരു കുഞ്ഞുണ്ടായാല്‍ സ്റ്റോപ്പ് എന്ന് പേരിടണമെന്നായിരുന്നു ആഗ്രഹം. എന്തിലും പുതുമ വേണമെന്ന് നിര്‍ബന്ധമായിരുന്നതുകൊണ്ടാണ് അദ്ദേഹം ഈ വിചിത്രപേരുകള്‍ മക്കള്‍ക്ക് സമ്മാനിച്ചത്. മക്കളില്‍ മാത്രമായി അത് ഒതുങ്ങിയുമില്ല. പേരക്കുട്ടികളിലും ഈ ശീലം തുടര്‍ന്നു. എറണാകുളം തൃപ്പൂണിത്തുറ സ്വദേശി സത്യപാലന്‍ (93) ആണ് ആ പിതാവ്. കെ.എസ്.ഇ.ബി. എന്‍ജിനിയറായിരുന്നു അദ്ദേഹം. ഭാര്യ: ശാന്തകുമാരി.

പേരിലെ വ്യത്യസ്തതകാരണം ധാരാളം വിചിത്രാനുഭവങ്ങളുമുണ്ടായിട്ടുണ്ട് ഈ മക്കള്‍ക്ക്. ഫിലിപ്പീന്‍സ് സ്വദേശികളാണെന്നു വരെ സംശയിച്ചവരുണ്ടെന്ന് സിമ്മിന്റെ മകള്‍ സ്വീഞ്ചല്‍ പറഞ്ഞു. സാമിനും ഭാര്യ ഉഷയ്ക്കും അഞ്ച് വര്‍ഷം കഴിഞ്ഞാണ് മകളുണ്ടാകുന്നത്. അതുകൊണ്ട് പേരിട്ടത് പ്രഷ്യസ്. സെയിമിനും ഭാര്യ രാജരാജേശ്വരിയ്ക്കും മൂന്ന് മക്കളാണ്. ഡോ. ഇനീഷ്യല്‍, നെയിം (എന്‍ജിനിയര്‍), നാം. സീമിനും ഭര്‍ത്താവ് ദിനേശനും ദില്‍സണ്‍ (എന്‍ജിനിയര്‍), ദില്‍ദില്‍ (എം.ബി.ബി.എസ് ഉക്രെയിന്‍) എന്നിങ്ങനെ രണ്ട് മക്കളാണ്. സിമ്മിന്റെ ശരിക്കുള്ള പേര് നീന്തുക എന്നര്‍ഥം വരുന്ന സ്വിം എന്നായിരുന്നു. എന്നാല്‍ സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ ഡബ്ല്യു വിട്ടുപോയി സിം എന്നായി. സിമ്മിനും ഭര്‍ത്താവ് ഉദയകുമാറിനും ഒരു മകളാണ്, പേര് സ്വീഞ്ചല്‍. ജനിച്ചപ്പോഴിട്ട പേര് ഊഞ്ഞാല്‍ എന്നായിരുന്നു. പിന്നീട് സിമ്മിന്റെ ആഗ്രഹപ്രകാരം സ്യൂഞ്ഞാല്‍ എന്നാക്കി. എന്നാലും അധ്യാപകര്‍ വിളിച്ചിരുന്നത് ഊഞ്ഞാല്‍ എന്നാണ്. പിന്നീടിപ്പോള്‍ വിളിക്കാനുള്ള എളുപ്പത്തിന് സ്വീഞ്ചലില്‍ എത്തിനില്‍ക്കുന്നു. ഭര്‍ത്താവ്  ഷൈജു രാജന്‍. മകള്‍  ദക്ഷ.

Content Highlights: Unusual and surprising names