രുപത്തിയൊന്ന് ദിവസം രാജ്യത്ത് ലോക്ക് ഡൗണ്‍, വര്‍ക്ക് ഫ്രം ഹോം ഒക്കെ പ്രഖ്യാപിക്കുമ്പോള്‍ അധികഭാരം തളര്‍ത്തുന്ന ഒരു വിഭാഗമുണ്ട്. സ്ത്രീകള്‍. ജോലിയുള്ള,ആ ജോലി ഇക്കാലത്ത് വീട്ടിലിരുന്നും ചെയ്യേണ്ടി വരുന്ന സ്ത്രീകള്‍. പുരുഷന്മാര്‍ക്ക് കൊറോണക്കാലം വിശ്രമദിനങ്ങള്‍ ആവുമ്പോള്‍ സ്ത്രീകള്‍ക്ക് കഠിനകാലം ആകാതിരിക്കാന്‍ അവരുടെ കൂടെ നില്‍ക്കേണ്ടതുണ്ട്.

അമ്മയും കുഞ്ഞും ആണല്ലോ പൊതുവേ സ്വീകരിക്കപ്പെട്ടിട്ടുള്ള ബിംബം. കുഞ്ഞുങ്ങള്‍ അവളുടെ ഉത്തരവാദിത്തവും. അവധി തുടങ്ങിയ കുട്ടികള്‍, പുറത്തൊന്നും കൊണ്ടുപോവാന്‍ കഴിയാതെ ഹൈപ്പര്‍ ആക്റ്റീവ് ആകുന്ന അവരെ എന്‍ഗേജ് ചെയ്യിക്കുക എന്നത് അത്ര നിസാര ജോലിയല്ല. വീട്ടിലെ ജോലികളും വീട്ടിലേക്ക് കൊണ്ടുവന്ന ഓഫീസ് ജോലികളും മക്കളും മക്കളുടെ അസംഖ്യം ആവശ്യങ്ങളും കൂടിയാകുമ്പോള്‍ പെണ്ണുങ്ങള്‍ ശരീരവും മനസും കുഴഞ്ഞിരുന്നു പോവും. അവരെ തളരാതെ താങ്ങിനിര്‍ത്തേണ്ടത് കുടുംബത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നതിന്റെ കൂടി ആവശ്യമാണ്.

വീട്ടുജോലികളില്‍ അവളെ സഹായിക്കുക എന്നാണല്ലോ പ്രയോഗം. ആ പ്രയോഗത്തിലൊരു നീതികേടുണ്ട്. ഗാര്‍ഹികജോലികള്‍ അവളുടേതാണ്,ബാക്കിയുള്ളവര്‍ ദയ തോന്നി സഹകരിക്കുന്നു എന്നതാണ് അത് നല്‍കുന്ന ചിത്രം. അവനവന്‍ പെരുമാറുന്ന ഇടങ്ങളിലെ ജോലികള്‍ എല്ലാവരുടെയും ഉത്തരവാദിത്തമാണ് എന്നും കുട്ടികള്‍ അമ്മമാരുടെ മാത്രം ചുമതലയല്ല എന്നും മനസിലാക്കുന്നിടത്താണ് വീട്=അമ്മ എന്ന സമവാക്യം പൊളിച്ചെഴുതുന്നത്. തുല്യനീതിയുടെ ആദ്യത്തെ പടിയും അതുതന്നെ. നമ്മുടെ കുടുംബങ്ങളില്‍ അദൃശ്യമായൊരു പാട്രിയാര്‍ക്കല്‍ ലോകമുണ്ട്. അത് പെട്ടെന്ന് വെളിപ്പെടുകയില്ല. എന്നാല്‍ അതിനെ വളരെ പെട്ടെന്ന് പുറത്തുവരുത്താന്‍ പെണ്ണിന് കഴിയുകയും ചെയ്യും. 

