അഴകളവുകളില്‍ പുതിയ മാനങ്ങള്‍ എഴുതിച്ചേര്‍ത്ത് ആ പതിനാറ് പേര്‍ റാംപില്‍ ചുവട് വയ്ക്കുമ്പോള്‍ കാണികളിലൊരാളായി റീനയുമുണ്ടാവും. തന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ സുഹൃത്തുക്കള്‍ക്കായി ഇത്രയെങ്കിലും ചെയ്യാനായല്ലോ എന്ന ചാരിതാര്‍ത്ഥ്യവുമായി'
ട്രാന്‍സ്‌ക്വീന്‍ ഇന്ത്യ 2017 എന്നത് ഒരു സ്വപ്‌നസാക്ഷാത്കാരമാണ്. റീനാ റായി എന്ന വീട്ടമ്മ തന്റെ സുഹൃത്തിന് വേണ്ടി കണ്ട സ്വപ്‌നം. ബ്യൂട്ടിപാര്‍ലറില്‍ നിന്ന് തുടങ്ങിയ സൗഹൃദം രാജ്യമാകെ ശ്രദ്ധിക്കപ്പടുന്ന സൗന്ദര്യമത്സരവേദിയിലേക്ക് എത്തുമ്പോള്‍ റീനയ്ക്ക് പറയാനുള്ളത് വേറിട്ടൊരു കഥയാണ്.
വിപ്പി മുവാ എന്ന പുരുഷനെ റീന ആദ്യം കാണുന്നത് സ്ഥിരമായി പോവാറുള്ള ബ്യൂട്ടിപാര്‍ലറില്‍ വച്ചായിരുന്നു. പരിചയം പിന്നെ സൗഹൃദമായി. അടുത്തറിഞ്ഞതോടെ വിപ്പി പുരുഷശരീരത്തിലകപ്പെട്ട സ്ത്രീഹൃദയമാണെന്ന് റീന തിരിച്ചറിഞ്ഞു. അടുത്ത സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് വിഷാദത്തിലായ റീന പിന്നെ കുറേക്കാലം വീടിനുള്ളില്‍ തന്നെ കഴിഞ്ഞു. കുറച്ച് മാസങ്ങള്‍ക്ക് ശേഷം ബ്യൂട്ടിപാര്‍ലറിലെത്തിയ റീനയെ കാത്തിരുന്നത് വിപ്പി എന്ന അത്ഭുതമായിരുന്നു. അക്കാലത്തിനിടയ്ക്ക് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ വിപ്പി പൂര്‍ണമായും സ്ത്രീയായി മാറിയിരുന്നു.
വിപ്പിയുടെ ഈ മാറ്റം റീനയ്ക്കും പുതിയൊരു ജീവിതവീക്ഷണമായി. വിഷാദത്തില്‍ നിന്ന് തിരികെ ജീവിതത്തിലേക്കെത്താന്‍ ഉള്ള പ്രചോദനമായി വിപ്പി. ഇരുവര്‍ക്കുമിടയിലെ സൗഹൃദം കൂടുതല്‍ ദൃഢമായി. വിപ്പിയെ വീട്ടിലേക്ക് ക്ഷണിക്കാനും കുടുംബാംഗങ്ങള്‍ക്ക് പരിചയപ്പെടുത്താനും റീന മറന്നില്ല. ഓരോ കൂടിക്കാഴ്ചയിലും ട്രാന്‍സ്‌ജെന്‍ഡര്‍ ജീവിതത്തിന്റെ വ്യക്തമായ ചിത്രം റീനയ്ക്ക് ലഭിച്ചുതുടങ്ങി. വിപ്പി പറഞ്ഞ കഥകളിലൂടെ അവരുടെ അനുഭവങ്ങള്‍ റീനയെയും വല്ലാതെ വേദനിപ്പിച്ചു.
