ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിത്വങ്ങള്‍ക്ക് നേരെയുള്ള നീതിനിഷേധങ്ങളുടെ വാര്‍ത്ത കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. സമൂഹം പല കാര്യങ്ങളിലും പുരോഗമിച്ചപ്പോഴും ഇന്നും അവരെ പൗരനെന്ന നിലയില്‍ പരിഗണിക്കാത്തവരുണ്ട്. ഇത്തരത്തില്‍ സ്വന്തം വീട്ടില്‍ നിന്നു പോലും തിരസ്‌കരിക്കപ്പെടുന്നവരും ധാരാളമാണ്. അത്തരത്തില്‍ എല്ലാ അര്‍ഥത്തിലും ഒറ്റപ്പെടുകയും ഒടുവില്‍ സ്വപ്രയത്‌നത്തിലൂടെ സൗന്ദര്യമത്സരപ്പട്ടം സ്വന്തമാക്കുകയും ചെയ്ത ഒരു ട്രാന്‍സ് യുവതിയുടെ കഥയാണ് ഇപ്പോള്‍ വൈറലാകുന്നത്. 

ഫിലിപ്പിനോ സ്വദേശിയായ അരിയെലെ കെയ്ല്‍ ആണ് കഥയിലെ താരം. മിന് ഇന്റര്‍കോണ്ടിനെന്റല്‍ ന്യൂസിലാന്‍ഡ് മത്സരത്തില്‍ കിരീടം ചൂടിയാണ് അരിയെലെ വാര്‍ത്തകളില്‍ നിറയുന്നത്.

ഈ പട്ടം നേടുന്ന ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡറും ഫിലിപ്പിനോക്കാരിയുമാണ് അരിയെലെ. സൗന്ദര്യമത്സരവേദികള്‍ സ്വപ്‌നം കാണുന്ന എല്ലാ ട്രാന്‍സ് വ്യക്തിത്വങ്ങള്‍ക്കും തന്റെ ജീവിതം പ്രചോദനമാകട്ടെ എന്ന് അരിയെലെ പറയുന്നു.

ഫിലിപ്പീന്‍സിലെ ദവാവോ നഗരത്തില്‍  ആന്‍ഡ്ര്യൂ എന്ന പേരിലാണ് അരിയെലെ ഡനിച്ചത്. വളര്‍ന്നത് ന്യൂസിലന്‍ഡിലെ ഓക്ലന്‍ഡിലാണ്. വൈകാതെ ആണ്‍ശരീരത്തില്‍ ജീവിക്കുന്ന പെണ്‍മനസ്സാണ് തന്റേതെന്ന് അവന്‍ തിരിച്ചറിഞ്ഞു. അങ്ങനെ 2017 മുതലാണ് ആന്‍ഡ്ര്യൂ തന്റെ ഇഷ്ടങ്ങള്‍ പ്രത്യക്ഷമാക്കി തുടങ്ങിയത്. വൈകാതെ വീട്ടുകാര്‍ അവനെ പുറത്താക്കുകയും ചെയ്തു. 

2020ല്‍ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്ത് അരിയെലെയായി മാറി. തുടര്‍ന്ന് താന്‍ സ്വപ്‌നം കണ്ട മോഡലിങ് മേഖലയിലേക്ക് ചുവടുവെക്കുകയായിരുന്നു. അങ്ങനെ നിരന്തരമുള്ള പരിശ്രമങ്ങള്‍ക്കൊടുവില്‍ ഇരുപത്തിയാറാം വയസ്സില്‍ അരിയെലെ തന്റെ സ്വപ്‌നം കീഴടക്കുകയും ചെയ്തു. 

മകനെ മകളായി കാണുന്നത് ഉള്‍ക്കൊള്ളാന്‍ കഴിയാതിരുന്ന മാതാപിതാക്കള്‍ അരിയിലെ സ്വന്തം കാലില്‍ നില്‍ക്കുന്നതു കണ്ടപ്പോള്‍ അഭിമാനം പൂണ്ടു. ഇന്ന് സാധാരണ മകള്‍ക്ക് നല്‍കുന്ന സ്‌നേഹവും കരുതലുമാണ് വീട്ടില്‍ നിന്ന് ലഭിക്കുന്നത്. 

തന്നെപ്പോലെ ട്രാന്‍സ് കമ്മ്യൂണിറ്റിയിലുള്ള മറ്റുള്ളവര്‍ക്ക് ഒരു സന്ദേശം പകരുന്നുമുണ്ട്‌ അരിയെലെ. ''നിങ്ങളുടെ സ്വന്തം കുടുംബം അംഗീകരിക്കുന്നില്ല എന്നാണെങ്കില്‍ നിങ്ങളെപ്പോലെയുള്ള ട്രാന്‍സ് കമ്മ്യൂണിറ്റിയിലെ മറ്റുള്ളവരെ ചേര്‍ത്തുപിടിക്കുകയും അവരെ കുടുംബമാക്കുകയും ചെയ്യൂ'' എന്നാണ് അരിയെലെ പറയുന്നത്. 

Content Highlights: Transgender Woman Disowned By Her Family Becomes Miss Intercontinental New Zealand 2020