മിസ് യൂണിവേഴ്സ് പട്ടം സ്വന്തമാക്കി ബോളിവുഡ് കീഴടക്കിയ താരമാണ് നടി സുസ്മിത സെൻ. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ സുസ്മിത മാതൃത്വം ആസ്വദിക്കുന്നതിനെക്കുറിച്ചും പങ്കുവെക്കാറുണ്ട്. അലിസ, റെനെ എന്നീ ദത്തുപുത്രിമാരാണ് തന്റെ ഏറ്റവും വലിയ അഭിമാനമെന്നും താരം പറയാറുണ്ട്. ഇപ്പോഴിതാ സുസ്മിത മൂന്നാമതും കുഞ്ഞിനെ ദത്തെടുത്തു എന്നതരത്തിലുള്ള വാർത്തകളാണ് സാമൂഹികമാധ്യമത്തിൽ നിറയുന്നത്. അതിനെ സാധൂകരിക്കാനായി ഒരു വീഡിയോയും വൈറലാകുന്നുണ്ട്. 

കഴിഞ്ഞ മാസമാണ് സുസ്മിത കാമുകൻ റോഹ്മാൻ ഷോളുമായി വേർപിരിഞ്ഞ വിവരം പുറത്തുവിട്ടത്. ഇതിനുപിന്നാലെയാണ് താരം കുഞ്ഞിനെ ദത്തെടുത്തതെന്നും വാർത്തകളുണ്ടായിരുന്നു. അടുത്തിടെ താരം ഒരു റെസ്റ്ററന്റിനു പുറത്ത് മക്കൾക്കൊപ്പം പ്രത്യക്ഷപ്പെട്ടിരുന്നു. ഇക്കൂട്ടത്തിൽ താരത്തിനൊപ്പം ഉണ്ടായിരുന്ന ആൺകുഞ്ഞ് സുസ്മിത ദത്തെടുത്തതാണെന്നുമാണ് പരന്നത്. 'സുസ്മിതയുടെ ആൺകുഞ്ഞിനെ പരിചയപ്പെടൂ' എന്നു പറഞ്ഞ് വീഡിയോ വൈറലാവുകയും ചെയ്തു. എന്നാൽ ഒടുവിൽ വൈറലായ വീഡിയോക്കു പിന്നിലെ യാഥാർഥ്യം പുറത്തുവന്നിരിക്കുകയാണ്. വീഡിയോയിലുള്ളത് സുസ്മിതയുടെ കുഞ്ഞല്ല എന്നും താരത്തിന്റെ സുഹൃത്തിന്റെ കുഞ്ഞാണ് എന്നുമാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. 

അടുത്തിടെ ദത്തെടുക്കുന്നതിനെക്കുറിച്ച് താരം പങ്കുവെച്ച വാക്കുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു കുഞ്ഞിനെ ദത്തെടുക്കുക എന്നു പറയുന്നത് ചാരിറ്റിയായി കാണുന്നവർ ധാരാളം ഉണ്ട് എന്നും തന്നെ സംബന്ധിച്ചിടത്തോളം മാതൃത്വമാണ് ജീവിതത്തെ ദൃഢമാക്കിയതെന്നുമാണ് സുസ്മിത പറഞ്ഞത്. മാതൃത്വത്തെ വരിച്ചാണ് താൻ സ്വയം സംരക്ഷിക്കുന്നത് എന്നും സുസ്മിത പറഞ്ഞിരുന്നു. ഇത് വ്യക്തമാക്കുന്ന നിരവധി വീഡിയോകളും ചിത്രങ്ങളും സുസ്മിത ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്. 

അടുത്തിടെ താരം മക്കൾക്കൊപ്പം നൃത്തം ചെയ്യുന്നതിന്റെ വീഡിയോയും പങ്കുവെച്ചിരുന്നു. 18-ാം വയസ്സിൽ വിശ്വസുന്ദരി പട്ടം നേടിയ അന്നാണ് സുസ്മിത ഒരു കുഞ്ഞിനെ ദത്തെടുക്കുമെന്ന് പ്രഖ്യാപിച്ചത്. 2000 ൽ സുസ്മിത തന്റെ വാക്ക് പാലിക്കുകയും ചെയ്തു. അന്നാണ് സുസ്മിത മൂത്തമകൾ റെനിയെ ദത്തെടുത്തത്. രണ്ടാമത്തെ മകൾ അലിഷയെ 2010 ലും.  

Content Highlights: sushmita sen adopt a baby boy, sushmita sen daughters, motherhood, renee, alisah sen