ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ്, ഡോക്ടര്‍, ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളൂവന്‍സര്‍ പദവികള്‍ പലതുണ്ടെങ്കിലും ഞാന്‍ എന്നും എപ്പോഴും ഒരു സ്ത്രീ തന്നെയായിരിക്കും. ഉറച്ചശബ്ദത്തോടെ ഈ വാക്കുകള്‍ പറയുന്നത് ട്രാന്‍സ്‌ജെന്‍ഡറായ ത്രിനേത്ര ഹല്‍ദാര്‍ ഗുമ്മരാജു ആണ്. 

ട്രാന്‍സ്‌ജെന്‍ഡറായ ആളുകള്‍ അനുഭവിക്കുന്ന വേദനകള്‍ പലപ്പോഴും മാധ്യമങ്ങളിലൂടെ വാര്‍ത്തകളായും ഫീച്ചറുകളായും പുറത്ത് വരാറുണ്ട്. തന്റെ അസ്തിത്വം തേടിയുള്ള യാത്രകള്‍ക്കിടയില്‍ അവര്‍ക്ക് പലപ്പോഴും സ്വന്തബന്ധങ്ങള്‍ നഷ്ടപ്പെടും. കല്ലുമുള്ളും നിറഞ്ഞതായിരിക്കും യാത്രാവഴികള്‍. എന്നാല്‍, അതിനെയൊക്കെ അതിജീവിച്ച് തന്റെ വ്യക്തിത്വം കണ്ടെത്തിക്കഴിയുമ്പോഴാണ് അവരുടെ യാത്ര പൂര്‍ത്തിയാകുന്നത്. എന്നാല്‍, അവിടം കൊണ്ടുംതീരുന്നതല്ല അവരുടെ വേദനകള്‍. ബന്ധുക്കള്‍ക്കിടയിലും സമൂഹത്തിനിടയിലും നിലയുറപ്പിക്കാന്‍ അവര്‍ക്ക് പോരാടേണ്ടി വരുന്നു. 

തന്റെ ജീവിതത്തില്‍ നേരിട്ട വേദനപ്പിക്കുന്ന അനുഭവങ്ങളും അതിനെ അതിജീവിച്ച കഥയും പങ്കുവയ്ക്കുകയാണ് ത്രിനേത്ര. നാലാമത്തെ വയസ്സുമുതല്‍ താന്‍ അധിക്ഷേപങ്ങള്‍ക്ക് ഇരയായി തുടങ്ങിയതായി അവള്‍ ഓര്‍ത്തെടുത്തു. അവളെ ഒരു ആണ്‍കുട്ടിയായി കാണാനായിരുന്നു അവളുടെ മാതാപിതാക്കള്‍ ആഗ്രഹിച്ചത്. അവളേക്കാള്‍ പ്രായം കൂടിയ ആണ്‍കുട്ടികള്‍ അവളെ പീഡിപ്പിച്ചു. സ്‌കൂളിലെ അധ്യാപകര്‍ അവളെ അപമാനിച്ചു. അവളില്‍ കൂടുതല്‍ പുരുഷ സ്വാധീനങ്ങള്‍ക്കു വിധേയമാക്കാന്‍ ഒരു മനഃശാസ്ത്രജ്ഞന്‍ അവളുടെ മാതാപിതാക്കളെ ഉപദേശിച്ചു. ഇങ്ങനെ ത്രിനേത്ര കടന്നുപോകാത്ത ദുരനുഭവങ്ങളില്ല. എന്നാല്‍, 24-ാം വയസ്സില്‍ എത്തി നില്‍ക്കുമ്പോള്‍ ഇന്ന് അവളൊരു ഡോക്ടറാണ്. ഇന്ത്യയിലെ പ്രശസ്തമായ കര്‍ണാടകയിലെ കെ.എം.സി. മണിപ്പാല്‍ ആശുപത്രിയില്‍ സര്‍ജനായി പരിശീലനം നേടുകയാണ് അവള്‍ ഇപ്പോള്‍. 

താന്‍ ഒരു ട്രാന്‍സ്‌ജെന്‍ഡറാണെന്ന് ഒരാള്‍പോലും പരിഗണിച്ചില്ലെന്ന് ത്രിനേത്ര പറഞ്ഞു. ഞാന്‍ എന്നോടു തന്നെ ചോദിച്ചു എന്റെ ജെന്‍ഡര്‍ ഏതാണെന്ന്. അത്രയും മോശം ചിത്രമാണ് ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ഇന്ത്യയിലുള്ളത്. 

ഒരു തവണ സ്ത്രീകളുടെ ടോയ്‌ലറ്റ് ഉപയോഗിച്ചതിന് സെക്യൂരിറ്റി പുറത്ത് ഇറക്കിവിട്ടെന്നും തുടര്‍ന്ന് മണിക്കൂറുകളോളം വെള്ളം കുടിക്കാതിരുന്നതിനാല്‍ അണുബാധയുണ്ടായതായും ത്രിനേത്ര പറഞ്ഞു. 'ചില സ്ത്രീകള്‍ക്ക് ഞങ്ങള്‍ എന്തുകൊണ്ടാണ് ട്രാന്‍സ്‌ജെന്‍ഡര്‍ ആയതെന്ന് മനസ്സിലാക്കാന്‍ പ്രയാസമാണ്. ഞങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും ഭീഷണിയാകില്ല'-അവര്‍ കൂട്ടിച്ചേര്‍ത്തു. 

സമൂഹത്തില്‍നിന്നുള്ള ദുരനുഭവങ്ങള്‍ കൗമാരപ്രായമെത്തിയപ്പോഴേക്കും അവളെ സ്വയം വേദനപ്പിക്കുന്നതലത്തിലേക്ക് എത്തിച്ചിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസത്തിന് ചേര്‍ന്നപ്പോഴായിരുന്നു അവള്‍ക്കൊരാശ്വാസം കിട്ടിയത്. അവിടെ തന്നെ പിന്തണയ്ക്കുന്ന ധാരാളം പേരെ ട്രിനേട്ര കണ്ടെത്തി. അവിടെയുണ്ടായിരുന്ന ഒരു തെറാപ്പിസ്റ്റ് തന്റെ ജെന്‍ഡര്‍ ഏതെന്ന് വെളിപ്പെടുത്താന്‍ അവള്‍ക്ക് ധൈര്യം നല്‍കി. പതിയെ പതിയെ അവള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി. 'എനിക്ക് ഞാനായിരിക്കാന്‍ കഴിയുന്ന ഒരു ഓണ്‍ലൈന്‍ ഇടം' എന്നാണ് ഇന്‍സ്റ്റഗ്രാമിനെ ത്രിനേത്ര വിശേഷിപ്പിക്കുന്നത്. ഇന്ന് ഇന്‍സ്റ്റഗ്രാമില്‍ അവള്‍ക്ക് രണ്ട് ലക്ഷത്തിലധികം ഫോളേവേഴ്‌സ് ഉണ്ട്. 

2018-ല്‍ ഹോര്‍മോണ്‍ ചികിത്സ ആരംഭിച്ചു. 2019 ഫെബ്രുവരിയില്‍ സര്‍ജറിക്ക് വിധേയമായി. സോഷ്യല്‍ മീഡിയയിലൂടെ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ ഭീഷണി സന്ദേശങ്ങള്‍ ലഭിക്കാറുണ്ടെന്ന് അവര്‍ പറഞ്ഞു. 

Content highlights: trinetra from karnataka, shares her bitterfull experince as transgender, identified as a woman