ലോകപ്രശസ്തനായ ഇന്ത്യന്‍ വ്യവസായികളിലൊരാളാണ് ധീരുബായ് അംബാനി. അദ്ദേഹത്തിന്റെ ജന്മദിനമായ ഡിസംബര്‍ 28-ന് ഹൃദയം തൊടുന്ന കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മരുമകള്‍ ടിന അംബാനി. ധീരുബായ് അംബാനിയുടെ മകന്‍ അനില്‍ അംബാനിയുടെ ഭാര്യയാണ് ടിന അംബാനി. തന്റെ മകന്‍ അവന്റെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ച ഈ വര്‍ഷം അദ്ദേഹത്തിന്റെ സാന്നിധ്യം മിസ് ചെയ്യുന്നതായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ ടിന പറഞ്ഞു.

രണ്ട് ചിത്രങ്ങള്‍ക്കൊപ്പമാണ് ടിന കുറിപ്പ് പങ്കുവെച്ചത്. ധീരുബായ് അംബാനി, ഭാര്യ കോകിലബെന്‍ അംബാനി എന്നിവര്‍ക്കൊപ്പം അനില്‍ അംബാനിയും ടിനയും നില്‍ക്കുന്നതാണ് ഒന്നാമത്തെ ചിത്രം. രണ്ടാമത്തെ ചിത്രത്തില്‍ ധിരുബായ് അംബാനിക്കൊപ്പമുള്ള മകന്റെ ചിത്രമാണുള്ളത്. 

സ്‌ട്രോക്കിനെത്തുടര്‍ന്ന് 2002-ല്‍ മുംബൈയില്‍ വെച്ചായിരുന്നു ധീരുബായ് അംബാനിയുടെ മരണം. ധീരുബായ് അംബാനി ഒരു വിപ്ലവ മനുഷ്യന്‍ മാത്രമായിരുന്നില്ല, മറിച്ച് ഉദാരമനസ്‌കനും സൗമ്യനും മാന്യനുമായിരുന്നുവെന്ന് ടിന ഓര്‍ത്തെടുത്തു.  

പപ്പ തന്റെ സമയവും വൈദഗ്ധ്യവും ക്ഷമയും പഠനവും ഞങ്ങള്‍ക്കെല്ലാവര്‍ക്കും നല്‍കി. ഞങ്ങളെ മികച്ചതും കൂടുതല്‍ അവബോധമുള്ളതും നമുക്ക് ചുറ്റുമുള്ള ലോകവുമായി കൂടുതല്‍ ഇണങ്ങുന്നതുമാക്കി നല്‍കി. അദ്ദേഹത്തെ അതിയായി മിസ് ചെയ്യുന്നു, പ്രത്യേകിച്ച് അന്‍മോള്‍ തന്റെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ച ഈ വര്‍ഷം-ടിന കൂട്ടിച്ചേര്‍ത്തു. 

അനില്‍ അംബാനിയുടെയും ടിന അംബാനിയുടെയും മൂത്തപുത്രനാണ് അന്‍മോള്‍. ഡിസംബര്‍ ആദ്യം അന്‍മോളിന്റെ വിവാഹനിശ്ചയം കഴിഞ്ഞതായി വിവിധ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

Content highlights: tina ambani remembered father in law dhirubai ambani on his birthday