ബോളിവുഡ് താരം സുസ്മിത സെന്നിന്റെ ദത്തുപുത്രനെ പരിചയപ്പെടൂ എന്നു പറഞ്ഞ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമത്തിൽ ഒരു വീഡിയോ വൈറലായിരുന്നു. റെനെയ്ക്കും അലിസയ്ക്കും ശേഷം സുസ്മിത ദത്തെടുത്ത ആൺകുഞ്ഞ് എന്നു പറഞ്ഞായിരുന്നു വീഡിയോ പരന്നിരുന്നത്. ഇപ്പോഴിതാ ഊഹാപോഹങ്ങൾക്ക് മറുപടിയുമായി സുസ്മിത തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്.

ട്വിറ്ററിലാണ് ​ദത്തുവാർത്തകൾക്ക് മറുപടിയുമായി സുസ്മിത എത്തിയത്. വീഡിയോയിൽ കണ്ട കുഞ്ഞിനൊപ്പമുള്ള ചിത്രമാണ് സുസ്മിത പോസ്റ്റ് ചെയ്തത്. ഒപ്പം പങ്കുവെച്ച ക്യാപ്ഷനാണ് ഊഹാപോഹക്കാർക്ക് മറുപടിയായത്.

അമേഡ്യുസിനോട് അവനെ സംബന്ധിച്ച് മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന വാർത്തയുമായി ബന്ധപ്പെട്ട് സംസാരിച്ചു കൊണ്ടിരിക്കുന്നു. അവന്റെ ഭാവം എല്ലാം പറയുന്നുണ്ട്. എന്ന ക്യാപ്ഷനോടെയാണ് സുസ്മിത ചിത്രം പങ്കുവെച്ചത്. ചിത്രം പകർത്തിയതിന് തന്റെ സുഹ‍ൃത്തും അമേഡ്യുസിന്റെ അമ്മയുമായ ശ്രീജയയ്ക്ക് നന്ദി പറയുകയും ചെയ്യുന്നുണ്ട് സുസ്മിത. ഇതോടെ കുഞ്ഞ് സുസ്മിതയുടെ ആത്മാർഥ സുഹൃത്ത് ശ്രീജയയുടേതാണ് എന്ന് വ്യക്തമാക്കുകയായിരുന്നു താരം. 

കാമുകൻ റോഹ്മാൻ ഷോളുമായി വേർപിരിഞ്ഞതിനു പിന്നാലെ സുസ്മിത ആൺകുഞ്ഞിനെ ദത്തെടുത്തു എന്നായിരുന്നു വാർത്തകൾ പരന്നത്. അമേഡ്യുസിനെക്കുറിച്ച് നേരത്തേയും മനോഹരമായ കുറിപ്പ് സുസ്മിത പങ്കുവെച്ചിട്ടുണ്ട്. 2019ൽ അമേഡ്യുസ് പിറന്ന സമയത്താണ് സുസ്മിത വീഡിയോക്കൊപ്പം മനോഹരമായ കുറിപ്പും പോസ്റ്റ് ചെയ്തത്. മകൾ അലിസ മാസങ്ങളായി പ്രാർഥിച്ച് കാത്തിരുന്ന കുഞ്ഞാണ് അമേഡ്യുസ് എന്നാണ് സുസ്മിത അന്ന് കുറിച്ചത്. അലിസയ്ക്ക് സ്നേഹിക്കാനും പരിചരിക്കാനും ഒരു കുഞ്ഞു സഹോദരനെ വേണമായിരുന്നു. അലിസയുടെ ആ ആ​ഗ്രഹം എന്റെ സുഹൃത്ത് ശ്രീജയ സാധ്യമാക്കി- എന്നു പറഞ്ഞാണ് സുസ്മിത അന്നു വീ‍ഡിയോ പങ്കുവെച്ചത്.

അടുത്തിടെ ദത്തെടുക്കുന്നതിനെക്കുറിച്ച് താരം പങ്കുവെച്ച വാക്കുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു കുഞ്ഞിനെ ദത്തെടുക്കുക എന്നു പറയുന്നത് ചാരിറ്റിയായി കാണുന്നവർ ധാരാളം ഉണ്ട് എന്നും തന്നെ സംബന്ധിച്ചിടത്തോളം മാതൃത്വമാണ് ജീവിതത്തെ ദൃഢമാക്കിയതെന്നുമാണ് സുസ്മിത പറഞ്ഞത്. മാതൃത്വത്തെ വരിച്ചാണ് താൻ സ്വയം സംരക്ഷിക്കുന്നത് എന്നും സുസ്മിത പറഞ്ഞിരുന്നു. ഇത് വ്യക്തമാക്കുന്ന നിരവധി വീഡിയോകളും ചിത്രങ്ങളും സുസ്മിത ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്. 

അടുത്തിടെ താരം മക്കൾക്കൊപ്പം നൃത്തം ചെയ്യുന്നതിന്റെ വീഡിയോയും പങ്കുവെച്ചിരുന്നു. 18-ാം വയസ്സിൽ വിശ്വസുന്ദരി പട്ടം നേടിയ അന്നാണ് സുസ്മിത ഒരു കുഞ്ഞിനെ ദത്തെടുക്കുമെന്ന് പ്രഖ്യാപിച്ചത്. 2000 ൽ സുസ്മിത തന്റെ വാക്ക് പാലിക്കുകയും ചെയ്തു. അന്നാണ് സുസ്മിത മൂത്തമകൾ റെനിയെ ദത്തെടുത്തത്. രണ്ടാമത്തെ മകൾ അലിഷയെ 2010 ലും.  

Content Highlights: sushmita sen, adopted son, godson amadeus, sushmita sen daughters, sushmita sen family