സി.ബി.എസ്.ഇ പത്താം ക്ലാസ്സ്, പന്ത്രണ്ടാം ക്ലാസ്സ് ടേം ഒന്ന് പരീക്ഷയ്ക്ക് ഇന്‍വിജിലേഷന്‍ ഡ്യൂട്ടിയിലേര്‍പ്പെട്ട ഒരു അനുഭവം പങ്കുവയ്ക്കുകയാണ് അധ്യാപികയും കഥാകാരിയുമായ രജനി സുരേഷ്

രാംദാസിനേയും ഇഷാനിയേയും എനിക്കറിയില്ലായിരുന്നു. ഞാനവരെ പഠിപ്പിക്കുന്നില്ലെന്നതിനാല്‍ തന്നെ അറിയില്ലെന്നു പറയുകയായിരുന്നു തുടക്കത്തില്‍ ചെയ്തു കൊണ്ടിരുന്നത്. പക്ഷേ... ഇപ്പോള്‍ അവരെക്കുറിച്ച് എല്ലാം എനിക്കറിയാം. ഒരു നീണ്ട കഥയെഴുതാം. രാംദാസും ഇഷാനിയും പ്രിയ വിദ്യാര്‍ഥികളുടെ 'സ്‌ക്രൈബ് ' ആയിരുന്നു എന്നതിനേക്കാള്‍, അവരുടെ മനസ്സറിഞ്ഞവരായിരുന്നു എന്നു പറയുന്നതാവും ഉചിതം.

രണ്ടു കുട്ടികള്‍ക്ക് ചിറകു വിരിച്ച് പറക്കാന്‍ അവസരം നല്‍കിയ രാംദാസും ഇഷാനിയും ഇനിയെന്റെ പ്രിയ ശിഷ്യര്‍.

അവരോടൊപ്പമുള്ള നീണ്ട രണ്ടു മണിക്കൂര്‍ അത്രമാത്രം വിലയേറിയ നിമിഷങ്ങളായിരുന്നു എനിക്ക്! സ്‌കൂള്‍ കാലഘട്ടങ്ങളില്‍ പഠിച്ചു... ഇപ്പോള്‍ എന്റെ ഓര്‍മകളില്‍ നിറം മങ്ങിയ സോഷ്യല്‍ സയന്‍സ് പരീക്ഷ നടക്കുന്ന ദിവസം. ഞാനിഷ്ടപ്പെട്ടിരുന്ന വിഷയം. അന്നായിരുന്നു ആ ക്ലാസ്സില്‍ ഇന്‍വിജിലേഷന്‍ ഡ്യൂട്ടി കിട്ടിയത്.

ചോദ്യപേപ്പര്‍ നല്‍കി. ആദ്യത്തെ ഇരുപതു മിനിറ്റ് കൂളിംഗ് ടൈം. ഇഷാനി വായിക്കുകയാണ്. തൊട്ടപ്പുറത്തിരിക്കുന്ന അവനു വേണ്ടി... അവന്റെ സജീവ കൂട്ടുകാരിയായി അവള്‍ വായിക്കുന്നു. നൂറായിരം ഭാവങ്ങള്‍.. നൂറായിരം ശബ്ദനിയന്ത്രണങ്ങളോടെ

അവര്‍ അടയാളപ്പെടുത്തുകയാണ്. ഞാന്‍ മുന്നില്‍ കാണുന്ന ലോകം ഫ്രാന്‍സ്, ജര്‍മ്മനി... അവര്‍ രാജ്യങ്ങളായത്, അവര്‍ക്ക് ഒരു ഭരണ സംവിധാനം ഉണ്ടായത്!
പിന്നീടെപ്പോഴോ ഇഷാനിയുടെ കൈകളിലൂടെ പുഴയൊഴുകുന്നു.

രാംദാസിന്റെ സമചിത്തതയെ, ക്ഷമയെ, ക്രമാനുക്രമമായ അവതരണ രീതിയെ ഞാന്‍ അദ്ഭുതാദരങ്ങളോടെ നോക്കിക്കാണുകയാണ്.

പരീക്ഷ എഴുതുവാന്‍ തുടങ്ങേണ്ട ബെല്‍ മുഴങ്ങി. എന്റെ ഹൃദയത്തില്‍ ആ ശബ്ദം മാറ്റൊലിക്കൊണ്ടു.

ഒരു ടീച്ചര്‍ക്ക് ഇത്രമാത്രം മാനസിക വ്യാപാരങ്ങള്‍ ഇങ്ങനെയൊരു അവസ്ഥയില്‍ ഉണ്ടാകുവാന്‍ തരമുണ്ടോ?... അറിയില്ല.

