വാടക ഗര്‍ഭപാത്രത്തില്‍ കുഞ്ഞുങ്ങള്‍ ജനിക്കുന്നത് (സരോഗസി) അത്ര അസാധാരണമല്ല ഇന്ത്യയില്‍. എന്നാല്‍ 2016ലെ സരോഗസി (Surrogacy) ബില്ലില്‍ അടുത്ത ബന്ധുക്കളേ വാടക അമ്മമാരാവാന്‍ പാടൂ എന്ന വ്യവസ്ഥ വന്നു. കുഞ്ഞുങ്ങളില്ലാത്തവരെ നിരാശരാക്കുന്നതായിരുന്നു ഈ വ്യവസ്ഥ. ഇതിന് ഒരു മാറ്റം വരികയാണ്. അടുത്ത ബന്ധുക്കളല്ലാത്തവര്‍ക്കും വാടക അമ്മയാവാം എന്ന പാര്‍ലമെന്റ് സിലക്ട് കമ്മിറ്റിയുടെ ശുപാര്‍ശ വന്നു കഴിഞ്ഞു. ഇതോടെ സരോഗസി വീണ്ടും സജീവമാവുകയാണ്. 

എന്താണ് സരോഗസി

ഒരു സ്ത്രീക്ക് സ്വന്തം ഗര്‍ഭപാത്രത്തില്‍ കുഞ്ഞിനെ ജനിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അവര്‍ക്കുവേണ്ടി അവരുടെ കുഞ്ഞിനെ മെറ്റാരു സ്ത്രീ പ്രസവിക്കുന്നതാണ് സരോഗസി. ഭര്‍ത്താവിന്റെയും ഭാര്യയുടെയും അണ്ഡവും ബീജവും സംയോജിപ്പിച്ച് ഭ്രൂണമാക്കി മറ്റൊരു സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നു. പ്രസവിച്ചുകഴിഞ്ഞാല്‍ കുഞ്ഞിനെ അച്ഛനമ്മമാര്‍ക്ക് നല്‍കുന്നു.
എന്നാല്‍ അണ്ഡവും ബീജവും മറ്റുള്ളവരില്‍നിന്ന് സ്വീകരിച്ച് സ്വന്തം ഗര്‍ഭപാത്രത്തില്‍ കുഞ്ഞിനെ വളര്‍ത്തി പ്രസവിച്ച് അച്ഛനും അമ്മയുമാവുന്നവരുണ്ട്. അണ്ഡമോ ബീജമോ ഏതെങ്കിലുമൊന്ന് പുറത്തുനിന്ന് സ്വീകരിക്കുന്നവരുണ്ട്. അണ്ഡവും ബീജവും സ്വന്തമായുണ്ടായാലും ഗര്‍ഭപാത്രത്തിന് വേണ്ടി വാടക അമ്മയെ (സരോഗസി) ആശ്രയിക്കുന്നവരുണ്ട്. ആദ്യത്തെ രണ്ട് കേസിലും മിക്കപ്പോഴും കാര്യങ്ങള്‍ രഹസ്യമായിരിക്കും. എന്നാല്‍ സരോഗസി രഹസ്യമാക്കിവെക്കാന്‍ എളുപ്പമല്ല. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ ചോദ്യം ചെയ്യല്‍ വളരെ കൂടുതലാണുതാനും. പ്രസവിക്കാതെ അമ്മയാവുമോ? പ്രസവിച്ച സ്ത്രീയോടാവുമോ കുഞ്ഞിന് സ്‌നേഹം? ശരിക്കും ആരുടേതാണ് കുഞ്ഞ്... തീരില്ല സംശയങ്ങള്‍. എന്തെല്ലാമാണ് സരോഗസിയിലേക്കുള്ള വഴികള്‍, എത്ര പേര്‍ അതിന് തയ്യാറാവുന്നു, എത്ര പേര്‍ പുറത്ത് പറയുന്നു...ഒരു അന്വേഷണം.

