റ്റാക്‌സിക് സെറിബ്രല്‍ പാള്‍സി എന്ന ശാരീരികാവസ്ഥയുള്ള കുട്ടിയാണ് മീനാക്ഷി എന്ന പന്ത്രണ്ടുകാരി. പതുക്കെയേ കേള്‍ക്കൂ, സംസാരിക്കാനാവില്ല. ഇടതുകൈയ്ക്ക് ശേഷിക്കുറവുമുണ്ട്. പറശ്ശിനിക്കടവ് എ.യു.പി. സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണെങ്കിലും എഴുതാനോ വായിക്കാനോ കഴിയില്ല. അധ്യാപകരുടെയും ഭിന്നശേഷിക്കാരായ കുട്ടികളെ പരിശീലിപ്പിക്കുന്ന ട്രെയിനര്‍മാരുടെയും സഹായം കൊണ്ടാണ് പഠനം മുന്നോട്ടുപോവുന്നത്. അമ്മയും അമ്മമ്മയും മീനുക്കുട്ടി എന്ന കൊഞ്ചിച്ചുവിളിക്കുന്ന മീനാക്ഷിയുടെ കഥ ഇനി പ്രിയ പറയും. 

''കണ്ണൂര്‍ പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിനടുത്താണ് ഞങ്ങളുടെ വീട്. പ്ലസ്ടു കഴിഞ്ഞപ്പോഴായിരുന്നു എന്റെ വിവാഹം. മീനുക്കുട്ടിയെ പ്രസവിച്ചയുടന്‍ തന്നെ അവള്‍ക്ക് മഞ്ഞപ്പിത്തം പിടിപെട്ടു. ഒരുമാസത്തിലേറെ പരിയാരം മെഡിക്കല്‍ കോളേജ് ഐ.സി.യുവിലായി കുഞ്ഞ്. ജീവന്‍ തിരിച്ചുകിട്ടിയാല്‍ തന്നെ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എന്തുവന്നാലും കുഴപ്പമില്ല, കുഞ്ഞിയുടെ ജീവന്‍ മാത്രം മതിയെന്ന് മുത്തപ്പനെ മനസുരുകി പ്രാര്‍ഥിച്ചു. മീനുക്കുട്ടി മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു. പക്ഷേ ഒട്ടേറെ പ്രശ്‌നങ്ങള്‍ ഒപ്പം കൂടി. അതിനിടയില്‍ ദാമ്പത്യത്തില്‍ പൊരുത്തക്കേടുകള്‍. മീനുവിനെയും കൂട്ടി എനിക്ക് സ്വന്തം വീട്ടിലേക്ക് മടങ്ങേണ്ടിവന്നു. മൂന്ന് വയസിലാണ് അവള്‍ ഇരുന്നുതുടങ്ങിയത്. ആറാം വയസിലാണ് എഴുന്നേറ്റുനിന്നത്. ഡോക്ടര്‍മാരുടെ അടുത്തേക്കുള്ള ഓട്ടം തന്നെയായിരുന്നു പിന്നീടുള്ള വര്‍ഷങ്ങളിലൊക്കെ''. 

women
പുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങാം

ഒരുചുവടെങ്കിലും അവളെ സ്വന്തമായി നടത്തിക്കുക എന്നതായി ലക്ഷ്യം. കുഞ്ഞ് അല്പമെങ്കിലും സംസാരിക്കണമെന്നും മോഹിച്ചു. ഫിസിയോതെറാപ്പിയും സ്പീച്ച് തെറാപ്പിയും ചെയ്തു. മീനുക്കുട്ടിയെ സ്‌കൂട്ടറിലിരുത്തി ഷോള്‍ കൊണ്ട് ചേര്‍ത്തുകെട്ടി പ്രിയ അവളെ ചികിത്സയ്ക്ക് കൊണ്ടുപോകും. രണ്ടുവര്‍ഷത്തെ നിരന്തര തെറാപ്പികള്‍ക്കൊടുവില്‍ അവള്‍ മെല്ലെ നടക്കാന്‍ തുടങ്ങി, അവ്യക്തതമായെങ്കിലും സംസാരിച്ചു. 

നാലുമാസം മുമ്പൊരു നാള്‍ മീനുക്കുട്ടി തന്നെയാണ് അമ്മയുടെ ഫോണില്‍ ടിക് ടോക്ക് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തത്. ''അവളെ ഒന്ന് സന്തോഷിപ്പിക്കാനാണ് ഞാന്‍ ചില ഡാന്‍സ് വീഡിയോകള്‍ ചെയ്തത്.

പതുക്കെ അവളും ചുവടുവെക്കാന്‍ തുടങ്ങി. പിന്നെ ഞാനൊന്നും നോക്കിയില്ല. എല്ലാദിവസവും നാലഞ്ച് ടിക്ടോക് വീഡിയോകള്‍ ചെയ്തു. എല്ലാത്തിലും അവളെയും നിര്‍ബന്ധിച്ചു പങ്കെടുപ്പിച്ചു.

ടിക്‌ടോക്ക് മീനുവിന്റെ പെരുമാറ്റത്തിലും രീതികളിലുമൊക്കെ കൊണ്ടുവന്ന മാറ്റങ്ങള്‍ അദ്ഭുതകരമാണ്. അമ്മയായ എനിക്കല്ലേ അത് മനസിലാവുക''. മീനൂസ് മിന്നാരം എന്ന യൂട്യൂബ് ചാനലിലും ഈ അമ്മയും മകളും സജീവമാണ്. 

മീനുകുട്ടിയുടെയും അമ്മയുടെയും ജീവിതം കൂടുതല്‍ വായിക്കാന്‍ പുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: Tiktok Stars Meenakutty and her mother share how  overcome life's difficulties