ഒരു ദിവസം,ഒരൊറ്റ ദിവസം അടുക്കളക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു നോക്കൂ. ഒരു നേരം ഊണ്‍മേശയില്‍ വിളമ്പിനിരത്താതിരുന്നു നോക്കൂ, ഒരുമിച്ചു കഴിക്കുമ്പോള്‍ വെള്ളമെടുക്കാതിരുന്നാല്‍ ആരാണ് അടുക്കളയിലേക്കു ഓടേണ്ടത് എന്നോര്‍ക്കൂ, ബാക്കിയുള്ളവരെല്ലാം ഉണ്ടെണീറ്റാല്‍ പാത്രങ്ങള്‍ തിരിച്ചെടുത്തു കൊണ്ട് പോകാതിരിക്കൂ, വൃത്തിയില്ലാത്ത നിലമോ ശുചിമുറികളോ ഉടുവസ്ത്രങ്ങളോ അവശേഷിപ്പിച്ചു നോക്കൂ, മഴ പെയ്യുമ്പോള്‍ ഉണങ്ങാനിട്ട വസ്ത്രങ്ങള്‍ മറന്നുനിന്നു നോക്കൂ.

പെണ്ണ് മാത്രം കൈകാര്യം ചെയ്യേണ്ട ആ ലോകത്തെ കുറിച്ച് വീട് മുഴുവന്‍ വേവലാതിപ്പെടും.നിങ്ങളിങ്ങനെ തുടങ്ങിയാല്‍ ബാക്കിയുള്ളവര്‍ എന്ത് ചെയ്യും എന്ന കപട നിസ്സഹായതകളും ഉയരും. അപ്പോള്‍ ഈ ദുരിതപര്‍വം കടക്കാന്‍ ഒന്നിച്ചു നില്‍ക്കുക എന്നേ ചെയ്യാനുള്ളൂ. ജോലികളും ഉത്തരവാദിത്തങ്ങളും പങ്കിട്ടെടുക്കുക. കുട്ടികള്‍ക്കും ചെറിയ ജോലികള്‍ കൊടുക്കാം.അവരെ സ്വയംപര്യാപ്തരാക്കാന്‍ കിട്ടിയ ഒരവസരം കൂടിയാണ് ഇതെന്ന് ഓര്‍ക്കുക. പങ്കുവയ്ക്കലിലൂടെ അധ്വാനഭാരം കുറയുമ്പോള്‍ നിങ്ങളുടെ പെണ്ണുങ്ങള്‍  ഒഴിവുവേളകള്‍ അവരുടെ മാര്‍ഗങ്ങളില്‍ ആനന്ദകരമാക്കുന്നത് കാണൂ. അങ്ങനെ കൂടുമ്പോള്‍ ഇമ്പമുള്ളതാക്കി കുടുംബത്തെ അക്ഷരാര്‍ത്ഥത്തില്‍ മാറ്റൂ.

എത്ര സ്ത്രീകള്‍ക്ക്  സ്വന്തമായൊരു മുറിയുണ്ട്? വിര്‍ജിനീയ വുള്‍ഫ് പറഞ്ഞതുപോലെ 'സ്വന്തമായൊരു മുറി' തന്നെയാണ് അവളുടെ ആദ്യത്തെ സ്വാതന്ത്ര്യ പ്രഖ്യാപനം. ഏറ്റവും ചുരുങ്ങിയത് ഓഫീസിലെ ജോലികള്‍ ചെയ്യാന്‍ സ്വസ്ഥമായൊരു ഇടമെങ്കിലും അവള്‍ക്ക് വേണം.

കഴിഞ്ഞ ദിവസം വിളിച്ച ഒരു കൂട്ടുകാരി പങ്കുവച്ച ആശങ്കയെ കൂടി ഗൗരവമായി സമീപിക്കേണ്ടതുണ്ട്. ഭര്‍ത്താവ് ജോലിസംബന്ധമായി മറ്റൊരിടത്താണ്. ഗതാഗതമാര്‍ഗങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ വീട്ടിലെത്താന്‍ കഴിയില്ല. അവള്‍ വീട്ടില്‍ ഒറ്റപ്പെട്ടുപോയി. അടുത്തുതാമസിക്കുന്നവരൊക്കെ സ്വന്തം നാടുകളിലേക്ക് പോവുകയും ചെയ്തു. പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയില്‍ അവള്‍ വലിയ മാനസിക സംഘര്‍ഷത്തിലായി. സ്വാഭാവികമാണ് ഇത്തരം മാനസികപ്രശ്‌നങ്ങള്‍. ആവശ്യമുള്ളവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ട്. അത്തരം കാര്യങ്ങളെ ആശ്രയിക്കാന്‍ മടിക്കേണ്ട. 

