ണ്ടു പെൺകുട്ടികളെ ദത്തെടുത്ത് വാർത്തയിൽ നിറഞ്ഞ താരമായിരുന്നു ബോളിവുഡ് താരം സുസ്മിത സെൻ. പെൺമക്കളുടെ വിശേഷങ്ങളും സുസ്മിത നിരന്തരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സുസ്മിതയുടെ ചുവടുപിടിച്ച് മറ്റൊരു ബിടൗൺ താരം കൂടി ദത്തെടുക്കാൻ ഒരുങ്ങുകയാണ്. നടി സ്വര ഭാസ്കറാണ് ദത്തെടുക്കാൻ പോകുന്ന വിവരം തുറന്നു പറഞ്ഞിരിക്കുന്നത്.

ഫ്രീ പ്രസ് ജേർണലിന് നൽകിയ അഭിമുഖത്തിലാണ് സ്വര ഇക്കാര്യം പങ്കുവെച്ചത്. ഇന്ത്യയിൽ സിം​ഗിൾ മദറിന് ദത്തെടുക്കാൻ അനുമതിയുണ്ട്, അതിൽ താൻ ഭാ​ഗ്യവതിയാണെന്ന് സ്വര പറയുന്നു. വിവാഹിതരാകാത്തവർ കുട്ടികളെ ദത്തെടുക്കുമ്പോൾ നേരിടുന്ന ചോദ്യങ്ങളെക്കുറിച്ചും സ്വര പറയുന്നു. ഇപ്പോൾ കുട്ടികളെ ദത്തെടുത്താൽ ഇനി ആരാണ് തന്നെ വിവാഹം കഴിക്കാൻ വരിക എന്നാണ് പലരും ചോദിച്ചതെന്ന് സ്വര പറയുന്നു. എന്നാൽ തനിക്ക് മാതാപിതാക്കളുടെയും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും അകമഴിഞ്ഞ പിന്തുണ ഉണ്ടെന്നും മറ്റൊന്നും താൻ കാര്യമാക്കാനില്ലെന്നും സ്വര പറയുന്നു. 

കുട്ടികളെ വളർത്താൻ കുടുംബത്തിന്റെ പിന്തുണ കൂടി തേടുന്നതിൽ തെറ്റു തോന്നുന്നില്ലെന്നും സ്വര പറയുന്നു. ​ഗ്രാമങ്ങളിൽ പോലും തൊഴിലിനു പോകുന്നവർ ചെറിയ കുട്ടികളെ കുടുംബത്തെ ഏൽപിച്ചാണ് പോകാറുള്ളത്. പൂർണമായും രക്ഷിതാവ് മാത്രമായി  ചടഞ്ഞിരിക്കാൻ ആർക്കും താൽപര്യമുണ്ടാകില്ല. അത് വളരെ സ്വാഭാവികമാണ്. കുട്ടികളെ തനിച്ചു വളർത്തുന്ന രീതിയല്ല ഇന്ത്യയിലേത്. പിന്തുണ നൽകുന്ന നിരവധി ഘടകങ്ങൾ ചുറ്റിപ്പറ്റിയുണ്ടാവും. അതൊരു മോശം കാര്യമല്ല. തനിക്ക് അത്തരമൊരു പിന്തുണ നൽകുന്ന കുടുംബം ഉള്ളതിൽ സന്തുഷ്ടയാണെന്നും അമ്മയാവാൻ കാത്തിരിക്കുകയാണെന്നും സ്വര പറഞ്ഞു. 

ദത്തെടുക്കൽ പ്രക്രിയയ്ക്ക് പിന്നിൽ ധാരാളം ചുവടുകളുണ്ടെന്നും സ്വര പറയുന്നു. നിലവിൽ താൻ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയാണ്. ഒരു കുഞ്ഞിനെ കിട്ടാൻ എത്രകാലം കഴിയുമെന്നറിയില്ല. ചിലപ്പോൾ മൂന്നുവർഷമൊക്കെ നീണ്ടുപോയേക്കാം. പക്ഷേ ദത്തെടുത്ത കുഞ്ഞിന്റെ അമ്മയാവാൻ കാത്തിരിക്കുകയാണ്- സ്വര പറഞ്ഞു.

നേരത്തേയും അനാഥക്കുഞ്ഞുങ്ങളെ ദത്തെടുക്കാൻ താൽപര്യമുള്ളതിനെക്കുറിച്ച് സ്വര തുറന്നുപറഞ്ഞിരുന്നു. അന്തിമ തീരുമാനം എടുക്കും മുമ്പ് ദത്തെടുക്കലിനെക്കുറിച്ച് പൂർണമായ വിവരങ്ങൾ തേടുകയും ദത്തെടുത്ത മാതാപിതാക്കളെ കാണുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ദീപാവലിക്ക് ഡൽഹിയിലെ പെൺകുട്ടികളുടെ അനാഥാലയത്തിൽ ആ​ഘോഷിച്ച സ്വര സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റിയിൽ ദത്തെടുക്കാൻ താൽപര്യം അറിയിച്ച് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. 

Content Highlights: swara bhaskar on adoption single parenting , adoption process