ഡെനിസ് മേഷ്സിഡേസും മരിയ കാസ്റ്റെലനോസും.. ഫാഷൻ പ്രേമികൾക്ക് പരിചിതമായിരിക്കും ഈ രണ്ട് പെൺസുഹൃത്തുക്കളുടെ പേരുകൾ. സ്റ്റൈൽ നോട്ട് സൈസ്( #StyleNotSize) എന്ന ചലഞ്ചുമായാണ് ഇവർ ഫാഷൻ രംഗത്തേയ്ക്ക് കടന്നു കയറിയത്.

ടിക്ടോക്‌, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, ട്വിറ്റർ എല്ലായിടത്തും ഇവരുടെ ചിത്രങ്ങൾ വൈറലാണ്. സോഷ്യൽ മീഡിയയിലെ സ്റ്റൈൽ ഇൻഫ്ളുവൻസർമാരാണ് ഡെനിസും മരിയയും ഇപ്പോൾ. രണ്ട് തരം ബോഡിടൈപ്പിലുള്ള ഇരുവരും മാച്ചിങ് ഡ്രെസ്സുകളാണ് ധരിക്കുക. എങ്ങനെയുള്ള ശരീരമായാലും എല്ലാവസ്ത്രവും അണിയാം എന്ന് ലോകത്തോട് പറയുകയാണ് കൂടിയാണ് ഈ കൂട്ടുകാർ. ഡെനിസ് തുടങ്ങിയ ഇവരുടെ ഇൻസ്റ്റഗ്രാമിന് ഒരു മില്യൺ ഫോളോവേഴ്സുണ്ട്.

തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ആരെയും അമ്പരിപ്പിക്കുന്ന കോസ്റ്റിയൂമിലുള്ള ചിത്രങ്ങളാണ് ഇവർ പോസ്റ്റ് ചെയ്യുന്നത്. പ്ലസ് സൈസുള്ള ഡെനിസിനും മെലിഞ്ഞ മരിയക്കും ഒരേ തരം ഡ്രസ്സുകൾ. അതും ക്രോപ്പ് ടോപ്പ്, ഹൈ വെയ്സ്റ്റഡ് ജീൻസ്, ബോഡി കോൺ ഡ്രെസ്സ്, സ്വിംസ്യൂട്ട്... അങ്ങനെ നമ്മളെ സുന്ദരിയാക്കുമെന്ന് തോന്നുന്ന എന്ത് വസ്ത്രവും ധരിക്കാമെന്ന് ഇവർ കാണിച്ചുതരുകയാണ്.

2019 ലാണ് സ്റ്റൈൽ നോട്ട് സൈസ് എന്ന ഹാഷ്ടാഗിൽ ഇരുവരും ബിക്കിനി ധരിച്ചു നിൽക്കുന്ന ആദ്യ ഫോട്ടോ പോസ്റ്റ് ചെയ്തത്. ധാരാളം സ്ത്രീകൾ ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ബോഡി പോസിറ്റിവിറ്റിയെ പറ്റി സംസാരിക്കാൻ തയ്യാറായി. ഇതോടെയാണ് ഒരു ചലഞ്ചാക്കാൻ തീരുമാനിച്ചത്.

'നിങ്ങളെ സന്തോഷിപ്പിക്കുന്ന വസ്ത്രം ധരിക്കൂ, നിങ്ങളുടെ ശരീരത്തെ സ്നേഹിക്കൂ, അതിനെ മറ്റുള്ളവരുടേതുമായി താരതമ്യം ചെയ്യുന്നത് അവസാനിപ്പിക്കൂ, നിങ്ങളുടെ ശരീരത്തിൽ ആത്മവിശ്വാസം കണ്ടെത്തി സ്വയം പ്രകാശിക്കൂ..' എന്നാണ് ഡെനിസും മരിയയയും നൽകുന്ന സന്ദേശം.

Content Highlights:Two friends show how style the same outfit on their different body types