ബിടൗൺ താരങ്ങളുടെ പാത പിന്തുടർന്ന് മക്കളും സിനിമാരം​ഗത്തേക്ക് ചുവടുവെക്കുന്ന കാഴ്ച്ച അത്ര പുതുതല്ല. നടൻ ആമിർ ഖാന്റെ മകൾ ഇറാ ഖാനും സിനിമാ മേഖലയോടുള്ള താൽപര്യത്തെക്കുറിച്ച് പങ്കുവച്ചിട്ടുണ്ട്. സിനിമയിലെ പിന്നണിപ്രവർത്തനങ്ങളോടാണ് ഇറയ്ക്ക് താൽപര്യം. എന്നാൽ സിനിമയില്ലെങ്കിലും തനിക്ക് ജീവിക്കാനാവും എന്ന് തെളിയിക്കുകയാണ് ഇറയിപ്പോൾ. ബദൽ കരിയർ കണ്ടുപിടിച്ച കാര്യമാണ് ഇറ പങ്കുവെക്കുന്നത്. 

ടാറ്റൂയിങ്ങിൽ അഭിരുചി പ്രകടിപ്പിച്ചിട്ടുള്ള ഇറ ഇപ്പോൾ ടാറ്റൂ ആർട്ടിസ്റ്റായ ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. തന്റെ പരിശീലകൻ നൂപുർ ശിഖാരെയ്ക്കു വേണ്ടി ടാറ്റൂ ചെയ്തുകൊടുക്കുന്ന ഇറയുടെ ചിത്രമാണ് പോസ്റ്റ് ചെയ്തത്. രസകരമായൊരു കുറിപ്പും ചിത്രത്തിനൊപ്പം ഇറ പങ്കുവച്ചിട്ടുണ്ട്. 

''താൻ ജീവിതത്തിലെ ആദ്യത്തെ ടാറ്റു ചെയ്തുകൊടുത്തു എന്നും മോശമല്ല അല്ലേ, ബദലായൊരു കരിയർ ഉണ്ടെന്നു കരുതുന്നു'' എന്നുമാണ് ചിത്രത്തിന് ഇറ നൽകിയ ക്യാപ്ഷൻ. 

കഴിഞ്ഞ ദിവസവും ടാറ്റൂ സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രം ഇറ പങ്കുവച്ചിരുന്നു. ഫിറ്റ്നസിലും വിട്ടുവീഴ്ച്ച ചെയ്യാത്ത ഇറ അവയുടെ വീഡിയോകളും പങ്കുവെക്കാറുണ്ട്. 

ആമിർ ഖാന് ആദ്യഭാര്യ റീന ദത്തയിൽ ഉണ്ടായ മകളാണ് ഇറ ഖാൻ. മിഡിയ എന്ന പേരിൽ ഒരു നാടകവും ഇറ സംവിധാനം ചെയ്തിരുന്നു. ഹസൽ കീച്ച്, വരുൺ പട്ടേൽ, ഇറയുടെ സഹോദരൻ ജുനൈജദ് തുടങ്ങിയവരാണ് നാടകത്തിൽ വേഷമിട്ടിരുന്നത്. 

Content Highlights: Think I've An Alternate Career," Writes Ira Khan After Making Her First Tattoo