ബ്രിട്ടീഷ് വംശജയായ മുപ്പത്തേഴുകാരി സ്റ്റെഫാനി നസെല്ലോയുടെ ജീവിതം മാറി മറിഞ്ഞത് അന്നാണ്, മൂന്നാം വയസ്സില്‍ സമ്മാനമായി ഒരു കുഞ്ഞു കുതിരയുടെ പാവ സമ്മാനമായി കിട്ടിയപ്പോള്‍ മുതല്‍. സ്‌കൂളില്‍ അത്ര മിടുക്കിയല്ലാത്തതിനാല്‍ സഹപാഠികളുടെ നിരന്തരമായ കളിയാക്കലിന് ഇരായായിരുന്നു സ്റ്റെഫാനി. അതോടെ സ്‌റ്റെഫാനിയുടെ സുഹൃത്ത് ഈ പാവക്കുതിരയായി. അന്നുമുതല്‍ പാവക്കുതിരകളെ ശേഖരിക്കലായി സ്റ്റെഫാനിയുടെ വിനോദം. 4500 പാവകളെയാണ് സ്റ്റെഫാനി ശേഖരിച്ചത്. അതായത് 30,000 പൗണ്ട് വിലമതിക്കുന്ന പാവകള്‍, ഇന്ത്യന്‍ നിരക്കില്‍ ഇരുപത്തിരണ്ട് ലക്ഷം വരും പാവകളുടെ മൂല്യം. ഇത് മാത്രമല്ല രസകരം. സ്റ്റെഫാനി ഈ പാവകളെ മറിച്ചു വില്‍ക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ 58 ലക്ഷം രൂപ വരും ഇവയുടെ വില. വിപണിയില്‍ ഇന്ന് ലഭ്യമല്ലാത്ത പാവക്കുതിരകള്‍ വരെ സ്റ്റെഫാനിയുടെ ഈ ശേഖരത്തില്‍ ഉണ്ടെന്നതാണ് ഇതിന് പിന്നില്‍.

facebook.com/theponyroom

പാവകള്‍ പലതും 1980 കളിലെ അതേ ബോക്‌സുകളില്‍ തുറക്കുകപോലും ചെയ്യാതെയാണ് സൂക്ഷിച്ചിരിക്കുന്നത്. തന്റെ പാവകളെ സൂക്ഷിക്കാനായി ഒരു മുറിയും സ്റ്റെഫാനി വീട്ടില്‍ ഒരുക്കിയിരുന്നു. 13 അലമാരകളിലായാണ് ഈ പാവശേഖരത്തെ സൂക്ഷിച്ചിരിക്കുന്നത്. 

മെട്രോ യു.കെയുടെ റിപ്പോര്‍ട്ടനുസരിച്ച് സ്‌റ്റെഫാനിക്ക് തന്റെ എല്ലാ പാവകളോടും വലിയ പ്രിയമാണ്. എങ്കിലും ഡയമണ്ട് ഡ്രീംസ്, പെപ്പര്‍മിന്റ് ക്രഞ്ച് എന്നിവയോട് അല്‍പം ഇഷ്ടം കൂടുതലുണ്ട് അവര്‍ക്ക്. ഏറ്റവും വിലയേറിയത് 450 ഡോളര്‍ വിലയുള്ള ഗ്രീക്ക് മിന്റ് കുതിര പാവയാണ്. 

facebook.com/theponyroom

'ഈ ഇടം വലിയ മാന്ത്രികശക്തിയുള്ള സ്ഥലമാണ്. ദുഃഖത്തോടെ ഒരിക്കലും നിങ്ങള്‍ക്ക് ഈ മുറിയില്‍ നടക്കാനാവില്ല. മഴവില്ലിന് താഴെ നിധിയുണ്ടെന്ന് കരുതി അത് തേടിപ്പോവില്ലേ, അതുപോലെയാണ് ഈ മുറി. ഇതിനുള്ളില്‍ നിറയെ മഴവില്ലുകളും നിധിയുമാണ്.' സ്‌റ്റെഫാനി പറയുന്നു. 

തന്റ  പാവകളുടെ ശേഖരം ഇനിയും വളര്‍ത്താനാണ് സ്റ്റെഫാനിയുടെ തീരുമാനം. പാവക്കടകള്‍, സെക്കന്‍ഡ്ഹാന്‍ഡ് ഷോപ്പുകള്‍, ഓണ്‍ലൈന്‍... ഇങ്ങനെ എവിടെ നിന്നും സ്‌റ്റെഫാനി തനിക്കിഷ്ടമുള്ള പാവക്കുതിരകളെ കണ്ടെത്തും. ദി പോണി റൂം എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും അക്കൗണ്ടുകളും സ്റ്റെഫാനി തുടങ്ങിയിട്ടുണ്ട്. സ്റ്റെഫാനിയുടെ പാവകളെ കുറിച്ചുള്ള വിശേഷങ്ങളറിയാന്‍ നിരവധിപ്പേര്‍ ഈ അക്കൗണ്ടുകളിലെത്താറുണ്ട്.

Content Highlights: U.K Woman has a collection of 4,500 toy horses worth an estimated 58,000 Pound