Women Police Officersകേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളില്‍ സ്ത്രീ യാത്രികര്‍ക്കു ധൈര്യം പകരുന്നത്  38 റെയില്‍വേ വനിതാ പോലീസുകാര്‍. എന്നാല്‍ ഈ പെണ്‍പോലീസിന്റെ കാക്കിയുടെ നിഴല്‍ മതി ആയിരക്കണക്കിന് വനിതാ തീവണ്ടിയാത്രികര്‍ക്ക് ആത്മധൈര്യം കിട്ടാന്‍.

പക്ഷേ തീവണ്ടിയിലും പ്ലാറ്റ്‌ഫോമിലും ഡ്യൂട്ടികഴിഞ്ഞ് തലചായ്ക്കാന്‍  റെയില്‍വേ പോലീസ് സ്റ്റേഷനുകളില്‍ ഇവര്‍ക്കു കുടുസുമുറി പോലുമില്ല. പ്രാഥമിക കാര്യങ്ങള്‍ക്ക് പ്രത്യേക ശൗചാലയമില്ല. സഹപ്രവര്‍ത്തകര്‍ ഒരുക്കിയ ചെറിയ വേര്‍തിരിവിലാണ് ഇവരുടെ വിശ്രമം. കേരളത്തിലെ 13 റെയില്‍വേ പോലീസ് സ്റ്റേഷനുകളിലെ വനിതാ പോലീസുകാരുടെ സ്ഥിതി അത്രയ്ക്ക് ദയനീയമാണ്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള എല്ലാ സ്റ്റേഷനുകളിലും (പാറശാല ഒഴിച്ച്) ഇതാണ് സ്ഥിതി. 

പുരുഷ പോലീസിന്റെ സൗകര്യം മാത്രമാണ് എല്ലായിടത്തും. അടിസ്ഥാനസൗകര്യം ഒരിടത്തുമില്ല. കാസര്‍കോട് ആര്‍.പി. സ്റ്റേഷനില്‍ രണ്ടു വനിതാ പോലീസ് മാത്രമാണുള്ളത്. ഇവര്‍ക്ക് വിശ്രമമുറിയില്ല. സഹപോലീസുകാര്‍ വിശ്രമത്തിനായി ചെറിയ ഒരു വേര്‍തിരിവുണ്ടാക്കിയിട്ടുണ്ട്. 

പ്രത്യേക ശൗചാലയമില്ല. കണ്ണൂരിലുള്ളത് മൂന്ന് വനിതാ പോലീസുകാര്‍മാത്രം. ഇവര്‍ക്കും വിശ്രമ മുറിയോ ശൗചാലയമോ ഇല്ല. നിരവധി നിവേദനങ്ങളാണ് നല്‍കിയത്. ആരും കണ്ടില്ല, ഗൗനിച്ചില്ല. കോഴിക്കോട്ട് അഞ്ചു വനിതകളുണ്ട്. അവര്‍ക്ക് ഭാവിയില്‍ ആശ്വസിക്കാം. പുതിയ കെട്ടിടം നിര്‍മാണത്തിലാണ്. ഇതുവന്നാല്‍ സൗകര്യം കിട്ടും. 

പാലക്കാട്ട് മൂന്നുപേരുണ്ട്. ഇവര്‍ക്കും പ്രാഥമിക സൗകര്യമില്ല. ഷൊര്‍ണൂരിലെ സ്ഥിതിയും പരിതാപകരമാണ്. മൂന്നു വനിതകഴാണുള്ളത്. എറണാകുളത്ത് നാലുപേര്‍ മാത്രം. തൃശ്ശൂരും കോട്ടയത്തും മൂന്നുപേര്‍തന്നെ. ഇവരുടെ കാര്യവും പ്രശ്‌നമാണ്. 

പുനലൂരില്‍ രണ്ടും ആലപ്പുഴയില്‍ അഞ്ചുപേരുമുണ്ട്. കൊല്ലത്ത് മൂന്നുപേരാണുള്ളത്. പാറശ്ശാലയില്‍ രണ്ടുപേരുണ്ട്. ഇവിടെ ചെറുതെങ്കിലും ഒരു വിശ്രമമുറിയുണ്ടെന്ന് പാറശ്ശാല പോലീസ് പറയുന്നു. തിരുവനന്തപുരത്തുപോലും സ്ഥിതി ഇതാണ്. മൂന്നു വനിതകളാണുള്ളത്. ഇവര്‍ക്കും പ്രത്യേകമുറിയോ ശുചിമുറിയോ ഇല്ല.

സ്ത്രീസുരക്ഷ കടലാസില്‍മാത്രം

തീവണ്ടിയിലെയും പ്ലാറ്റ്‌ഫോമുകളിലെയും സ്ത്രീസുരക്ഷയ്ക്ക് ഇത്രമാത്രം വനിതാ പോലീസുകാര്‍ മതിയോ. മേല്‍നോട്ടത്തിന് വനിതാ എസ്.ഐ.മാര്‍ വരുമെന്നത് ഇനിയും നടപ്പായില്ല. കേരളത്തിലെ അഞ്ച് പ്രധാന റെയില്‍വേ പോലീസ് സ്റ്റേഷനുകളിലാണ് ആദ്യഘട്ടം വനിതാ എസ്.ഐ. മാരെ നിയമിക്കാന്‍ തീരുമാനിച്ചത്. 

തൃശ്ശൂര്‍, എറണാകുളം, കോഴിക്കോട്, ഷൊറണൂര്‍, കണ്ണൂര്‍ എന്നിവയായിരുന്നു അത്. രണ്ടുവര്‍ഷത്തെ പഴക്കമുള്ള ഈ നിര്‍ദേശം ഇതുവരെ നടപ്പായില്ല. കേരളത്തിലെ 13 റെയില്‍വേ പോലീസ് സ്റ്റേഷനുകളിലെ വനിതാ പോലീസുകാരുടെ എണ്ണം വര്‍ധിപ്പിക്കാനും റെയില്‍വേ പോലീസ് മേധാവി കാളിരാജ് മഹേഷ്‌കുമാര്‍ അന്ന് നല്‍കിയ റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ടായിരുന്നു.

Contnet Highlights: Right to pee, Toilets Our Right