അങ്ങനെയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിനായി എന്തെങ്കിലും ചെയ്യണമെന്ന ആശയത്തിലേക്ക് റീന എത്തുന്നത്. ട്രാന്‍സ്‌ജെന്‍ഡറുകളുടെ ആഘോഷമായ ഹിജറ ഹബ്ബയില്‍ പങ്കെടുക്കാനായതും റീനയ്ക്ക് പ്രചോദനമായി. എല്‍ജിബിടി സമൂഹത്തോടുള്ള അകലം ഇല്ലാതെയാവണമെങ്കില്‍ അവര്‍ക്ക് അര്‍ഹിക്കുന്ന സ്‌നേഹവും ബഹുമാനവും നമ്മള്‍ നല്കിയേ മതിയാവൂ എന്നാണ് റീനയുടെ നിലപാട്.
ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കായി ഒരു സൗന്ദര്യമത്സരം എന്ന ആശയവും റീനയുടേത് തന്നെയായിരുന്നു. ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ ഭര്‍ത്താവും വീട്ടുകാരും നല്കിയ പിന്തുണ റീനയ്ക്ക് മറക്കാനാവുന്നതല്ല. മത്സരത്തിനായി സ്‌പോണ്‍സറെ കണ്ടെത്തുക എന്നതായിരുന്നു അടുത്ത കടമ്പ. നിരവധി സ്ഥാപനങ്ങളെയും വ്യക്തികളെയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. റീനയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചവരും കുറവല്ല. ട്രാന്‍സ്‌ജെന്‍ഡറുകളുമായുള്ള ഈ അടുപ്പം റീനയെ തെറ്റിദ്ധരിക്കാന്‍ ഇടയാക്കുമെന്ന് പറഞ്ഞവര്‍ പോലുമുണ്ട്.
2016 നവംബറില്‍ തുടങ്ങിയ സ്‌പോണ്‍സര്‍ക്കായുള്ള തെരച്ചില്‍ ഫലം കാണാതെ വന്നതോടെ സ്വന്തം സമ്പാദ്യം ചെലവാക്കാന്‍ റീന തീരുമാനിച്ചു. തുടക്കത്തില്‍ ചില ആശയക്കുഴപ്പങ്ങളുണ്ടായിരുന്നെന്ന് റീന സമ്മതിക്കുന്നു. എങ്കിലും പിന്നോട്ട് പോവാന്‍ റീനയുടെ മനസ്സ് അനുവദിച്ചില്ല. ഭര്‍ത്താവിന്റെ പൂര്‍ണപിന്തുണയോടെ മത്സരം സംഘടിപ്പിക്കാന്‍ റീനയ്ക്ക് കഴിഞ്ഞു.
16 മത്സരാര്‍ഥികളാണ് ട്രാന്‍സ് ക്വീന്‍ ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കുന്നത്. 1500 ലധികം അപേക്ഷകരില്‍ നിന്ന് പല ഘട്ടങ്ങളിലൂടെ കടന്ന് ഫൈനലിലെത്തിയവരാണിവര്‍. ഡല്‍ഹി, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, കര്‍ണാടക തുടങ്ങിയിടങ്ങളില്‍ നിന്നാണ് കൂടുതല്‍ മത്സരാര്‍ഥികള്‍. ഇവിടെ ടൈറ്റില്‍ നേടുന്ന സുന്ദരിക്ക് തായ്‌ലന്‍ഡില്‍ നടക്കുന്ന മിസ് ഇന്റര്‍നാണല്‍ ക്വീന്‍ മത്സരത്തിലും ഫസ്റ്റ് റണ്ണര്‍ അപാവുന്ന ആള്‍ക്ക് മിസ് ട്രാന്‍സെക്ഷ്വല്‍ ഓസ്‌ട്രേലിയ മത്സരത്തിലും പങ്കെടുക്കാനാവും.
കടപ്പാട്: ബെറ്റര്‍ ഇന്ത്യ