കണ്ണൂർ: സമുദ്രം സാക്ഷിയായി മായ 'അവളായി'... മനസ്സ് ആഗ്രഹിച്ചപോലെ ശരീരത്തെ ശസ്ത്രക്രിയയിലൂടെ രൂപാന്തരപ്പെടുത്തിയ കണ്ണൂരിലെ മായയുടെ ജൽസാച്ചടങ്ങ് ചൊവ്വാഴ്ച പൂർത്തിയായി. ആണിൽനിന്ന്‌ പെണ്ണിലേക്കുള്ള പരിപൂർണതയാണ് 'ജൽസ'യിലൂടെ ട്രാൻസ്‌ജെൻഡർ മായ പൂർത്തീകരിച്ചത്.

എളയാവൂർ സ്വദേശിയായ എം. മായ ഇപ്പോൾ കണ്ണൂർ താണയിലാണ് താമസം. കുടുംബശ്രീ പ്രവർത്തകയാണ്. കണ്ണൂരിൽ നൈസി എന്ന പേരിൽ ചിപ്‌സ് ഉണ്ടാക്കുന്ന യൂണിറ്റിന്റെ പ്രസിഡന്റാണ്. കൊച്ചി അമൃത ഹോസ്പിറ്റലിൽനിന്നാണ് ശസ്ത്രക്രിയ ചെയ്തത്. 41 ദിവസത്തെ വ്രതത്തിനുശേഷം തിങ്കളാഴ്ച പകൽ 'ജൽസാ കല്യാണവും' സദ്യയും നടന്നു. നൂറുകണക്കിന് ട്രാൻസ്‌ജെൻഡർമാർക്കൊപ്പം ബന്ധുക്കളും സുഹൃത്തുക്കളും സാക്ഷിയായി. ജൽസാച്ചടങ്ങിൽ നന്മ കൾച്ചറൽ സൊസൈറ്റി അംഗങ്ങൾ അറിയിപ്പ് കാർഡ് ഒരുക്കിയിരുന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, അഡ്വ. ബിനോയ് കുര്യൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നന്മ ട്രാൻസ്‌ജെൻഡർ കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് സന്ധ്യാ ബാസ്റ്റി, അന്നപൂർണ ചാരിറ്റബിൾ ഫൗണ്ടേഷന്റെ ജോഫിൻ ജെയിംസ് തുടങ്ങിയവർ നേതൃത്വം നൽകി.

ജൽസ

പഴയ സ്വത്വം സമുദ്രത്തിലുപേക്ഷിച്ച് അവൻ അവളായി മാറുന്നത് ജൽസ അനുഷ്ഠാനത്തിലൂടെയാണ്. ട്രാൻസ്‌ജെൻഡർമാരുടെ നിഗൂഢമായ ചടങ്ങാണിത്. 41 ദിവസത്തെ കഠിനവ്രതം നോൽക്കണം. പകൽ ജൽസാ കല്യാണവും സദ്യയും നടക്കും. ആചാരപൂർവം അർധരാത്രി ചെയ്യുന്ന പൂജയ്ക്ക് നിരവധി ചടങ്ങുകളുണ്ട്. പിന്നീട് സമുദ്രത്തെ സാക്ഷിനിർത്തി കലശം ഒഴുക്കും. ലിംഗമാറ്റ ശസ്ത്രക്രിയവഴി പുരുഷൻ സ്ത്രീയായാലും ട്രാൻസ്ജെൻഡർ സമൂഹത്തിലെ ബഹുഭൂരിപക്ഷവും 'ജൽസ'യിലൂടെ മാത്രമേ രൂപാന്തരത്തെ അംഗീകരിക്കൂ. മുംബൈയിൽനിന്നും മൈസൂരുവിൽനിന്നും ചടങ്ങിന് ആളുകൾ എത്തിയിരുന്നു.

Content Highlights: transgender maya, jalsa ritual,  transforming man to woman, womanhood,  transgenders in kerala