വാടക അമ്മമാര്‍

സമീറയുടെ (ശരിയായ പേരല്ല)  അനിയത്തിക്ക് കുഞ്ഞുങ്ങളുണ്ടായിരുന്നില്ല. നാല് തവണ ഐ. വി. എഫ് (അണ്ഡവും ബീജവും പുറത്തുവെച്ച് സംയോജിപ്പിച്ച് ഗര്‍ഭപാത്രത്തിനകത്ത് നിക്ഷേപിക്കല്‍) ചെയ്തു. സ്വന്തം ഗര്‍ഭപാത്രത്തില്‍ കുഞ്ഞിനെ ജനിപ്പിക്കാനാവില്ലെന്ന് മനസ്സിലായി അനിയത്തി നിരാശയിലാവുന്നതും ജീവിതം മടുത്തുപോവുന്നതും സമീറ കാണുന്നുണ്ടായിരുന്നു. അനിയത്തിക്ക് വേണ്ടി അവള്‍ തന്റെ ഗര്‍ഭപാത്രം കരുതിവെച്ചു. ഭര്‍ത്താവിനും കുഞ്ഞുങ്ങള്‍ക്കും വിരോധമുണ്ടായിരുന്നില്ല. പക്ഷേ ചുറ്റുപാടുനിന്നും വരാവുന്ന ചോദ്യങ്ങള്‍ അവള്‍ക്കറിയാമായിരുന്നു. അതുകൊണ്ട് ആരെയും ഒന്നുമറിയിച്ചില്ല. അനിയത്തിയുടെ കുഞ്ഞിനെ സമീറ ഗര്‍ഭപാത്രത്തിലിട്ട് വളര്‍ത്തി.

അപ്രതീക്ഷിതമായാണ് പഞ്ചായത്തില്‍നിന്ന് കുടുംബ വിവരങ്ങളുടെ കണക്കെടുപ്പിന് ആളെത്തിയത്. സമീറ അപ്പോള്‍ ഗര്‍ഭിണിയാണ്. കുഞ്ഞ് അനിയത്തിയുടേതാണെന്ന വിവരം അവള്‍ക്ക് മറച്ചുവെയ്ക്കാന്‍ പറ്റിയില്ല. എങ്കിലും ആ രഹസ്യം കൂടുതല്‍ പേരിലെത്താതിരിക്കാന്‍ സമീറ ശ്രമിച്ചു. കഴിഞ്ഞ മാസമായിരുന്നു സമീറയുടെ പ്രസവം. അനിയത്തിയുടെ കുഞ്ഞിനെ അവള്‍ക്കുവേണ്ടി പ്രസവിക്കാനായതിന്റെ ആഹഌദം സമീറ അനുഭവിക്കുന്നുണ്ട്; പുറത്താരുമറിയാതെ.

സമീറയെപ്പോലെയുള്ളവര്‍ വേറെയുമുണ്ടാവും. അനിയത്തിക്കോ ചേച്ചിക്കോ വേണ്ടി സ്വന്തം ഗര്‍ഭപാത്രത്തില്‍ അവരുടെ കുഞ്ഞിനെ വളര്‍ത്തുന്നവര്‍. ചിലപ്പോള്‍ മകള്‍ക്ക് വേണ്ടി അമ്മ പ്രസവിക്കാറുണ്ട്. സെക്കന്റ് കസിന്‍ വരെയുള്ളവരെ അടുത്ത ബന്ധുവായി നിയമം പരിഗണിക്കുന്നു. എപ്പോഴും അടുത്ത ബന്ധുക്കളില്‍നിന്ന് ഗര്‍ഭപാത്രം ലഭ്യമായിക്കൊള്ളണമെന്നില്ല. അപ്പോഴാണ് പണം െകാടുത്ത് വാടക അമ്മെയ കണ്ടെത്തേണ്ടി വരുന്നത്. 

