യുഗാന്തരങ്ങള്‍ക്കുമുമ്പ് പ്രവാചകന്‍ ഇബ്രാഹിമിന്റെ പത്‌നി ഹാജറ എന്ന എത്യോപ്യന്‍ അടിമസ്ത്രീ ഒരു നെട്ടോട്ടമോടി, തന്റേതായ ഒരു സ്വകാര്യദുഃഖവുമായി മക്കയിലെ സഫാ മര്‍വാ കുന്നുകള്‍ക്കിടയില്‍. ദാഹിച്ചുവലയുന്ന തന്റെ പിഞ്ചോമനപ്പൈതലിന് ഒരുതുള്ളി വെള്ളത്തിനുവേണ്ടിയായിരുന്നു ആ നെട്ടോട്ടം. ദൈവം അവിടെ സ്വയം ഇടപെട്ടു. ആ കല്ല് ഭൂമികയില്‍ കാരുണ്യത്തിന്റെ നീരുറവ പൊട്ടിയൊഴുകി. സംസം എന്ന തീര്‍ഥജലം. ഹാജറയുടെ അന്നത്തെ കുതിപ്പും കിതപ്പും ചരിത്രത്തില്‍ ഒരു ഉപാസനയായി സ്ഥലംപിടിക്കുകയും ചെയ്തു.
വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യാരാജ്യത്ത് സമാനമായ ചില സ്വകാര്യദുഃഖങ്ങളുമായി മര്‍ദിതയായ ഒരു മുസ്ലിം വനിത കോടതികള്‍ കയറിയിറങ്ങി, മുത്തലാഖ് എന്ന ഒരു പ്രമാണാബദ്ധം കശക്കിയെറിഞ്ഞ തന്റെ ജീവിതത്തിന്റെ മുറിപ്പാടുമായി. അവസാനം അവിടെയുമുണ്ടായി ദൈവത്തിന്റെ ഒരു സ്വയം ഇടപെടല്‍. അവര്‍ക്കുവേണ്ടി 2017 ഓഗസ്റ്റ് 22-ന് സുപ്രീംകോടതിയില്‍ മറ്റൊരു നീരുറവ പൊട്ടിയൊഴുകി, മുത്തലാഖ് ഇന്ത്യന്‍ ഭരണഘടനയിലെ മനുഷ്യാവകാശങ്ങള്‍ക്ക് വിപരീതമാണെന്ന വിധി പുറപ്പെടുവിച്ചുകൊണ്ട്. അങ്ങനെ മുത്തലാഖ് മുമ്പേ നിരോധിച്ച രാജ്യങ്ങളോടൊപ്പം ഇന്ത്യയും ഒത്തുചേര്‍ന്നു. സമാനമായ ദുഃഖംപേറുന്ന മറ്റു നാലു മുസ്ലിം വനിതകള്‍കൂടി ശായറാബാനോവിനൊപ്പം കേസില്‍ കക്ഷിചേര്‍ന്നിരുന്നു. മുസ്ലിം സ്ത്രീസ്വത്വത്തിന് സ്വന്തമായി പൊരുതിനേടിയെടുക്കാനായ ഏറ്റവും മുന്തിയ വിജയമായിരുന്നു അത്.
ഇന്നോളം ഇന്ത്യയില്‍ ഒരു മുസ്ലിം പെണ്ണിനും എത്തിപ്പിടിക്കാനായിട്ടില്ലാത്ത വിജയം. ആരോരുമില്ലാത്തവര്‍ക്ക് ദൈവംതുണ എന്ന തത്ത്വമാണിവിടെ മുസ്ലിം സമുദായത്തെ കണ്ണുതുറപ്പിക്കേണ്ടത്. മുത്തലാഖ് എന്നത് മുസ്ലിം വ്യക്തിനിയമത്തില്‍ കടന്നുകൂടിയ ഒരു അബദ്ധമാണെന്ന് തിരിച്ചറിയാത്തവര്‍ മുസ്ലിങ്ങളില്‍ കൂടുതലൊന്നുമുണ്ടാവില്ല. പക്ഷേ, മതപൗരോഹിത്യത്തിന് ആ വിഷയത്തില്‍ ഐക്യപ്പെടാനായില്ല എന്നുമാത്രം. കേരളത്തിലെ നവോത്ഥാന മുസ്ലിം സംരംഭങ്ങള്‍ ഇസ്ലാമിക ശരീഅത്തിന്റെ വീക്ഷണത്തില്‍ എന്നോ തള്ളിക്കളഞ്ഞതാണത്. അതുകൊണ്ടുതന്നെ അവരെ സംബന്ധിച്ച് സുപ്രീംകോടതി വിധികേട്ട് ഞെട്ടിത്തരിക്കാനോ പൊട്ടിക്കരയാനോ ഒന്നുമുണ്ടാവില്ല. വരുംകാലങ്ങളില്‍ ഉണ്ടാവേണ്ട ബദല്‍സംവിധാനങ്ങള്‍ എന്തായിരിക്കും എന്നതിലേ അവര്‍ക്ക് ആശങ്കയുള്ളൂ.
