ഇൻസ്റ്റ​ഗ്രാമിലെ തിളങ്ങുന്ന താരങ്ങളിലൊരാൾ, ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പങ്കാളി. വിശേഷണങ്ങളേറെയാണ് ജോർജിന റോഡ്രി​ഗസ് എന്ന ഇരുപത്തിയേഴുകാരിക്ക്. ഇന്നത്തെ ലക്ഷ്വറി ജീവിതത്തിലേക്കെല്ലാം എത്തിച്ചേരും മുമ്പ് തികച്ചും സാധാരണക്കാരിയായി കഴിഞ്ഞ കാലത്തേക്കുറിച്ച് പറയാനുണ്ട് ഈ സ്പാനിഷ്കാരിക്ക്. തികച്ചും സാധാരണ കുടുംബത്തിൽ ജനിച്ച ജോർജിന ഇന്നീ നിലയിൽ എത്തിച്ചേർന്നതിനു പിന്നിൽ‌ കഠിനാധ്വാനത്തിന്റെ കഥകളുമുണ്ട്. 

നോർത്തേൺ സ്പെയിനിലെ ജാക്കയിലായിരുന്നു ജോർജിനയുടെ ജനനം.  ഫുട്ബോൾ താരമായിരുന്ന ജോർജും അനയുമാണ് മാതാപിതാക്കൾ. കുട്ടിക്കാലം മുതൽക്കേ ജോർജിനയുടെ മനസ്സിൽ ബാലെ നർത്തകിയാവണമെന്നായിരുന്നു ആ​ഗ്രഹം. പക്ഷേ മകളെ നൃത്തം പഠിക്കാനുള്ള സാമ്പത്തിക ഭദ്രത ആ കുടുംബത്തിനുണ്ടായിരുന്നില്ല. കരിയറിൽ ആദ്യമായി ജോർജിന ചെയ്തത് വെയ്റ്ററ‌സ് ജോലിയാണ്. ധാരാളം പേർ താമസിക്കുന്ന ഒരു കുടുസ്സുമുറിയിലായിരുന്നു അന്ന് ജോർജിനയുടെ താമസം. വൈകാതെ ആ ജോലി മടുത്ത ജോർജിന മറ്റൊരു കടയിൽ ജോലിക്കു കയറി. ഇക്കാലമൊക്കെയും ലക്ഷ്വറി മേഖലയിൽ ജോലി ചെയ്യണമെന്നതായിരുന്നു ജോർജിയുടെ സ്വപ്നം. പക്ഷേ അതിന് ഇം​ഗ്ലീഷ് പഠിച്ചേ മതിയാകൂ എന്ന് ജോർജിന തിരിച്ചറിഞ്ഞു. 

അങ്ങനെ 2012ൽ പതിനേഴാം വയസ്സിൽ ജോർജിന ഇം​ഗ്ലണ്ടിലേക്ക് പറന്നു. ബ്രിസ്റ്റളിലെ ഒരു കുടുംബത്തിനെ വീട്ടുജോലികളിലും കുഞ്ഞിനെ പരിപാലിക്കുന്നതിലും സഹായിക്കുകയായിരുന്നു ജോലി. അവിടെ വച്ചാണ് ജോർജിന കൂടുതൽ ഇം​ഗ്ലീഷ് പഠനത്തിനായി സമയം കണ്ടെത്തിയത്. ഇം​ഗ്ലീഷ് മെച്ചപ്പെട്ടെന്നു തോന്നിയതോടെ ജോർജിന വീണ്ടും തിരിച്ച് സ്പെയിനിലേക്ക് പറക്കുകയും മാഡ്രിഡിലെ വൻകിട റീടെയിൽ രം​ഗത്ത് ജോലി ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു. ഒടുവിൽ 2016ൽ സ്വപ്നതുല്യമായ ജോലി ജോർജിന നേടിയെടുത്തു. ​പ്രമുഖ ലക്ഷ്വറി ബ്രാൻ‍ഡായ ​ഗൂചിയിൽ സെയിൽസ് ​ഗേളായാണ് ജോർജിനയ്ക്ക് ജോലി ലഭിച്ചത്. ഇവിടെ വച്ചാണ് പിന്നീട് താരം റൊണാൾ‍ഡോയെ കാണുന്നതും. 

