ഫോട്ടോകള്‍ അല്‍പം മനോഹരമാക്കുന്നതിന് എഡിറ്റ് ചെയ്യുന്നവരുണ്ട്. ചിലതൊക്കെ യഥാര്‍ഥ ഫോട്ടോകളെ കടത്തിവെട്ടുന്ന മാറ്റമായിരിക്കും സംഭവിച്ചിട്ടുണ്ടാവുക. അത്തരത്തിലൊന്ന് ഇപ്പോള്‍ സംഭവിച്ചിരിക്കുകയാണ് ബോളിവുഡ് സുന്ദരി കരീന കപൂറിന്. 

ഒരു പരസ്യത്തിനു വേണ്ടി കൃത്രിമമായി മസിലുകള്‍ സൃഷ്ടിച്ചതിന്റെ പേരില്‍ കാര്‍ത്തിക് ആര്യനും കൂടുതല്‍ വെളുപ്പിച്ച ചിത്രത്തിന്റെ പേരില്‍ സ്മൃതി മന്ദാനയും ട്രോളുകള്‍ക്ക് ഇരയായി അധികമാവുന്നതിനു മുമ്പാണ് കരീനയും അത്തരമൊരു വിമര്‍ശനത്തിന് ഇരയാവുന്നത്. ഒരു ഫാഷന്‍ മാഗസിനു വേണ്ടി പോസ് ചെയ്ത കരീനയുടെ ഫോട്ടോയാണ് എഡിറ്റ് ചെയ്ത് ഒരു വഴിക്കാക്കിയത്. 

ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച കരീനയുടെ ചിത്രം ഒരിക്കല്‍ക്കൂടി നോക്കിയ ആരാധകരാണ് പിഴവ് കണ്ടെത്തിയത്. കരീനയുടെ കാലുകളുടെ വണ്ണം കുറച്ച് മനോഹരമാക്കിയതിനൊപ്പം കാല്‍മുട്ട് കൂടി അപ്രത്യക്ഷമാക്കിയിട്ടുണ്ട്. ഒറ്റനോട്ടത്തില്‍ ഒരു പ്രതിമ നില്‍ക്കുന്നതു പോലെയുണ്ടെന്ന് ചിലര്‍ കമന്റ് ചെയ്‌തെങ്കില്‍ മറ്റു ചിലര്‍ പറഞ്ഞത് കാലുകളുടെ യഥാര്‍ഥ രൂപമറിയാന്‍ ചിത്രത്തിലെ നിഴല്‍ നോക്കിയാല്‍ മതിയെന്നാണ്. 

സുന്ദരിയായ കരീനയെ എഡിറ്റ് ചെയ്ത് ഇങ്ങനെ ആക്കേണ്ടിയിരുന്നില്ലെന്നും എഡിറ്റ് ചെയ്യുകയാണെങ്കില്‍ പുറകിലുള്ള നിഴല്‍ കൂടി എഡിറ്റ് ചെയ്യണമായിരുന്നുവെന്നും പറഞ്ഞവരുണ്ട്. 

മുമ്പ് നടി പ്രിയങ്ക ചോപ്രയും ഇത്തരം വിമര്‍ശനങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. അന്ന് യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാക്‌സിം എന്ന മാഗസിനില്‍ വന്ന പ്രിയങ്കയുടെ ചിത്രമാണ് വിവാദമായത്. ചിത്രം ഫോട്ടോഷോപ്പ് ചെയ്യുന്നതിനിടെ താരത്തിന്റെ കക്ഷം കൂടുതല്‍ മനോഹരമാക്കാനായി വെളുപ്പിച്ച് നല്‍കുകയായിരുന്നു, എന്നാല്‍ ഒറ്റനോട്ടത്തില്‍ തന്നെ കൃത്രിമത്വം വ്യക്തമാകുന്ന ഫോട്ടോ ആയിരുന്നു അത്.

Content Highlights: Trolls on Edited Pic Of Kareena