മകൾ റെനീ സെന്നിന് ഹൃദയത്തിൽ ചാലിച്ച പിറന്നാളാശംസകളുമായി നടി സുസ്മിത സെൻ. സെപ്തംബർ നാലിന് ഇരുപത്തിരണ്ടാം പിറന്നാൾ പിറന്നാൾ ആഘോഷിക്കുകയാണ് സുസ്മിതയുടെ വളർത്തുപുത്രി റെനീ. മൂത്ത പുത്രിയായ റെനീയെ തന്റെ ആദ്യ പ്രണയം എന്നു വിളിച്ചാണ് സുസ്മിത പിറന്നാളാശംസ കുറിച്ചത്. 

പിറന്നാളാശംസകൾ എന്റെ ആദ്യ പ്രണയമേ.. ഞങ്ങൾക്ക് ഇരുപത്തിരണ്ടായി. എത്രവേ​ഗമാണ് സമയം കടന്നുപോകുന്നത്. നിന്റെ അമ്മയായുള്ള രണ്ടു ദശകങ്ങൾ..- സുസ്മിത കുറിച്ചു. 

ഇരുപതാം വയസ്സിൽ ഷോർട്ട് ഫിലിമിൽ അഭിനയിച്ച് വെള്ളിവെളിച്ചത്തിലേക്കു കടന്ന റെനീ സ്ഥിരം കേൾക്കുന്ന ചോദ്യമാണ് യഥാർഥ അമ്മ ആരാണെന്ന്. അതേക്കുറിച്ച് അടുത്തിടേ താരം പങ്കുവെച്ച വാക്കുകളും ശ്രദ്ധ നേടിയിരുന്നു. എന്താണ് യഥാർഥ അമ്മ എന്ന് ദയവുചെയ്ത് വിശദീകരിക്കൂ എന്നാണ് സുസ്മിത അന്നു ചോദിച്ചത്. ജനങ്ങൾക്ക് തങ്ങളുടെ ജീവിതത്തിലുള്ള താൽപര്യത്തെക്കുറിച്ച് മനസ്സിലാവുന്നുണ്ടെന്നും എന്നാൽ ആളുകൾ അൽപംകൂടി നന്നായി പെരുമാറണമെന്ന് കരുതുന്നുവെന്നും റെനീ പറഞ്ഞു. 

ഇരുപത്തിനാലാം വയസ്സിലാണ് സുസ്മിത റെനീയെ ദത്തെടുക്കുന്നത്. അന്നുമുതൽ സിനിമാത്തിരക്കുകൾക്കൊപ്പം റെനീക്കു വേണ്ടിയും സുസ്മിത സമയം കണ്ടെത്തി. തുടർന്ന് 2010ൽ അലീസാ എന്ന മറ്റൊരു പെൺകുട്ടിയെക്കൂടി ദത്തെടുക്കുകയുണ്ടായി.