ആരാണ് വാടക അമ്മ?

ഗര്‍ഭപാത്രം സ്വന്തം സമ്മതപ്രകാരം മെറ്റാരു സ്ത്രീക്ക് വേണ്ടി ഉപയോഗിക്കാന്‍ തയ്യാറാവണം വാടക അമ്മ. വിവാഹിതയും പ്രസവിച്ചവളുമായിരിക്കണം. ആരോഗ്യവതിയായിരിക്കണം. 

ആര്‍ക്ക് സ്വീകരിക്കാം?

വിവാഹം കഴിഞ്ഞ് അഞ്ചു വര്‍ഷംവരെ ഒന്നിച്ചു കഴിഞ്ഞിട്ടും ഗര്‍ഭിണിയാവാതിരുന്നാല്‍ സരോഗസിയിലൂടെ അമ്മയാവാം എന്നാണ് സരോഗസി ബില്ലിലുള്ളത്. പുതിയ ശുപാര്‍ശ അതിന് ഇളവ് നല്‍കിയിട്ടുണ്ട്. ജന്മനാ ഗര്‍ഭപാത്രമില്ലാത്തവര്‍, പ്രസവിക്കാനാവില്ലെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയ സ്ത്രീകള്‍ എന്നിവര്‍ക്ക് അഞ്ചു വര്‍ഷം കാത്തിരിക്കേണ്ടതില്ല. 

എങ്ങനെ നടക്കുന്നു

മൂന്നോ നാലോ തവണ ഐ.വി. എഫ് ചെയ്ത് പരാജയപ്പെട്ട ശേഷമാണ് മിക്കവരും സരോഗസിയെക്കുറിച്ച് ചിന്തിക്കുന്നത്. ഐ. വി. എഫ് കേന്ദ്രങ്ങള്‍ത്തന്നെ ദമ്പതിമാര്‍ക്ക് വാടക അമ്മമാരെ കൊടുക്കുന്ന  ഏജന്‍സികളുമായി പരിചയപ്പെടുത്താറുണ്ട്. ദമ്പതിമാര്‍ നേരിട്ട് എജന്‍സികളുമായി ബന്ധപ്പെടുന്നതും ഉണ്ട്. രണ്ടായാലും ദമ്പതിമാരും ഏജന്‍സിയും തമ്മില്‍ ഒരു കരാറിലെത്തുന്നു. 

എത്ര പണം വാടക അമ്മയ്ക്ക്, എത്ര പണം ഏജന്‍സിക്ക്, ചികിത്സാ ചെലവ് എത്ര, ഗര്‍ഭ കാലയളവില്‍ അമ്മയ്‌ക്കോ കുഞ്ഞിനോ അപകടം സംഭവിച്ചാലുള്ള വ്യവസ്ഥകള്‍, കുഞ്ഞിനെ എപ്പോള്‍ കൈമാറും എന്നിങ്ങനെയുള്ള എല്ലാ കാര്യങ്ങളും കരാറിലുണ്ടാവണം. ഒരു വക്കീല്‍ മുഖേനയാണ് ഈ കരാര്‍. ഇത്തരം കരാറുമായി വരുന്നവരെ മാത്രമേ അംഗീകൃത ഐ. വി. എഫ് സെന്ററുകള്‍ ചികിത്സിക്കാറുള്ളൂ. 

കേരളത്തില്‍ വാടക അമ്മയാവാന്‍ എത്തുന്നവരില്‍ അധികവും ഉത്തരേന്ത്യയില്‍നിന്നാണ്. തമിഴ്‌നാട്ടില്‍നിന്നും കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍നിന്നും വാടക അമ്മമാരെ കണ്ടുപിടിച്ച് എത്തിക്കുന്ന ഏജന്‍സികളുണ്ട്. ചില ഐ. വി. എഫ് സെന്ററുകള്‍ ഈ അമ്മമാരെ ഇവിടെത്തന്നെ പാര്‍പ്പിക്കും. അതിനായി ഹോസ്റ്റലുകളുണ്ട്. പ്രസവിച്ച് കുട്ടിയെ ഏല്‍പ്പിച്ച ശേഷമേ അമ്മമാര്‍ നാട്ടിലേക്ക് മടങ്ങൂ. 

