സൈബര്‍ ഇടങ്ങളില്‍ മലേഷ്യന്‍ മുസ്ലീം വനിതകളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നതായി മലേഷ്യയിലെ സ്ത്രീ അവകാശ സംരക്ഷകര്‍. ഹിജാബ് ധരിക്കാത്തതിന്റെ പേരിലും സ്വന്തം നിലപാടുകള്‍ വ്യക്തമാക്കുന്നതിന്റെ പേരിലുമാണ് ഇവരില്‍ പലരും അതിക്രൂരമായ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നത്. 

ഈയടുത്ത് രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയാകണമെന്ന് ട്വീറ്റ് ചെയ്ത 15-കാരി പെണ്‍കുട്ടി നേരിട്ട സൈബര്‍ ആക്രമണത്തെ കുറിച്ചുള്ള വാര്‍ത്ത ലോകമാധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്തിരുന്നതാണ്. താന്‍ ഹിജാബ് ധരിക്കുന്നത് അവസാനിപ്പിക്കുകയാണെന്ന് ട്വിറ്ററിലൂടെ പ്രഖ്യാപിച്ച മറിയം ലീ എന്ന യുവതിയും അതിക്രൂരമായ ആക്രമണത്തിനാണ് ഇരയായത്. 'ആളുകള്‍ നിങ്ങളുടെ കാഴ്ചപ്പാടുകള്‍ അംഗീകരിക്കുന്നില്ല എന്നതുമാത്രമല്ല കാര്യം. അവര്‍ നിങ്ങളുടെ നിലനില്‍പ്പിനെ, ആത്മാഭിമാനത്തെ തന്നെ തകിടം മറയ്ക്കുന്ന രീതിയിലാണ് ചിലപ്പോള്‍ ആക്രമണം അഴിച്ചുവിടുക.'

'മുസ്ലീം സ്ത്രീകള്‍ പ്രത്യേകിച്ചും മലേഷ്യന്‍ മുസ്ലീം സ്ത്രീകളെ തിരഞ്ഞുപിടിച്ച് സൈബര്‍ ആക്രമണത്തിന് വിധേയരാക്കുന്ന ഒരു പ്രവണത സൈബര്‍ ലോകത്ത് നിലനില്‍ക്കുന്നുണ്ട്.' മലേഷ്യയിലെ സ്ത്രീ അവകാശ ക്ഷേമ പ്രവര്‍ത്തക ജുനാന ജാഫര്‍ പറയുന്നു. 'നിങ്ങള്‍ക്ക് ഒരു മലേഷ്യന്‍ പേരാണ് ഉള്ളതെങ്കില്‍ നിങ്ങള്‍ വളരെ പെട്ടന്ന് ഇത്തരക്കാരുടെ ശ്രദ്ധയില്‍ പെടുകയും ആക്രമണത്തിന് ഇരയാവുകയും ചെയ്യുന്നു.'

സ്ത്രീശരീരം പുരുഷന്മാരുടെ അഭിപ്രായപ്രകടനങ്ങള്‍ക്കുള്ള തുറന്ന ഇടമാണ്. തല മുതല്‍ കാല്‍പാദം വരെ മറച്ചാലും അതില്‍ കുറ്റം കണ്ടെത്തി സ്ത്രീകളെ ആക്രമിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് ചിലര്‍. സൈബര്‍ ഇടത്തില്‍ ആക്രമണത്തിന് ഇരയായ ഡിഎപി സോഷ്യലിസ്റ്റ് യൂത്ത് എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ ഡയാന സോഫിയ പറയുന്നത് മലേഷ്യയിലെ സ്ത്രീകളുടെ മാത്രം അവസ്ഥയല്ല. സ്വന്തം അഭിപ്രായങ്ങള്‍ തുറന്നുപറയുന്നതിന്റെ പേരില്‍ സ്ത്രീകള്‍ സൈബര്‍ ആക്രമണത്തിന് വിധേയരാകുന്നത് രാജ്യഭേദമന്യേ ഒരു നിത്യസംഭവമായി മാറിക്കഴിഞ്ഞിരിക്കുന്നു.