ന്തെങ്കിലും ശാരീരിക വൈകല്യങ്ങള്‍ ബാധിച്ചവരുടെ സമൂഹിക ജീവിതം പലപ്പോഴും അത്ര എളുപ്പമാവാറില്ല. ഒന്നുകില്‍ സഹതാപം, അല്ലെങ്കില്‍ പരിഹാസം ഇവയൊക്കെയാവും പലപ്പോഴും ഇത്തരക്കാര്‍ നേരിടേണ്ടി വരുക. അതിനനര്‍ത്ഥം അവര്‍ക്ക് ജീവിതത്തില്‍ നേട്ടങ്ങളൊന്നും കൊയ്യാനാവില്ലെ എന്നുമല്ല. അത്തരത്തില്‍ വിജയം നേടിയവരുടെ ധാരാളം കഥകള്‍ നമ്മള്‍ കേട്ടിട്ടുമുണ്ട്. അത്തരമൊരു അനുഭവമാണ് ബ്രീ കോക്‌സ് എന്ന പെണ്‍കുട്ടിയുടേത്. സ്‌കൂള്‍ ഡാന്‍സ് ടീമില്‍ ഇടം നേടിയ സന്തോഷം തന്റെ പിതാവുമായി പങ്കുവയ്ക്കുന്ന ബ്രീയുടെ വീഡിയോ വൈറലാകുകയാണ് ഇപ്പോള്‍.

മറെ സ്വദേശിനിയായ പതിനാല് വയസ്സുകാരി ബ്രീ ഡൗണ്‍സിന്‍ഡ്രം ബാധിതയാണ്. എന്നാല്‍ അത്തരത്തില്‍ പ്രത്യേകപരിചരണ ആവശ്യമുള്ളവര്‍ക്കെല്ലാം മാതൃകയാവുകയാണ് ബ്രീയിപ്പോള്‍. 

അമ്മ കെയ്‌സാ കോക്‌സാണ് ഡാന്‍സിങ്ങ് ടീമില്‍ ഇടം നേടിയ മകളുടെ പ്രതികരണം ഫോണില്‍ പകര്‍ത്തിയത്. 'സ്‌കൂളില്‍ നിന്ന്  ഈ  വാര്‍ത്ത അറിഞ്ഞപ്പോള്‍ അവള്‍ വലിയ സന്തോഷമൊന്നും കാണിച്ചില്ല. അത് എനിക്ക് ചെറിയ ആശങ്ക ഉണ്ടാക്കിയിരുന്നു. എന്നാല്‍ രാത്രിയില്‍ ജോലി സ്ഥലത്തുള്ള പിതാവിനെ വിളിച്ച് അവള്‍ തന്റെ സന്തോഷം പങ്കുവച്ചു. സന്തോഷം കൊണ്ട് അവള്‍ കരയുകയായിരുന്നു. ആദ്യമായാണ് ബ്രീയെ താന്‍ ഇങ്ങനെ കാണുന്നത്. വേദനകള്‍ വരുമ്പോഴല്ലാതെ അവള്‍ കരയുന്നത് ഞാന്‍ കണ്ടിട്ടില്ല.' അമ്മ വീഡിയോക്കൊപ്പം കുറിച്ചു.

women

ബ്രീക്ക് അവളില്‍ തന്നെ ഒരു വിശ്വാസവും അഭിമാനവും തോന്നി എന്നും അമ്മ പറയുന്നുണ്ട്. ബ്രീയുടെ മൂത്ത് രണ്ട് സഹോദരിമാരും സ്‌കൂള്‍ ഡാന്‍സ് ടീമില്‍ അംഗത്വം നേടിയിരുന്നു. എന്നാല്‍ ഡൗണ്‍സിന്‍ഡ്രം ബാധിതയായതിനാല്‍ ബ്രീ മാറ്റിനിര്‍ത്തപ്പെടുമോ എന്നായിരുന്നു അമ്മയുടെ ഭയം. എന്നാല്‍ അതൊക്കെ കാറ്റില്‍ പറത്തിയാണ് ബ്രീയുടെ ഈ നേട്ടം. ചെറുതെങ്കിലും മകളുടെ ഈ സന്തോഷം ആഘോഷമാക്കാനാണ് കുടുംബത്തിന്റെ തീരുമാനം.  'അവള്‍ക്ക് ഡാന്‍സ് വലിയ ഇഷ്ടമാണ്. തന്റെ സഹോദരിമാരെ പോലെ തന്നെയാകാനാണ് അവളുടെ ആഗ്രഹം.' 

കോക്‌സ് കുടുംബത്തിന് ഏഴ് മക്കളാണ് ഉള്ളത്. മൂന്ന് കുട്ടികള്‍ ഡൗണ്‍സിന്‍ഡ്രം ബാധിതരാണ്.  എന്നാല്‍ അവരെ സാധാരണ കുട്ടികളെ പോലെ വളരാന്‍ പ്രാപ്തരാക്കാനാണ് കുടുംബത്തിന്റെ ശ്രമം.

Content Highlights: Teen With Down Syndrome Got The Internet Wiping  Tears With Her After She Makes The School’s Dance Team