രസ്പരം കാണാതെ, 30 സ്ത്രീകൾ പലദിക്കുകളിലിരുന്ന് മുന്നോട്ടു നയിക്കുന്ന സംരംഭം. അതിൽ മലയാളികൾ മാത്രമല്ല ഡൽഹി, മുംബൈ, ചെന്നൈ, മാം​​ഗ്ലൂർ തുടങ്ങി ഇന്ത്യയു‍ടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുണ്ട്. കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്തുള്ള അരോഷി ​ഗലേറിയ ആണ് മുപ്പതോളം സ്ത്രീകളുടെ സംരംഭകസ്വപ്നങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങള്‍, പാര്‍ട്ടിവെയറുകള്‍, ബെഡ്ഷീറ്റുകള്‍, ചെരുപ്പുകള്‍, മേക്ക്അപ് ഉത്പന്നങ്ങള്‍, പെയിന്റിങ്ങുകള്‍, ആഭരണങ്ങള്‍, പാത്രങ്ങള്‍ എന്നിവയെല്ലാം ഇവിടെയുണ്ട്.

ഇതില്‍ പങ്കാളിയായ 30 പേരും നാളുകളായി ഓണ്‍ലൈന്‍ വ്യാപാരത്തില്‍ സജീവമാണ്. ഓണ്‍ലൈനായി ഉത്പന്നങ്ങള്‍ വാങ്ങാനുള്ള അവസരങ്ങള്‍ ഇന്ന് ഏറെയുണ്ട്. എന്നാല്‍, തുണിത്തരങ്ങള്‍ വാങ്ങുമ്പോള്‍ തൊട്ടറിഞ്ഞ് വാങ്ങുന്നത് മറ്റൊരു അനുഭവമാണ്. അതിനുള്ള അവസരമാണ് അരോഷി ഗലേറിയയിലൂടെ ഒരുക്കുന്നത്. 

കോഴിക്കോട് കാരപറമ്പിന് സമീപം കരിക്കാംകുളം സ്വദേശിയായ സുമയ്യ തസ്‌നീം ആണ് സംരംഭത്തിന് വേദിയൊരുക്കിയിരിക്കുന്നത്. 11 വര്‍ഷത്തോളമായി സംരംഭക രംഗത്ത് സജീവ സാന്നിധ്യമാണ് തസ്‌നീം. ആ പരിചയസമ്പത്താണ് സ്ത്രീകള്‍ സ്വന്തം നിലയിൽ തയ്യാറാക്കി ഓൺലൈൻ വഴി വിറ്റുകൊണ്ടിരുന്ന ഉത്പന്നങ്ങള്‍ മാത്രം വില്‍ക്കുന്ന സ്ഥാപനത്തിന് തുടക്കമിടാന്‍ തസ്‌നീമിനെ പ്രേരിപ്പിച്ചത്.  12 ജീവനക്കാരാണ് ഇവിടെയുള്ളത്. 

ഏറെ നാളായുള്ള സ്വപ്നമായിരുന്നു ഇങ്ങനെയൊരു സ്ഥാപനം. ലോക്ഡൗണ്‍ കാലമാണ് ഇതിന്റെ തുടക്കം. മനസ്സില്‍ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും മുമ്പ് അതിനുള്ളസമയം കിട്ടിയിരുന്നില്ല. പക്ഷേ, ലോക്ഡൗണ്‍ കാരണം വീട്ടില്‍ കുടുങ്ങിപ്പോയത് മറ്റൊരു തരത്തില്‍ ഭാഗ്യമായി. ആ സമയം ഫലപ്രദമായി വിനിയോഗിക്കാന്‍ പറ്റി-തസ്‌നീം പറഞ്ഞു.

ഏറെ നാളത്തെ ശ്രമത്തിനൊടുവിലാണ് 30 പേരുടെ ബ്രാന്‍ഡുകള്‍ തിരഞ്ഞെടുത്ത്. ഏറ്റവും മികച്ച ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്കുവേണ്ടി നല്‍കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ധാരാളം പേര്‍ തങ്ങളുടെ ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുത്താമോ എന്ന് ഇപ്പോഴും അന്വേഷിക്കുന്നുണ്ട്.

Sumayya Thasneem
സുമയ്യ തസ്നീം

30 പേരും നേരിട്ട് ഇവിടെ വരേണ്ടതില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കൊറിയറായി ലഭിക്കുന്ന ഉത്പന്നങ്ങള്‍ തസ്‌നീമിന്റെ നേതൃത്വത്തില്‍ വില്‍പ്പനയ്ക്ക് സജ്ജമാക്കും. ഈ ഉത്പന്നങ്ങള്‍ കോഴിക്കോട് നഗരപരിധിക്കുള്ളില്‍ ഓണ്‍ലൈനായി വില്‍ക്കുന്നതിനുള്ള അവസരവും ഉണ്ട്. ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്ന സ്ഥലത്തിന് വാടകമാത്രമാണ് തസ്നീം ബ്രാൻഡ് ഓണർമാരിൽനിന്ന് ഈടാക്കുന്നത്. ഉത്പന്നം വിൽക്കുന്നതിന്റെ മുഴുവൻ ലാഭവും ബ്രാൻഡ് ഓണർമാർക്ക് തന്നെ ലഭിക്കും.

വില്‍ക്കുന്ന തുണിത്തരങ്ങളില്‍ ഏറെയും ഹാന്‍ഡ് മെയ്ഡ് ആണ്. തുണിത്തരങ്ങള്‍ നേരിട്ട് എത്തിക്കാന്‍ കഴിയാത്തതിനാല്‍ ദുബായ് വഴിയാണ് ഇവിടെ എത്തുക. ഓരോ ബ്രാന്‍ഡുകള്‍ക്കും പ്രത്യേകമായ ഇടം ഇവിടെ ഒരുക്കിയിട്ടുണ്ട്. 

കോഴിക്കോട് സ്വദേശിനിയായ ഷാഹിദ നടത്തുന്ന ചായക്കടയും അരോഷിയോട് ചേര്‍ന്നുണ്ട്. ചായയും കാപ്പിയും ജ്യൂസും ഒപ്പം ഹോംമെയ്ഡ് ചെറുകടികളും ഇവിടെ ലഭിക്കും. 

Content highlights: thirty women entrepreneurs, thirty different products, avilable at aroshi galleria in kozhikode