ഫിറ്റ്നസിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത താരമാണ് ബോളിവുഡ് നടി സുസ്മിത സെൻ. യുവാക്കളെപ്പോലും വെല്ലുന്ന ചുറുചുറുക്കിന് പിന്നിലും താരത്തിന്റെ ചിട്ടയോടെയുള്ള ജീവിതശൈലിയാണ്. അടുത്തിടെ ഒരു സർജറിയിലൂടെ കടന്നുപോയതിനെക്കുറിച്ച് സുസ്മിത പങ്കുവെച്ചിരുന്നു. തുടർന്നുള്ള കുറച്ചുകാലം വ്യായാമത്തോട് വിട്ടുനിന്ന താരം ഇപ്പോഴിതാ വീണ്ടും തനിക്കേറ്റവും പ്രിയപ്പെട്ട വർക്കൗട്ടിലേക്ക് തിരികെയെത്തിയിരിക്കുകയാണ്.

ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വിശ്രമം കഴിഞ്ഞ് വർക്കൗട്ട് പുനരാരംഭിച്ചതിന്റെ ഫോട്ടോകളാണ് ആണ് സുസ്മിത പങ്കുവെച്ചിരിക്കുന്നത്. വർക്കൗട്ട് ചെയ്യുന്ന രണ്ടു ചിത്രങ്ങൾക്കൊപ്പം ഒരു കുറിപ്പും സുസ്മിത പങ്കുവെച്ചിട്ടുണ്ട്. വർക്കൗട്ട് തനിക്ക് മിസ് ചെയ്തിരുന്നു എന്നും ആറുമാസമായി വ്യായാമം ചെയ്തിരുന്നില്ലെന്നും സുസ്മിത കുറിച്ചു. 

ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ആറാഴ്ച്ചത്തെ വിശ്രമകാലം കഴിയാൻ ദിവസങ്ങളെണ്ണി കാത്തിരിക്കുകയായിരുന്നു എന്നും ഏറെ ഇഷ്ടപ്പെടുന്ന അച്ചടക്കത്തിലേക്ക് തിരികെയെത്തിയെന്നും സുസ്മിത കുറിച്ചു. 

അടുത്തിടെയാണ് സുസ്മിത സർജറിയെക്കുറിച്ചുള്ള വിവരങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. നാൽപത്തിയാറാം പിറന്നാളിനോട് അനുബന്ധിച്ച് പങ്കുവെച്ച ഇൻസ്റ്റ​ഗ്രാം ലൈവിലാണ് സുസ്മിത സർജറിയെക്കുറിച്ച് പങ്കുവെച്ചത്. പലകാര്യങ്ങളെക്കുറിച്ചും ആരാധകരുമായി പങ്കുവെക്കാനുണ്ട്. സർജറിയെക്കുറിച്ച് പോസ്റ്റ് ചെയ്തപ്പോൾ പലരും ആശങ്കപ്പെട്ടിരുന്നു. താനിപ്പോൾ സുഖമായിരിക്കുന്നു. അറിയിക്കേണ്ടതുണ്ടെന്നു തോന്നുന്ന കാര്യങ്ങൾ താൻ ഉറപ്പായും പങ്കുവെച്ചിരിക്കും. അതേക്കുറിച്ച് ആശങ്കപ്പെടരുത്. ദൈവത്തിന്റെ അനു​ഗ്രഹം കൊണ്ട് എല്ലാം നല്ലപടിയിൽ അവസാനിച്ചു. സുഖം പ്രാപിച്ചു വരികയാണ്. - സുസ്മിത പറഞ്ഞു.

ഒപ്പം പിന്തുണ നൽകുന്ന എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട് ഒരു കുറിപ്പും താരം പങ്കുവെച്ചിരുന്നു. ഈ ജന്മദിനത്തിൽ രണ്ടാംജന്മം ലഭിച്ചതുപോലെയാണ് തോന്നുന്നത് എന്നതിൽ കവിഞ്ഞ് ഒന്നും പറയാൻ കഴിയുന്നില്ല. ഒപ്പം നിങ്ങളോട് ഒരു ചെറിയ രഹസ്യം പങ്കുവെക്കുന്നു. ആര്യ ടുവിന്റെ ഷൂട്ടിനുശേഷം നവംബർ പതിനാറിന് ഒരു സർജറിക്ക് വിധേയയായി. ഓരോദിനം കഴിയുമ്പോഴും അത്ഭുതകരമായി സുഖംപ്രാപിച്ചുവരുന്നു.- സുസ്മിത കുറിച്ചു.

നാൽപത്തിയാറാം ജന്മദിനം ആരോ​ഗ്യകരമായ പുതിയൊരു തുടക്കം കുറിക്കുകയാണ്, ഒപ്പം പുതിയ ലുക്കും. നിരവധി കാര്യങ്ങൾ മുന്നിലുണ്ട്. എല്ലാത്തിലുമുപരി ജീവിച്ചിരിക്കുന്നു എന്നതു തന്നെയാണ് ഏറ്റവും വലിയ സമ്മാനമെന്നും സുസ്മിത അന്നു കുറിച്ചിരുന്നു. 

Content Highlights: sushmita sen workout video, sushmita sen fitness, sushmita sen surgery