ഗുജറാത്തിലെ ആനന്ദിലാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സരോഗസി നടക്കുന്നത്. വാടക അമ്മമാരെയും യഥാര്‍ത്ഥ അമ്മമാരെയും ഒന്നിച്ച് താമസിപ്പിക്കുന്ന ഹോസ്റ്റലുകള്‍വരെ അവിടെയുണ്ട്. 

woman

കേരളത്തിലെ വാടക അമ്മമാര്‍

അടുത്ത ബന്ധുക്കള്‍ക്കുവേണ്ടി ഗര്‍ഭപാത്രം വിട്ടുകൊടുക്കുന്നവര്‍ കേരളത്തില്‍ ഉണ്ട്. ഐ. വി. എഫ് സെന്ററുകള്‍ രഹസ്യമായെങ്കിലും അത് സമ്മതിക്കുന്നുമുണ്ട്. ''പലരും ലക്ഷങ്ങളുടെ ഓഫറുമായി ഞങ്ങളെ സമീപിക്കാറുണ്ട്. വക്കീലോ കരാറോ ഒന്നുമില്ലാതെ കാര്യം നടത്തിക്കിട്ടാന്‍'' കേരളത്തിലെ ഒരു ഐ. വി. എഫ് സെന്റര്‍ ഉടമ പേര് വെളിപ്പെടുത്താതെ പറയുന്നു. 

''മലയാളി അമ്മമാരെ വേണമെന്നാണ് ചിലരുടെ ഡിമാന്റ്.  നാല്‍പതു ലക്ഷംവരെ ഇവരില്‍നിന്ന് ഈടാക്കുന്ന അനംഗീകൃത സെന്ററുകളുണ്ട്. എല്ലാം രഹസ്യമായിരിക്കും. ചില കേസുകളില്‍ യഥാര്‍ത്ഥ അമ്മയും വാടക അമ്മയും രഹസ്യകേന്ദ്രത്തില്‍ ഒന്നിച്ച് പത്തുമാസം താമസിക്കും. കുഞ്ഞുമായി മടങ്ങുമ്പോള്‍ വാടക ഗര്‍ഭപാത്രത്തിന്റെ വിവരം മറച്ചുവെച്ച് സ്വന്തമായി പ്രസവിച്ചതാണ് എന്ന് നാട്ടുകാരോട് പറയാന്‍ വേണ്ടിയാണ് ഇത്. ദത്തെടുത്താല്‍പോലും അത് സ്വന്തം കുഞ്ഞുതെന്നയാണ്. എന്നിട്ടാണ് സ്വന്തം അണ്ഡത്തിലും ബീജത്തിലും ഉണ്ടായ കുഞ്ഞ് മെറ്റാരു ഗര്‍ഭപാത്രത്തില്‍ ജനിച്ചതാണെന്ന് പറയാന്‍ മടി കാണിക്കുന്നത്'' ഡോക്ടര്‍ നിരാശ മറച്ചുവെച്ചില്ല.

''മലയാളികള്‍ക്കുവേണ്ടി വാടക അമ്മയാവാന്‍ ആളെ കിട്ടാന്‍ പ്രയാസമാണ്. നൂറ് സംശയങ്ങളാണ് ഇവിടത്തുകാര്‍ക്ക്. അമ്മയുടെ ആരോഗ്യം, ജാതി, മതം, ...എല്ലാം തികയണം. അത് കാണുമ്പോള്‍ തമിഴ്‌നാട്ടില്‍നിെന്നാക്കെ ഉള്ള വാടക അമ്മമാര്‍ നന്നായി ബാര്‍ഗയിന്‍ ചെയ്യും.'' കണ്ണൂര്‍ സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് ഗവേഷണ വിദ്യാര്‍ത്ഥി ഷീബ എസ്. രാജന്‍ മലയാളിയുടെ പ്രത്യേകതകള്‍ എടുത്തു പറഞ്ഞു. സരോഗസിയിലാണ് ഷീബയുടെ ഗവേഷണം.