georgina

‌ബ്രാൻ‍‍ഡിന്റെ പരിപാടികൾക്കിടെയാണ് ഇരുവരും കണ്ടിരുന്നത്. ഇരുവർ‌ക്കും ആദ്യകാഴ്ചയിൽ തന്നെ പരസ്പരം ഇഷ്ടമായി. ഏതാനും മാസങ്ങൾ ഇരുവരും ബന്ധം സ്വകാര്യമായി കാത്തുസൂക്ഷിച്ചെങ്കിലും വൈകാതെ വിവരം പാട്ടായി. റൊണാൾ‍ഡോയുടെ ആരാധകർ ജോർജിനയെ തേടി ഷോപ്പിൽ എത്തിത്തുടങ്ങി. ഇതോടെ ആരാധകരെ ഭയന്ന് അധികൃതർക്ക് ജോർജിനയെ പിരിച്ചുവിടേണ്ടി വന്നു. പിന്നീട് റൊണാൾഡോയുടെ ശുപാർശയോടെ ജോർജിനയ്ക്ക് മറ്റൊരു പ്രശസ്ത സ്പാനിഷ് സ്റ്റോറിൽ ജോലി ലഭിച്ചു. 

പക്ഷേ അവിടെയും റൊണാൾഡോയുമായുള്ള ബന്ധം പ്രശ്നമായി. ഉപഭോക്താക്കൾ ജോർജിനയ്ക്കൊപ്പം സെൽഫിയെടുക്കാനും മറ്റും നിറഞ്ഞതോടെ അവിടെ നിന്നും ജോർജിനയ്ക്ക് രാജിവെക്കേണ്ടി വന്നു. ആരാധകരിൽ പലരും സാധാനങ്ങൾ വാങ്ങാനെന്ന വ്യാജേന വന്ന് തന്നെ അന്വേഷിക്കുന്നത് തുടർന്നതോടെയാണ് ജോലി രാജി വെക്കാൻ തീരുമാനിച്ചതെന്ന് ജോർജിന പറഞ്ഞിട്ടുണ്ട്. വൈകാതെ ഇരുവരും ബന്ധം പരസ്യമാക്കാൻ തീരുമാനിക്കുകയും ഒന്നിച്ചു ജീവിച്ചു തുടങ്ങുകയും ചെയ്തു. 

ഇന്ന് നാലു മക്കളുടെ അമ്മ എന്ന ഉത്തരവാദിത്തവും ജോർജിനയ്ക്കുണ്ട്. റൊണാൾഡോയുടെ ആദ്യപുത്രന്റെ അമ്മയാരാണെന്ന് താരം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതൊരിക്കലും പുറത്തു പറയില്ലെന്നും മകൻ വലുതാകുമ്പോൾ അവനെ മാത്രം അറിയിക്കുമെന്നും താരം പറഞ്ഞിരുന്നു. 2017ൽ മറ്റു രണ്ടു കുഞ്ഞുങ്ങൾ കൂടി റൊണാൾഡോയ്ക്ക് ജനിച്ചു, അവർ വാടക ​ഗർഭപാത്രത്തിലൂടെ ജനിച്ചവരാണ്. അതേവർഷം നവംബറിൽ ജോർജിനയിൽ നാലാമതൊരു കുഞ്ഞും റൊണാൾഡോയ്ക്കുണ്ട്.  റൊണാൾഡോയുടെ ഭാര്യ എന്ന പദവിക്കപ്പുറം താരത്തിന്റെ സാമ്പത്തിക കാര്യങ്ങളിലെ പ്രധാന ഉത്തരവാദിത്തം ഇന്ന് ജോർജിനയാണ് കൈകാര്യം ചെയ്യുന്നത്.

Content Highlights:  untold truth of Cristiano Ronaldo’s partner georgina rodriguez