നാല്‍പതു കടന്നിട്ടും ബിടൗണിലെ യുവതാരങ്ങളെപ്പോലും വെല്ലുന്ന സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന താരങ്ങളിലൊരാളാണ് നടി സുസ്മിത സെന്‍. കൃത്യമായ ഡയറ്റും വര്‍ക്കൗട്ടുമൊക്കെയാണ് തന്റെ ആരോഗ്യരഹസ്യമെന്ന് സുസ്മിത പറയാറുണ്ട്. ഇപ്പോഴിതാ ഓട്ടോഇമ്മ്യൂണ്‍ രോഗത്തിന് അടിമപ്പെട്ട വിവരവും അതിനെ അതിജീവിച്ചതെങ്ങനെയെന്നും പങ്കുവെക്കുകയാണ് മുന്‍വിശ്വസുന്ദരി കൂടിയായ സുസ്മിത. 

2014ലാണ് തനിക്ക് രോഗം ബാധിച്ച വിവരം തിരിച്ചറിയുന്നതെന്നും അതില്‍ നിന്നും മുക്തമാകാന്‍ സഹായിച്ചത് നുന്‍ചകു എന്ന ആയോധനകലയാണെന്നും സുസ്മിത പറയുന്നു. ആയുര്‍ദൈര്‍ഘ്യത്തിന്റെയും ആരോഗ്യത്തിന്റെയും കാര്യത്തില്‍ പേരുകേട്ട ഒക്കിനാവക്കാര്‍ പരമ്പരാഗതമായി ശീലിച്ചു പോരുന്ന ആയോധനകലയാണ് നുന്‍ചകു. 

തന്റെ യൂട്യൂബ് ചാനല്‍ വഴിയാണ് സുസ്മിത ഇക്കാര്യങ്ങള്‍ പങ്കുവച്ചത്. ''സെപ്തംബര്‍ 2014ലാണ് ഓട്ടോഇമ്മ്യൂണ്‍ രോഗമായ ആഡിസണ്‍സ് ഡിസീസ് ബാധിച്ചുവെന്ന് തിരിച്ചറിയുന്നത്. ഒന്നു പ്രതിരോധിക്കാന്‍ പോലും ശക്തിയില്ലാത്തത്ര ശരീരം തളര്‍ന്നിരുന്നു. നാലുവര്‍ഷത്തോളം ഞാനനുഭവിച്ച ഇരുണ്ടകാലം പറഞ്ഞറിയിക്കാനാവില്ല. സ്റ്റിറോയ്ഡുകളുടെ പാര്‍ശ്വഫലങ്ങളും തളര്‍ത്തിത്തുടങ്ങി. ഒരു തീരാവ്യാധിക്കൊപ്പം ജീവിക്കുന്നതിനേക്കാള്‍ മടുപ്പിക്കുന്ന മറ്റൊന്നുമില്ല.-സുസ്മിത പറയുന്നു.

അങ്ങനെയാണ് മനസ്സിനെയും ശരീരത്തിനെയും കൂടുതല്‍ ശക്തിപ്പെടുത്തിയേ തീരൂ എന്നു ചിന്തിക്കുന്നത്. വൈകാതെ നുന്‍ചകു പരിശീലിക്കാന്‍ തീരുമാനിച്ചു. വേദന ഒരു കലാരൂപമായി മാറുകയായിരുന്നു. വൈകാതെ എന്നില്‍ മാറ്റങ്ങള്‍ പ്രകടമായി. അഡ്രിനാലിന്‍ ഗ്രന്ഥികള്‍ ഉണര്‍ന്നു തുടങ്ങി. കൂടുതല്‍ സ്റ്റിറോയ്ഡുകളില്‍ അഭയം തേടേണ്ടി വന്നില്ല. 2019 മുതലിങ്ങോട്ട് ആഡിസണ്‍സ് ഡിസീസ് തന്നെ ബാധിച്ചിട്ടേയില്ലെന്നും സുസ്മിത പറയുന്നു.

നിങ്ങളുടെ ശരീരത്തെ നിങ്ങളേക്കാള്‍ അറിയുന്ന മറ്റൊരാള്‍ ഇല്ലെന്നും അതു പറയുന്നത് ശ്രദ്ധിക്കൂ എന്നും സുസ്മിത പറയുന്നു. ഈ കാലഘട്ടത്തിലത്രയും തന്റെ പോരാട്ടത്തിന് കൂടെ നിന്ന അധ്യാപിക നുപുര്‍ ഷിഖാരെയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും സുസ്മിത പറഞ്ഞു. 

അഡ്രിനാലിന്‍ ഗ്രന്ഥികള്‍ വേണ്ടത്ര ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാതിരിക്കുന്ന അവസ്ഥയാണ് ആഡിസണ്‍സ് ഡിസീസ്. കോര്‍ട്ടിസോള്‍, അല്‍ഡോസ്റ്റിറോണ്‍ തുടങ്ങിയ ഹോർമോണുകൾ വേണ്ടത്ര ഉത്പാദിപ്പിക്കാത്തതു വഴി ശരീരം സമ്മര്‍ദത്തിലാവുകയും രോഗപ്രതിരോധശേഷി നഷ്ടമാവുകയും ചെയ്യും.

Content Highlights: Sushmita Sen says she was diagnosed with Addison’s disease reveals how she fought it