ധരിക്കുന്ന വസ്ത്രങ്ങളുടെ പേരിൽ സമൂഹമാധ്യമത്തിലൂടെ വിമർശനങ്ങൾക്കിരയാകുന്ന നിരവധി പേരുണ്ട്. അതിൽ സാധാരണക്കാരെന്നോ സെലിബ്രിറ്റികളെന്നോ വ്യത്യാസമില്ല. അടുത്തിടെയാണ് നടി അനശ്വര രാജനെതിരെ കാലുകൾ പ്രദർശിപ്പിക്കുന്ന വസ്ത്രം ധരിച്ചതിന്റെ പേരിൽ സമൂഹാധ്യമം വിചാരണ ചെയ്തത്. ഇപ്പോഴിതാ ഹിന്ദി സീരിയൽ താരവും മോഡലുമായ ഡൊനാൽ ബിഷ്ടും സമാന അനുഭവത്തിലൂടെ കടന്നുപോയിരിക്കുകയാണ്. ബിക്കിനി ധരിച്ച ചിത്രം പങ്കുവച്ചതിന്റെ പേരിലാണ് ഡൊനാൽ പരിഹാസങ്ങൾക്ക് പാത്രമായത്.
ചിത്രത്തിന് കീഴെ അശ്ലീല കമന്റുകളും ക്രൂരവിമർശനങ്ങളും ഉയർന്നതോടെ പ്രതികരണവുമായി താരം രംഗത്തെത്തുകയും ചെയ്തു. വസ്ത്രങ്ങൾക്ക് ഒരു സ്ത്രീയുടെ സ്വഭാവത്തെ നിർവചിക്കാനാവില്ല, വസ്ത്രം നോക്കി ഒരു സ്ത്രീയെയും വിലയിരുത്തരുത്, ഹൃദയം കൊണ്ടാണ് അവളെ വിലയിരുത്തേണ്ടത്- ഡൊനാൽ പറയുന്നു. തന്റെ ചിത്രത്തിന് കീഴെ അശ്ലീല കമന്റുകൾ കുറിക്കുന്നത് അവരുടെ മാനസികാവസ്ഥയുടെ പ്രതിഫലനമാണ്. സ്ത്രീകൾക്ക് അവർ ആഗ്രഹിക്കുന്ന വസ്ത്രം, സൗകര്യപ്രദമായ വസ്ത്രം വിലയിരുത്തുകളെ നേരിടാതെ ധരിക്കാൻ കഴിയണം. ഈ ഗ്രഹത്തിൽ ബിക്കിനി ധരിക്കുന്ന ആദ്യത്തെ വ്യക്തി താനല്ല, പിന്നെന്തുകൊണ്ടാണ് ഇതിത്ര വലിയ പ്രശ്നമാക്കുന്നതെന്നും ഡൊനാൽ ചോദിക്കുന്നു.
ഇത്തരം വിമർശനങ്ങൾ തന്റെ കുടുംബത്തെയും ബാധിക്കുന്നുണ്ടെന്ന് ഡൊനാൽ. മോശം കമന്റുകൾ കണ്ട് അസ്വസ്ഥമായ അമ്മ ആ ചിത്രം മാറ്റാൻ പറയാറുണ്ട്. ഈ പ്രൊഫഷനിൽ നിൽക്കുന്നത് കൊണ്ട് ഞങ്ങൾക്ക് യാഥാർഥ്യം എന്താണെന്ന് അറിയാം. എന്നാൽ ഞങ്ങളോട് അടുപ്പമുള്ളവർക്ക് ഇതേക്കുറിച്ചൊന്നും അറിയില്ല, അവർ ഇത്തരം കമന്റുകൾ കാണുമ്പോൾ ഭയപ്പെടുന്നു- ഡൊനാൽ പറഞ്ഞു.
പലപ്പോഴും താൻ ഇത്തരം കമന്റുകളെ അവഗണിക്കുകയാണ് പതിവെന്നും എന്നാൽ ഇതുപോലെ കാര്യങ്ങൾ അതിരുവിടുന്ന ഘട്ടങ്ങളിൽ പ്രതികരിക്കാതിരിക്കാനാവില്ലെന്നും ഡൊനാൽ. കാര്യങ്ങൾ വിചാരിച്ചതുപോലെ നീങ്ങിയില്ലെങ്കിൽ സൈബർ സെല്ലിൽ പരാതി നൽകിയേക്കാമെന്നും താരം പറയുന്നു. ഒരു ദേശീയ മാധ്യമത്തോടു പ്രതികരിക്കവേയാണ് ഡൊനാൽ ഇക്കാര്യങ്ങൾ പറഞ്ഞത്.
Content Highlights: TV Actress Donal Bisht On Online Trolling Of Her Swimsuit Pics