വെഡ്ഡിങ് ഫോട്ടോഷൂട്ടിനിടെ വധുവിനോട് പോസ് ചെയ്യാൻ പറയവേ താടിയിൽ പിടിച്ച് ചിൻ അപ് ചെയ്യുന്ന ഫോട്ടോ​ഗ്രാഫർ, സം​ഗതി അത്ര സുഖിക്കാതെ ഫോട്ടോ​ഗ്രാഫറെ മർദിക്കുന്ന വരൻ. ഇതെല്ലാം കണ്ട് സ്വയംമറന്ന് നിലത്തിരുന്ന് ചിരിക്കുന്ന വധു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമത്തിൽ വൈറലാകുന്ന വീഡിയോയായിരുന്നു ഇത്. വരന്റെ അസൂയയുടെ തീവ്രത മുതൽ വധുവിന്റെ ഹ്യൂമർസെൻസിനെ അഭിനന്ദിച്ച് വീഡിയോ പങ്കുവച്ചവരും ഏറെയാണ്. 45 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയുടെ യാഥാർഥ്യം സംബന്ധിച്ച് ചർച്ചകളും ഉയർന്നിരുന്നു. ഇപ്പോഴിതാ അതിനു പിന്നിലെ കാരണം പുറത്തുവന്നിരിക്കുകയാണ്.
‌‌
രേണുക മോഹൻ എന്ന വ്യക്തിയുടെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വീ‍ഡിയോ പുറത്തുവന്നത്. പത്തുലക്ഷത്തിനടുത്ത് കാഴ്ച്ചക്കാരെയും പതിനേഴായിരത്തോളം റീട്വീറ്റുകളും വീഡിയോക്ക് ലഭിക്കുകയുണ്ടായി. വീഡിയോ യഥാർഥമാണോ അല്ലയോ എന്നറിയില്ലെന്ന് രേണുക പറയുകയും ചെയ്തിരുന്നു. എന്നാൽ വീഡിയോയിലെ വധു തന്നെ ഒട‌ുവിൽ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്. വധുവിനെ സ്പർശിച്ചതിൽ അസൂയ മൂത്തല്ല വരൻ മർദിച്ചതും ഫോട്ടോ​ഗ്രാഫറോട് വേദിയിൽ നിന്നിറങ്ങാൻ പറഞ്ഞതും. വരന്റെ എടുത്തുചാട്ടം കണ്ടല്ല വധു ചിരിച്ചതും. സം​ഗതിയെല്ലാം ഒരു സിനിമയുടെ ചിത്രീകരണത്തിനിടയിൽ നിന്നുള്ള ദൃശ്യങ്ങളാണ്. 

ഛത്തീസ്​ഗഡ് നടിയായ അനിക്രിതി ചൗഹാൻ ആണ് വീഡ‍ിയോയിൽ പ്രത്യക്ഷപ്പെട്ട വധു. വീഡിയോയിലുള്ളത് തന്റെ സിനിമാ ഷൂട്ടിൽ നിന്നുള്ള ഒരു ഭാ​ഗമാണെന്ന് അനിക്രിതി പറഞ്ഞു. ഡാർലിങ് പ്യാർ ജുക്താ നഹി എന്ന തന്റെ ചിത്രത്തിന്റെ ഷൂട്ടിനിടയിൽ നിന്നുള്ള വീ‍ഡിയോ ആണതെന്നും അനിക്രിതി പറഞ്ഞു. വീഡിയോ പങ്കുവച്ചതിനും വൈറലാക്കിയതിനും രേണുക മോഹനോട് നന്ദി പറയുകയും ചെയ്തു അനിക്രിതി. 

ഇതിനിടെ അനിക്രിതിയുടെ വിവാഹം കഴിഞ്ഞെന്ന ധാരണയിൽ പലരും ആശംസകൾ അയച്ചിരുന്നു. അവരേടെല്ലാം താൻ വിവാഹിതയായിട്ടില്ലെന്നും ഷൂട്ടിൽ നിന്നുള്ള ദൃശ്യങ്ങളാണെന്നും അനിക്രിതി മറുപടി നൽകി. 

Content Highlights: The Real story behind viral video of Bride Laughing at her wedding