എന്തായാലും രാംദാസും ഇഷാനിയും എന്റെ ഹൃദയത്തില്‍ രേഖപ്പെടുത്തപ്പെട്ടു കഴിഞ്ഞിരുന്നു. പകര്‍പ്പെഴുത്തിനപ്പുറം അവരെ ഞാന്‍ എന്റെ ഹൃദയത്തോടു കൂട്ടിച്ചേര്‍ത്തു.

പരീക്ഷയ്ക്കിടയില്‍ ഇഷാനിയുടെ അവനോടുള്ള സ്‌നേഹശാസനകള്‍ എന്നെ ആകര്‍ഷിച്ചു.

എഴുതി തീര്‍ക്കാനുള്ള തന്റെ കൂട്ടുകാരന്റെ അക്ഷമയെ രാംദാസ് കൈകാര്യം ചെയ്യുന്ന രീതി കണ്ട് ഞാന്‍ ആശ്ചര്യപ്പെടുകയും ചെയ്തു.

ഇവര്‍ ദൈവദൂതര്‍... അവന് 'സ്‌ക്രൈബ് 'ആയി രാംദാസ് എന്നൊരു കുട്ടി വരുന്നുണ്ടെന്ന് ഞാന്‍ നേരത്തെ അറിഞ്ഞിരുന്നു. അക്ഷരങ്ങളെ പ്രണയിക്കുന്ന രാംദാസിന് ഞാനെന്റെ കഥാസമാഹാരം സ്‌നേഹത്തോടെ സമ്മാനിച്ചു.

ഒരു ദിവസം ആ ക്ലാസ്സില്‍ അപ്രതീക്ഷിതമായി കിട്ടിയ ഇന്‍വിജിലേഷന്‍ ഡ്യൂട്ടിയിലാണ് ഇഷാനിയെന്ന മാലാഖയെ അറിഞ്ഞത്. അവള്‍ കുഞ്ഞിച്ചിറകുകള്‍ പറത്തി ജനലിലൂടെ അവന്റെ അടുത്തേക്ക് കടന്നിരുന്നതു പോലെ ...

ഞാന്‍ കണ്ട മാലാഖയ്ക്കും എന്റെ പ്രാണന്‍  കരുതി വച്ചിട്ടുണ്ട്.. കാത്തുവച്ചിട്ടുണ്ട്. ഒരു കഥാപ്രപഞ്ചം. ഇനി കാണുമ്പോള്‍ നല്‍കണം ആ കഥകള്‍.

ഇന്ന് സാന്ദര്‍ഭികമായി ദൈവദൂതനേയും മാലാഖയേയും കുറിച്ച് ഞാന്‍ പ്രിന്‍സിപ്പലിനോട് വാചാലമായി സംസാരിച്ചു.

പ്രിന്‍സിപ്പല്‍ ചിരിച്ചു കൊണ്ട് അന്വേഷിച്ചു.

'രജനിയ്ക്ക് ആ ക്ലാസ്സില്‍ ഒരിക്കല്‍ കൂടി പോകണമെന്നുണ്ടോ? ഞാന്‍ അവിടെത്തന്നെ തുടര്‍ന്നുള്ള ഡ്യൂട്ടി തരാം.'

ഞാന്‍ ചിരിച്ചു.

ഇനിയെനിക്ക് മറ്റൊരു സ്‌കൂളിലേക്കാണ് പരീക്ഷയുമായി ബന്ധപ്പെട്ട് പോകേണ്ടത്. അവിടെയും ഉണ്ടായിരിക്കും ഇവര്‍... ദൈവദൂതര്‍.

ഇഷാനീ... രാംദാസ്... പറയുവാന്‍ വാക്കുകളില്ല. ആ രണ്ടു മണിക്കൂര്‍. എന്നിലെ ഓര്‍മകള്‍ നശിക്കാത്തിടത്തോളം കാലം ഞാനവ ഓര്‍മിക്കും. വീണ്ടും പ്ലേ ചെയ്ത് കണ്ടു കൊണ്ടിരിക്കും.

എന്തെന്നാല്‍ ദൈവം ഭൂമിയിലേയ്ക്കയച്ച എന്റെ പ്രിയപ്പെട്ടവരെ കാണാന്‍ എനിക്കേറെ കൊതിയാണ്.

ഇഷ്ടമാണ് എന്നെന്നും ... ഹൃദയസ്പര്‍ശിയായ ഒരു പിടി ഓര്‍മകള്‍ നല്‍കിയ എന്റെ പ്രിയ പുതുതലമുറ... നന്ദി ... ഒരായിരം നന്ദി. സ്‌നേഹപൂര്‍വം രജനി ടീച്ചര്‍.

Content Highlights: Teacher Rajani Suresh shares her teaching experience