കുരുന്നുപ്രായത്തിൽ മിടുമിടുക്കിയായി ദേവാർച്ചന ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ. ബഹിരാകാശത്തേക്ക് ആദ്യം യാത്രചെയ്ത നായ, ഏറ്റവും വേഗംകൂടിയ ഗ്രഹം, ചുവന്നഗ്രഹം അങ്ങനെ സൗരയൂഥത്തെക്കുറിച്ച് ചോദിച്ചാൽ ഞൊടിയിടയിൽ ഉത്തരംനൽകും ഈ കൊച്ചുമിടുക്കി. മൂന്നുവയസ്സും മൂന്നുമാസവും മാത്രം പ്രായമുള്ളപ്പോഴാണ് 11 ചോദ്യങ്ങൾക്കുത്തരം നൽകി ഞെട്ടിച്ചത്. അമ്പലവയലിലെ കൊച്ചുവീട്ടിലേക്ക് വലിയ സമ്മാനമെത്തിയപ്പോൾ ദേവൂട്ടിക്കും കുടുംബത്തിനുമത് പുതുവത്സരസമ്മാനമായി.

അമ്പലവയൽ റെസ്റ്റ് ഹൗസ് ദേവാർച്ചനയിൽ രാഹുലിന്റെയും ശ്രുതിയുടെയും മകളാണ് ദേവാർച്ചന. ഒക്ടോബറിൽ ഓൺലൈനായി നടത്തിയ മത്സരത്തിലാണ് നേട്ടം.

ബഹിരാകാശത്തെ സംബന്ധിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയായി ദേവാർച്ചന മാറി. പൊതു അറിവുകളിലുള്ള ചോദ്യങ്ങൾക്ക് 50 എണ്ണത്തിനുവരെ ഉത്തരം നൽകി ഞെട്ടിച്ച മകൾക്ക് കുറച്ചുകൂടി കട്ടിയുള്ള മത്സരം തിരഞ്ഞെടുക്കുകയായിരുന്നു മാതാപിതാക്കൾ.

രണ്ടരവയസ്സിൽ പിണറായി വിജയനെക്കുറിച്ചും അമ്പിളിമാമൻ ഓരോദിവസവും ഓരോസ്ഥലത്ത് കാണുന്നതിന്റെ കാരണമെന്തെന്നുമൊക്കയാണ് ദേവാർച്ചനയുടെ ചോദ്യങ്ങൾ. ചീരക്കറിയിലെ വിറ്റാമിനെക്കുറിച്ചുള്ള ആരും പ്രതീക്ഷിക്കാത്ത ചോദ്യവും അവളുടേതുതന്നെ. കുഞ്ഞുനാവിൽനിന്നുവരുന്ന വലിയ ചോദ്യങ്ങൾ കേട്ട് ആദ്യം അമ്പരന്നെങ്കിലും ദേവാർച്ചനയുടെ കഴിവിനെ അമ്മ ശ്രുതി തിരിച്ചറിഞ്ഞു.

അങ്ങനെയാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിനായി വീഡിയോ അയക്കുന്നത്. പരിമിതമായ സൗകര്യങ്ങളിൽനിന്ന് അപൂർവനേട്ടത്തിനുടമയായ ദേവാർച്ചന ഇപ്പോൾ നാട്ടുകാരുടെ കുട്ടിക്കുറുമ്പിയാണ്.

ചടപടാന്ന് ഉത്തരം നൽകുന്ന കുറുമ്പിയുടെ വീഡിയോ വൈറലാണ്. ലൈക്കും കമന്റും സ്നേഹവും നൽകി ചേർത്തുപിടിക്കുകയാണ് സാമൂഹികമാധ്യമങ്ങൾ.

Content highlights: three year old devarchana from ambalavayal wayand bags indian book of records