അപ്രതീക്ഷിതമായി സൗന്ദര്യമത്സര വേദിയിലേക്കെത്തിയ താരം, മിസ് യൂണിവേഴ്സ് പട്ടവും കരസ്ഥമാക്കി ബോളിവുഡിൽ വെന്നിക്കൊടി പാറിച്ച ആ നായിക ചുരുങ്ങിയ കാലം കൊണ്ടാണ് പ്രേക്ഷക മനസ്സിലിടം നേടിയത്. ക്വാറന്റൈൻ കാലത്ത് വെബ് സീരീസിലും ഒരുകൈനോക്കിയ സുസ്മിത സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി സംവദിക്കുന്നതിലും വിട്ടുവീഴ്ച്ച വരുത്താറില്ല. ഇപ്പോൾ വൈറലാകുന്നതും സുസ്മിതയുടെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റാണ്.
ആളുകളെ എപ്പോഴും സന്തോഷിപ്പിക്കുന്നവരാകാൻ ശ്രമിക്കേണ്ടതില്ലെന്ന് പറയുകയാണ് സുസ്മിത. ഇഷ്ടമുള്ളവരാണെങ്കിൽപ്പോലും അവർ ചെയ്യുന്ന തെറ്റുകളെ ചൂണ്ടിക്കാട്ടാമെന്നും ഒരാളോട് വിയോജിപ്പ് പ്രകടിപ്പിച്ചാൽ അതിനർഥം അയാളെ വെറുക്കുക എന്നല്ലെന്നും സുസ്മിത പോസ്റ്റിൽ പറയുന്നു.
നമ്മുടെ സംസ്കാരം രണ്ട് വലിയ നുണകളാൽ സ്വീകരിപ്പെട്ടതാണ്. ആദ്യത്തേത്, നിങ്ങൾ ആരെങ്കിലുമായി വിയോജിപ്പ് പ്രകടിപ്പിച്ചാൽ നിങ്ങൾ തീർച്ചയായും അയാളെ വെറുത്തിരിക്കണം എന്നതാണ്. രണ്ടാമത്തേത്, ഒരാളെ സ്നേഹിക്കുക എന്നാൽ അവർ വിശ്വസിക്കുന്നതും ചെയ്യുന്നതുമെല്ലാം അംഗീകരിക്കുക എന്നതാണ്. രണ്ടും അസംബന്ധമാണ്. അനുകമ്പരാവാൻ നിങ്ങളുടെ ബോധ്യങ്ങളിൽ വിട്ടുവീഴ്ച്ച ചെയ്യേണ്ടതില്ല. - സുസ്മിത പോസ്റ്റ് ചെയ്തു.
നിരവധി പേരാണ് പോസ്റ്റിനു കീഴെ പറയാനാഗ്രഹിച്ച കാര്യം എന്ന കമന്റുകളുമായെത്തിയത്.
കാമുകൻ റോഹ്മാനും മക്കളായ റെനിക്കും അലിഷയ്ക്കുമൊപ്പമുള്ള വിശേഷങ്ങളും സുസ്മിത പങ്കുവെക്കാറുണ്ട്. മക്കൾ ഇരുവരെയും താരം ദത്തെടുക്കുകയായിരുന്നു. 2001 ലാണ് സുസ്മിത മൂത്തമകള്‍ റെനിയെ ദത്തെടുത്തത്. രണ്ടാമത്തെ മകള്‍ അലിഷയെ 2010 ലും.
Content Highlights: Sushmita Sen’s love advice