സോഷ്യൽ മീഡിയ വഴിയുള്ള അധിക്ഷേപങ്ങളും ബോഡിഷെയ്മിങ്ങും നേരിടേണ്ടി വരുന്ന സ്ത്രീകൾ ഏറെയുണ്ട്. അതിൽ താരങ്ങളെന്നോ, സാധാരണക്കാരെന്നോ വിവേചനങ്ങളൊന്നുമില്ല. ചിലരൊക്കെ ഇത് നിശബ്ദമായി സഹിക്കുമെങ്കിലും നല്ല മറുപടി നൽകുന്നവരുമുണ്ട്. മുൻ ഒളിംപിക് താരവും സ്കീയിങ് താരവുമായ ലിൻഡ്സി വോൺ താൻ നേരിടേണ്ടി വന്ന ബോഡി ഷേയ്മിങ്ങിനെതിരേ ബിക്കിനിയണിഞ്ഞ ചിത്രം പോസ്റ്റ് ചെയ്താണ് മറുപടി നൽകിയിരിക്കുന്നത്.

ലിൻഡ്സി തന്റെ 36-ാം പിറന്നാൾ ആഘോഷിക്കാനായി നടത്തിയ യാത്രയുടെ ഭാഗമായെടുത്ത ചിത്രങ്ങളാണ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 59,000 പേരാണ് ലിൻഡ്സിയെ പിന്തുണച്ച് ഫെയ്സ്ബുക്കിൽ രംഗത്തെത്തിയത്.

'ഞാൻ കുറച്ച് സ്വിംസ്യൂട്ട് ചിത്രങ്ങൾ മുമ്പ് പോസ്റ്റ് ചെയ്തിരുന്നു. ഒരു കായികതാരമെന്ന നിലയിൽ എന്റെ മനസ്സിനെയും ശരീരത്തെയും കീറിമുറിക്കുന്ന തരത്തിലുള്ള കമന്റുകളാണ് അതിന് വന്നത്. ഞാൻ ഒരു സാധാരണ മനുഷ്യനാണ്. ചിലപ്പോൾ എന്റെ ഉദരചർമത്തിൽ മടക്കുകൾ വീഴും, തുടകളിൽ സെല്ലുലൈറ്റ് ഉണ്ടാകും ചുളിവുകൾ വീഴും, സ്വിംസ്യൂട്ട് ടോപ്പിൽ ഞാൻ ഫിറ്റായിരിക്കില്ല. പക്ഷേ ഞാൻ എപ്പോഴും ഓർക്കും, ഈ ശരീരം മുമ്പ് എന്റെ വിജയങ്ങളിൽ എന്നെ എത്ര സഹായിച്ചതാണെന്ന്. ഞാൻ എത്ര ബലമുള്ള സ്ത്രീയാണ് എന്ന് എന്നെ ഓർമപ്പെടുത്തും. ഞാൻ സൈസ് സീറോയല്ല, പക്ഷേ അത് എന്നെ അലോസരപ്പെടുത്തുന്ന കാര്യമല്ല. ഒരു കാര്യം ഞാൻ ഈ ചിത്രങ്ങൾ കാണുന്നവർക്ക് ഉറപ്പു തരുന്നു. ഫോട്ടോഷോപ്പ് ചെയ്തവയല്ല എന്റെ ചിത്രങ്ങൾ. സൗന്ദര്യം വർധിപ്പിക്കാനായി പ്ലാസ്റ്റിക് സർജറിയോ, ബൊട്ടോക്സോ, ഫില്ലറുകളോ, മിനി സർജറികളോ ഒന്നും ചെയ്തിട്ടില്ല. ഒന്നും. 100 ശതമാനം ഞാൻ ഞാനാണ്, 100 ശതമാനം ലിൻഡ്സി. ആരെങ്കിലും സ്വന്തം രൂപത്തെ പറ്റി അപകർഷത അനുഭവിക്കുന്നുണ്ടെങ്കിൽ എനിക്കൊന്നേ പറയാനുള്ളൂ, നിങ്ങൾ ആരോഗ്യത്തോടെ, കരുത്തോടെയിരിക്കൂ, നിങ്ങളെ വെറുക്കുന്നവർ എന്തുതന്നെ പറഞ്ഞാലും സ്വയം സ്നേഹിക്കൂ.... എനിക്കൊപ്പം നിന്ന് എന്നെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി. ബോഡി പോസിറ്റിവിറ്റിയുടെ സംസ്കാരം നമ്മളിൽ വളരട്ടെ.' ലിൻഡ്സി തന്റെ ചിത്രങ്ങൾക്കൊപ്പം കുറിക്കുന്നത് ഇങ്ങനെയാണ്.

യൂറോപ്യൻ കമ്മീഷന്റെ ഒരു പഠനമനുസരിച്ച് യൂറോപ്യൻ യൂണിയനിലുള്ള രാജ്യങ്ങളിൽ പത്തിൽ ഒരു സ്ത്രീ ഇത്തരം ഓൺലൈൻ അധിക്ഷേപങ്ങൾക്ക് ഇരയാകുന്നതായാണ് കണക്കുകൾ.

Content Highlights:Trolls Verbally Attack This Athlete She Responds With Swimsuit Pics