''ചില ഏജന്‍സികള്‍ വാടക അമ്മയുടെ ആരോഗ്യം പോലും പരിഗണിക്കില്ല. മെഡിക്കല്‍ ചെക്കപ്പ് പോലും നടത്താത്തവരുണ്ട്. എല്ലാ തരത്തിലും ഗുണനിലവാരം ഉറപ്പുവരുത്തുന്ന ഐ. വി. എഫ് സെന്ററുകള്‍ നല്ല പണം വാങ്ങും. 15 ലക്ഷമൊക്കെയാണ് കണക്ക്. '' ഷീബ പറഞ്ഞു.

ചെലവ് കുറയ്ക്കാന്‍ ചില കാര്യങ്ങളില്‍ വിട്ടുവീഴ്ചക്ക് നില്‍ക്കുന്നവരുണ്ട്. പ്രധാനമായും അണ്ഡം ലഭിക്കുന്ന കാര്യത്തില്‍. ഐ. വി. എഫിനെത്തുന്ന രണ്ടു ദമ്പതിമാര്‍ ഇക്കാര്യത്തില്‍ ചിലപ്പോള്‍ ഒരു യോജിപ്പിലെത്തും. അണ്ഡം ഉല്‍പാദിപ്പിക്കാനാവുന്ന സ്ത്രീ കൂടുതല്‍ ഉള്ള അണ്ഡം അണ്ഡമില്ലാത്ത സ്ത്രീക്ക് നല്‍കും. ആസ്പത്രി ചെലവിന്റെ ഒരു പങ്ക് അണ്ഡം സ്വീകരിച്ചവര്‍ കൊടുക്കും. രണ്ടു പേരുെടയും കാര്യം നടക്കും. ഇത് ഇരുപാര്‍ട്ടികളും അറിഞ്ഞുകൊണ്ടുള്ള ഇടപാട്.
 
എന്നാല്‍ ചില ഐ. വി. എഫ് കേന്ദ്രങ്ങള്‍ കൂടുതലായി ഉല്‍പാദിപ്പിക്കപ്പെടുന്ന അണ്ഡം സ്ത്രീയുടെ സമ്മതമില്ലാതെ ഉപയോഗപ്പെടുത്താറുണ്ട്. അതേ സമയം അണ്ഡദാനം വരുമാനമാര്‍ഗമാക്കിയവരും ഉണ്ട്. 12 ദിവസം തുടര്‍ച്ചയായി ഇഞ്ചക്ഷന്‍ കൊടുത്ത്, കണ്‍ട്രോള്‍ഡ് ഓവേറിയന്‍  സ്റ്റിമുലേഷന്‍ നടത്തി, അനസ്‌തേഷ്യയിലൂെട മയക്കി മാത്രമേ അണ്ഡമെടുക്കാവാവൂ. അതുകൊണ്ട് തന്നെ ഐ. വി. എഫ് സെന്ററുകള്‍ക്ക് അണ്ഡം വില്‍ക്കുമ്പോള്‍ 10000 മുതല്‍ 50000 വരെയാണ് സ്ത്രീക്ക് കിട്ടുന്നത്. എന്നാല്‍ ബീജം വില്‍ക്കുന്നവര്‍ക്ക് ഇത്ര പ്രതിഫലമില്ല. പുരുഷന് മുഷ്ടിമൈഥുനത്തിലുടെ എളുപ്പത്തില്‍ ബീജം പുറത്തെടുക്കാവുന്നതേയുള്ളു. കേരളത്തില്‍ അണ്ഡവും ബീജവും വില്‍പന നടത്തുന്നവര്‍ എണ്ണത്തില്‍ ഒട്ടും കുറവല്ല.
 
