മാതൃത്വം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണെന്നാണ് ബോളിവുഡ് താരം സുസ്മിത സെന്നിന്റെ അഭിപ്രായം. 24 വയസ്സുള്ളപ്പോഴാണ് അവര്‍ മകളായ റെനേയെ ദത്തെടുത്തത്. 2010 ല്‍ ഇളയമകളായ അലീഷയെയും താരം ദത്തെടുത്തു. 

റെനേയുടെ പതിനാറാം പിറന്നാളിന് സുസ്മിത സെന്‍ നല്‍കിയ വാഗ്ദാനമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. റെനേക്ക് 18 വയസ്സാകുമ്പോള്‍ അവളുടെ യഥാര്‍ത്ഥ മാതാപിതാക്കളെ കണ്ടെത്തി നല്‍കാമെന്നാണ് താരം മകള്‍ക്ക് നല്‍കിയിരിക്കുന്ന വാക്ക്. 

'യഥാര്‍ത്ഥ മാതാപിതാക്കളുടെ പേരുകള്‍ കോടതിയുടെ രേഖകളില്‍ ഉണ്ടോ എന്നറിയില്ല. അത് അറിയാനുള്ള അവകാശം അവള്‍ക്കുണ്ട്, പ്രത്യേകിച്ചും പതിനെട്ട് വയസ്സാകുമ്പോള്‍ എന്നാണ് താരം ഇതിനെ പറ്റി പ്രതികരിക്കുന്നത്. തെറ്റായ വിവരങ്ങള്‍ നല്‍കി അവളെ സങ്കടപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും, അവള്‍ എപ്പോള്‍ തയ്യാറാകുന്നുവോ അപ്പോള്‍ മാതാപിതാക്കളെ തിരഞ്ഞ് പോകാമെന്നുമാണ് സുസ്മിത സെന്നിന്റെ വാഗ്ദാനം. 

എന്നാല്‍ താനെന്തിനാണ് ഇതൊക്കെ കണ്ടെത്തുന്നത് എന്നായിരുന്നു റെനേയുടെ ചോദ്യം. എന്നാല്‍ അത് നിന്റെ അവകാശമാണെന്നായിരുന്നു താരത്തിന്റെ മറുപടി. പക്ഷേ അമ്മയുടെ ഓഫര്‍ നിരസിക്കുകയാണ് റെനേ ചെയ്തത്. 

എന്നാല്‍ പതിനെട്ട് വയസ്സാകുമ്പോള്‍ അവള്‍ തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് സുസ്മിത സെന്‍.

Content Highlights: Sushmita Sen offered to help Renee find out about her biological parents