ഡോ. ജെസ്‌നൂര്‍ ദയാര, ജനിച്ചത് പുരുഷനായാണ്, എന്നാല്‍ സ്ത്രീയായി മാറണമെന്ന ആഗ്രഹം സാക്ഷാത്കരിക്കുന്നതിന് മുമ്പ് മറ്റൊരു സ്വപ്‌നത്തിലേക്കുള്ള വഴിയും ജെസ്‌നൂര്‍ കണ്ടെത്തി വച്ചിരുന്നു. അമ്മയാകാനുള്ള മാര്‍ഗം. സ്വന്തം ബീജം തന്നെയാണ് ഡോക്ടര്‍ ഇതിനായി സൂക്ഷിച്ചു വയ്ക്കാന്‍ തീരുമാനിച്ചത്. അഹമ്മദാബാദ് ആനന്ദിലെ വന്ധ്യത ക്ലിനിക്കിലാണ് തന്റെ ബീജം ജെസ്‌നൂര്‍ സൂക്ഷിച്ചിരിക്കുന്നത്.
ഇരുപത്തഞ്ചുകാരിയായ ജെസ്‌നൂര്‍ അടുത്തകാലത്താണ് തന്റെ എംബി.ബി.എസ് ബിരുദം നേടിയത്. ഗുജറാത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ ഡോക്ടര്‍ കൂടിയാണ് ജെസ്‌നൂര്‍.
ഗോദ്രയിലാണ് ജെസ്‌നൂറിന്റെ ജനനം. ചെറുപ്പം മുതലേ സ്ത്രീകളുടെ സ്വഭാവസവിശേഷതകളോടായിരുന്നു ജസ്‌നൂറിന് താല്‍പര്യം. ചെറുപ്പത്തില്‍ അമ്മയുടെയും സഹോദരിയുടെയും വസ്ത്രങ്ങളണിയാനും അവരെപ്പോലെ മേക്കപ്പണിയാനും എല്ലാം ആഗ്രഹിച്ചിരുന്നെങ്കിലും അവ മറച്ചു വയ്ക്കാനാണ് ജെസ്‌നൂര്‍ ശ്രമിച്ചത്. തന്നിലെ സ്ത്രീത്വത്തെ വീട്ടുകാര്‍ തിരിച്ചറിഞ്ഞാല്‍ ഉണ്ടാകുന്നത് നല്ല പ്രതികരണമാവില്ല എന്ന് അറിയാവുന്നതുകൊണ്ടാണ് ഈ മുന്‍കരുതല്‍ ജസ്‌നൂര്‍ സ്വീകരിച്ചത്.
പഠനത്തിനായി റഷ്യയിലേക്ക് പോയതോടെയാണ് തന്റെ വ്യക്തിത്വത്തിന്റെ മറ ജസ്‌നൂര്‍ നീക്കിയത്. ' ഞാനെന്റെ വ്യക്തിത്വം തിരിച്ചറിഞ്ഞു, അതില്‍ ജീവിക്കാന്‍ തുടങ്ങി, അതൊരു സ്വാതന്ത്യം കൂടിയാണ്.' ജസ്‌നൂര്‍ അതേ പറ്റി പ്രതികരിക്കുന്നത് ഇങ്ങനെയാണ്. പിന്നീട് ജസ്‌നൂറിന്റെ തീരുമാനത്തെ കുടുംബം അംഗീകരിക്കുകയായിരുന്നു.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പരീക്ഷ പാസായി ഇന്ത്യയില്‍ പ്രാക്ടീസ് തുടങ്ങാനാണ് ജസ്‌നൂറിന്റെ ഇനിയുള്ള പദ്ധതി.
സ്ത്രീയാകുന്നതിന് മുമ്പ് തന്നെ അമ്മയാകുക എന്ന സ്വപ്‌നം ജസ്‌നൂറിന്റെ മനസ്സില്‍ കടന്നിരുന്നു. അതും സ്വന്തം രക്തത്തില്‍ തന്നെ. അതിനാലാണ് ബീജം സൂക്ഷിക്കാന്‍ ജസ്‌നൂര്‍ തീരുമാനിച്ചത്. ഒരു സ്ത്രീക്ക് അമ്മയും അച്ഛനും നല്ല സുഹൃത്തുമെല്ലാം ആവാന്‍ കഴിയുമെന്നും, ഗര്‍ഭപാത്രം മാത്രമല്ല ഒരു നല്ല അമ്മയെ ഉണ്ടാക്കുന്നത് ഒരു സ്‌നേഹമുള്ള ഹൃദയം കൂടിയാണ്.' ജസ്‌നൂര്‍ പറയുന്നു.
വാടക ഗര്‍ഭപാത്രത്തിലൂടെ തനിക്ക് ഒരു കുഞ്ഞിനെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍. കുഞ്ഞിന്റെ അച്ഛനും (biologically father) അമ്മയും ആകാന്‍ പോകുന്ന സന്തോഷത്തിലാണ് ജസ്‌നൂര്‍.
Content Highlights: Transwoman doctor freezes semen in hope to mother a child she would father