അവള്‍ മാറിക്കഴിഞ്ഞു
മുസ്ലിം മതനേതൃത്വം പിടിവാശിവിട്ട് മനസ്സുവെച്ചാല്‍ അതിനും പരിഹാരമുണ്ടാക്കാവുന്നതേയുള്ളൂ. ഇസ്ലാമിക ശരീഅത്തിലെ തലാഖുമായി ബന്ധപ്പെട്ട വിധിവിലക്കുകള്‍ നടപ്പില്‍വരുത്താന്‍ ഭരണകൂടങ്ങളുമായി സഹകരിച്ച് മുന്നോട്ടുപോവുക എന്നതാണ് പക്വത. മറിച്ച് മാറിനിന്നാല്‍ നഷ്ടം സമുദായത്തിനുതന്നെയായിരിക്കും. താനിരിക്കേണ്ടിടത്ത് താനിരിക്കാത്തതുകൊണ്ടാണല്ലോ അവിടെ അനര്‍ഹര്‍ കയറിയിരിക്കുന്നത്.
മറ്റു മുസ്ലിം രാഷ്ട്രങ്ങളിലെല്ലാം മുത്തലാഖ് വളരെപ്പണ്ടേ നിരോധിച്ചിട്ടും ഇവിടെ അതിനായി നൂറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടിവന്നു. അതിനിടയ്ക്ക് മുത്തലാഖില്‍പ്പെട്ട് ജീവിതം ദുരന്തകഥയായിമാറിയ ഒരുപാട് പെണ്‍ജന്മങ്ങള്‍ ഇവിടെ ജീവിച്ചുമരിച്ചു. ഇതിന്റെയെല്ലാം പാപക്കറയില്‍നിന്ന് സമുദായത്തിന് എങ്ങനെ മാറിനില്‍ക്കാനാവും, ആരെത്ര നിഷേധിച്ചാലും.
മുത്തലാഖിന്റെ ഇരകള്‍ നവോത്ഥാനകേരളത്തില്‍വരെ ഇന്നും ജീവിച്ചിരിപ്പുണ്ട്. കാലം ഇന്ന് പഴയതുപോലല്ല. പൗരോഹിത്യവും ഭരണാധികാരവും ഒരുക്കിക്കൊടുക്കുന്ന വളയത്തിനുള്ളില്‍ മാത്രം ചാടാന്‍ പഠിപ്പിക്കപ്പെട്ടവളല്ല ഇന്ന് മുസ്ലിം പെണ്ണ്. കണ്ണില്‍ ചാട്ടയെ പേടിക്കുന്ന നിശ്ശബ്ദതയും ഇന്നവള്‍ക്കില്ല. വേണമെങ്കില്‍ വളയത്തിനപ്പുറം ചാടാനും അവള്‍ പഠിച്ചുകഴിഞ്ഞു. സൈബര്‍യുഗം അത്രകണ്ട് അവള്‍ക്കുമുമ്പില്‍ സൗഹൃദങ്ങളുടെ വാതിലുകള്‍ തുറന്നുവയ്ക്കുന്നുമുണ്ട്. കൂടുതലും അതിരുകളില്ലാത്തവ.
അതുകൊണ്ടുതന്നെ ദിശതെറ്റിയ ഈ ചാട്ടത്തില്‍ ശരീഅത്തിനെ എന്നുമാത്രമല്ല, ധാര്‍മികതയെയും പൊക്കിള്‍ക്കൊടി, അമ്മിഞ്ഞപ്പാല്‍ ബന്ധങ്ങളെവരെ പറിച്ചെറിയുകയാണവള്‍. ഇവിടെ തോല്പിക്കപ്പെടുന്നത് പുരുഷനല്ലാതെ മറ്റാരാണ്?
(എഴുത്തുകാരിയും പ്രഭാഷകയും അധ്യാപികയുമായ ലേഖിക 'നവോത്ഥാനം ഒരു സ്ത്രീവായന' എന്ന പുസ്തകത്തിന്റെ രചയിതാവുകൂടിയാണ്)