കോവിഡിനെ അതിജീവിച്ചവരില്‍ ഭൂരിഭാഗം പേരും ഇപ്പോഴും മാനസിക ശാരീരിക വിഷമതകള്‍ അനുഭവിക്കുന്നുണ്ട്. നടി തമന്നയും കോവിഡ് അതിഭീകരമായി പിടിമുറുക്കിയ കഥ പങ്കുവച്ചിരുന്നു. നാളുകള്‍ നീണ്ട വിശ്രമവും ചികിത്സയുമാണ് തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതെന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ കോവിഡാനന്തരം വണ്ണംവച്ചതിന്റെ പേരിലും സമൂഹമാധ്യമത്തില്‍ ട്രോളുകള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുകയാണെന്ന് പറയുകയാണ് തമന്ന.

കഴിഞ്ഞ മാസമാണ് കോവിഡ് ബാധിച്ച വിവരവും അതിനെതിരെയുള്ള പോരാട്ട ത്തെക്കുറിച്ചും തമന്ന പങ്കുവച്ചത്. തുടര്‍ന്ന് പങ്കുവച്ച ചിത്രങ്ങള്‍ക്ക് കീഴെ വണ്ണം കൂടിയതിന്റെ പേരില്‍ തന്നെ ബോഡിഷെയിമിങ്ങിന് ഇരയാക്കുകയാണെന്ന് തമന്ന പറയുന്നു. കോവിഡ് കാലത്തുടനീളം താന്‍ ധാരാളം മരുന്നുകള്‍ കഴിച്ചിരുന്നു. അതിന്റെ അനന്തരഫലമെന്നോണം വണ്ണവും വര്‍ധിച്ചു. ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ തടിച്ചി എന്നു വിളിക്കുന്നവരുണ്ട്. ആ വ്യക്തി കടന്നുപോയ സാഹചര്യത്തെ മനസ്സിലാക്കുന്നതിനു പകരം കുറവുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതിന്റെ തെളിവാണ് ഇവയെന്നും തമന്ന പറയുന്നു. 

ചികിത്സാകാലത്ത് തനിക്ക് അതിയായ ഭയമുണ്ടായിരുന്നുവെന്നും തമന്ന പറയുന്നു. മരിക്കുമോ എന്ന ഭയമായിരുന്നു. ഗുരുതരമായ ലക്ഷണങ്ങളും തനിക്കുണ്ടായിരുന്നു, ഡോക്ടര്‍മാരാണ് തന്നെ രക്ഷിച്ചത്, ഒപ്പം പിന്തുണച്ച മാതാപിതാക്കള്‍ക്കും ഏറെ നന്ദി പറയണം. ജീവിതം എത്രത്തോളം മൂല്യമുള്ളതാണെന്ന് തിരിച്ചറിഞ്ഞ ദിനങ്ങളാണവ-തമന്ന പറയുന്നു. 

ഓഗസ്റ്റില്‍ തമന്നയുടെ മാതാപിതാക്കള്‍ക്കാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. അന്ന് തമന്നയ്ക്കും കോവിഡ് ടെസ്റ്റ് നടത്തിയെങ്കിലും പരിശോധനാഫലം നെഗറ്റീവായിരുന്നു. ശേഷം ഒരുമാസം കഴിഞ്ഞ് വെബ്‌സീരീസ് ഷൂട്ടിങ്ങിന്റെ ഭാഗമായി ഹൈദരാബാദില്‍ എത്തിയ സമയത്താണ് കോവിഡ് ലക്ഷണങ്ങള്‍ കാണുന്നത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. 

Content Highlights: Tamannaah Bhatia Replies To Trolls After Being Called ‘Fat’ While Recovering From COVID