രുപത്തിയൊന്ന് വർഷങ്ങൾക്കിപ്പുറം ഇന്ത്യൻ മണ്ണിൽ വിശ്വസുന്ദരിപ്പട്ടം തിരികെയെത്തിച്ച ഹർനാസ് സന്ധുവിന് അഭിനന്ദനങ്ങളുമായി മുൻ മിസ് യൂണിവേഴ്സും നടിയുമായ സുസ്മിത സെൻ. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് സുസ്മിത ഹർനാസിന് അഭിനന്ദക്കുറിപ്പ് പങ്കുവെച്ചത്. 

ഹർനാസിനെ ഓർത്ത് ഏറെ അഭിമാനിക്കുന്നുവെന്ന് സുസ്മിത കുറിച്ചു. ഇന്ത്യയെ മനോഹരമായി പ്രതിനിധീകരിച്ചതിനും ഇരുപത്തിയൊന്ന് വർ‌ഷങ്ങൾക്കിപ്പുറം വിശ്വസുന്ദരിപട്ടം തിരികെയെത്തിച്ചതിനും നന്ദി. മിസ് യൂണിവേഴ്സ് എന്ന ഈ അവിശ്വസനീയമായ ആ​ഗോള തട്ടകം പകരുന്ന ​ഗ്രഹിക്കലിന്റെയും പങ്കുവെക്കലിന്റെയും ഓരോ നിമിഷവും ആസ്വദിക്കാനാവട്ടെ. അമ്മയ്ക്കും കുടുംബത്തിനും എന്റെ സ്നേഹാന്വേഷണങ്ങൾ. ഒരുപാട് ആശംസകൾ- സുസ്മിത കുറിച്ചു.

1994ൽ സുസ്മിത സെൻ മിസ് യൂണിവേഴ്സ് കിരീടം സ്വന്തമാക്കുന്നത്. പിന്നീട് 2000ത്തില്‍ ലാറാ ദത്തയാണ് വീണ്ടും അഭിമാനകരമായ നേട്ടം കരസ്ഥമാക്കിയത്. ലാറയും ഹർനാസിനെ അഭിനന്ദിച്ച് ട്വീറ്റ് പങ്കുവെച്ചു. 

അഭിനന്ദനങ്ങൾ ഹർനാസ് സന്ധു, വെൽകം ടു ദ ​ക്ലബ്. നമ്മൾ നീണ്ട ഇരുപത്തിയൊന്നു വർഷങ്ങളാണ് ഇതിനായി കാത്തിരുന്നത്. നിന്നെയോർത്ത് ഞങ്ങൾ അഭിമാനിക്കുന്നു. ഒരു ബില്യൺ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെട്ടു- എന്നാണ് ലാറ കുറിച്ചത്.

1994ൽ സുസ്മിത സെന്നിന്റെ നേട്ടത്തിനുശേഷം ഇന്ത്യയിൽ കിരീടം എത്തിച്ച സുന്ദരിയാണ് ലാറ. 2000ത്തില്‍ സൈപ്രസിലെ നികോസിയായില്‍ വച്ചാണ് മിസ് യൂണിവേഴ്‌സ് മത്സരം അരങ്ങേറിയത്. അതേ വര്‍ഷത്തില്‍ നടി പ്രിയങ്ക ചോപ്ര മിസ് വേള്‍ഡ് പട്ടവും ദിയാ മിര്‍സ മിസ് ഏഷ്യ പസഫിക് കിരീടവും സ്വന്തമാക്കി. 

രണ്ടായിരത്തില്‍ ലാറ ദത്ത മിസ് യൂണിവേഴ്‌സ് ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഹർനാസ് ആണ് വീണ്ടും ഇന്ത്യക്കായി കിരീടം നേടുന്നത്. പരാഗ്വേയുടെയും ദക്ഷിണാഫ്രിക്കയുടെയും സുന്ദരിമാരെ മറികടന്നാണ് ഹര്‍നാസ് സന്ധുവിന്റെ കിരീടനേട്ടം.

2020 ലെ മിസ് യൂണിവേഴ്‌സ് ആയിരുന്ന മെക്‌സിക്കോയില്‍ നിന്നുള്ള ആന്‍ഡ്രിയ മെസയാണ് സന്ധുവിന് കിരീടം സമ്മാനിച്ചത്. പരാഗ്വേ ഫസ്റ്റ് റണ്ണര്‍അപ്പും ദക്ഷിണാഫ്രിക്ക സെക്കന്‍ഡ് റണ്ണറപ്പുമായി.

Content Highlights: susmita sen miss universe, harnaaz sandhu miss universe, miss universe 2021 winner