അപ്‌ഡേറ്റ് ആയിരിക്കുക എന്നത് ഈ പ്രതിസന്ധിക്കാലത്തെ അനിവാര്യതയാണ്. എന്താണ് ചുറ്റും നടക്കുന്നത് എന്ന കൃത്യമായ ധാരണ ഉണ്ടായിരിക്കണം. വിവരങ്ങള്‍ക്ക് വിശ്വാസ്യയോഗ്യമായ സോഴ്‌സിനെ മാത്രം ആശ്രയിക്കുക. കുട്ടികള്‍ക്കും ഈ പുതിയ സ്ഥിതിവിശേഷങ്ങളെക്കുറിച്ച് വ്യക്തമായ അറിവ് നല്‍കണം.

ഇരുപത്തിയൊന്ന് ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപനം വന്നപ്പോള്‍ ഞാനും പങ്കാളിയും ഒപ്പുവച്ചൊരു ഉടമ്പടിയുണ്ട്.പാതി തമാശയില്‍ എഴുതി തയ്യാറാക്കിയതാണെങ്കിലും പ്രാവര്‍ത്തികമാക്കുമ്പോള്‍ ജോലിഭാരം മാത്രമല്ല പിരിമുറുക്കങ്ങള്‍ കൂടി കുറയുന്നുണ്ട്.ഉടമ്പടിയിലെ പ്രധാന കരാറുകള്‍ ഇവയാണ്:

1. വീട്ടുജോലികള്‍ രണ്ടുപേരും പരസ്പര സഹകരണത്തോടെ തീര്‍ക്കേണ്ടതാണ്.

2. കുഞ്ഞിന്റെ കൂടെ കൂടുതല്‍ സമയം ക്രിയാത്മകമായി ചെലവിടണം

4. സമൂഹമാധ്യമങ്ങളുടെ സഹായത്തോടെ വീടിനകത്ത് തന്നെ ഏര്‍പ്പെടാവുന്ന വിനോദങ്ങള്‍ കണ്ടെത്തുക.കുട്ടികളോടൊപ്പം അതില്‍ പങ്കുചേരുക.

3. സ്മാര്‍ട്‌ഫോണ് ഉപയോഗം ദിവസത്തില്‍ നാല് മണിക്കൂര്‍ മാത്രമായി നിജപ്പെടുത്തണം.

4. മിതവ്യയം ശീലിക്കണം.രാജ്യം വലിയൊരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ ഇത് അത്യാവശ്യമാണ്.

5. ലോക്ക് ഡൗണ്‍ ദിവസങ്ങളില്‍ സര്‍ഗാത്മകമായി ചെയ്യാനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് കണ്ടെത്തണം

5. വ്യക്തിശുചിത്വം കര്‍ശനമായി പാലിക്കണം. വീട്ടിലെ സ്ത്രീജനം മാത്രമല്ല, പുരുഷപ്രജകളും.

6. പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിലേക്ക് പോഷകങ്ങള്‍ ഭക്ഷണത്തില്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തുക.

7. വീടിനകത്ത്  തന്നെ കഴിയാന്‍ നിര്‍ബന്ധിതരാവുന്ന കുട്ടികളുടെ മാനസികാരോഗ്യം ശ്രദ്ധിക്കണം.

8. പുതിയ കാര്യങ്ങള്‍ പഠിക്കാനും മറന്നുതുടങ്ങിയ കഴിവുകള്‍ പുറത്തെടുക്കാനും ഈ ദിവസങ്ങള്‍ ഉപയോഗിക്കാം.

ഇത്രയൊക്കെയേ നമുക്ക് ചെയ്യുവാനുള്ളൂ. 'കഠിനകാലം കദനമൊരല്പമാ 
കവിളിണയില്‍ കലര്‍ത്താതിരിക്കണേ' എന്ന് ആഗ്രഹിക്കയും....

Content Highlights: the lockdown in India Women face doubled the burden of work