പണത്തിന് വേണ്ടി ചെയ്യുന്നതാണെങ്കിലും ഒട്ടും വൈകാരികയില്ലാതെയാണ് അണ്ഡ, ബീജ ദാനങ്ങള്‍ എന്ന് കരുതരുത്. ഒരു ആര്‍ക്കിടെക്ടിന്റെ കഥയിതാ. സുഹൃത്തായ ഡോക്ടര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് അദ്ദേഹത്തിന്റെ ഐ. വി. എഫ് സെന്ററില്‍ ആര്‍ക്കിടെക്റ്റ് ബീജദാനം നടത്തിയത്. ഡോക്ടര്‍ക്ക് അടുപ്പമുള്ള ഒരു കുടുംബത്തിലെ വിവാഹമോചിതയായ സ്ത്രീക്ക് വേണ്ടിയായിരുന്നു അത്. കുഞ്ഞുണ്ടായപ്പോള്‍ വിവരം ഡോക്ടര്‍ ആര്‍കിടെക്ടിനെ അറിയിച്ചു. അന്നുമുതല്‍ അയാള്‍ക്ക് പഴയപോലെ ജീവിക്കാനാവാതായി. കുഞ്ഞിനെ കാണമെന്ന് അങ്ങേയറ്റത്തെ ആഗ്രഹം. പക്ഷേ കാണിച്ചുകൊടുക്കാന്‍ ഡോക്ടര്‍ക്ക് നിവൃത്തിയില്ല. ഒടുവില്‍ അയാള്‍ക്ക് ഒരു കുറിപ്പുകിട്ടി ആ സ്ത്രീയില്‍നിന്ന്, 'സമാധാനമായിരിക്കൂ. നമ്മുടെ കുഞ്ഞ് ഇവിടെ സുഖമായി വളരുന്നുണ്ട്. ദയവുചെയ്ത് കാണാന്‍ ശ്രമിക്കരുത്.' ആ പുരുഷന്‍ പിന്നീടൊരിക്കലും തന്റെ ആഗ്രഹം ആരെയും അറിയിച്ചില്ല.
  
സരോഗസി ബില്‍ പ്രകാരം അണ്ഡദാതാവും വാടക അമ്മയും ഒരാളാവാന്‍ പാടില്ല. അത് വൈകാരിക പ്രശ്‌നങ്ങളുണ്ടാക്കുന്നു എന്നതുതന്നെ കാരണം. അണ്ഡവും ബീജവും നല്‍കാന്‍ തയ്യാറായിട്ടുള്ളവരുണ്ടെങ്കിലും അത്ര എളുപ്പമല്ല വാടക ഗര്‍ഭപാത്രം. ഏറെ തിരഞ്ഞതിന്ന് ശേഷമാണ് ബീനയെ (പേര് യഥാര്‍ത്ഥമല്ല) കണ്ടുകിട്ടിയത്. നേരിട്ട് സംസാരിക്കാന്‍ ആള്‍ തയ്യാറല്ല. വീടോ വിലാസമോ പുറത്തു പറയാതെ അനുഭവങ്ങള്‍ മാത്രം പങ്കുവെച്ചു ബീന. 

''രണ്ട് മക്കളുണ്ട് എനിക്ക്. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയതാണ്. മക്കളെ ഞാന്‍ ജോലി ചെയ്ത് പഠിപ്പിച്ചു. മൂത്ത മകന് മെഡിസിന് അഡ്മിഷന്‍ കിട്ടിയപ്പോഴാണ് പണത്തിന് അത്യാവശ്യം വന്നത്. എന്റെ ബുദ്ധിമുട്ട് പലര്‍ക്കുമറിയാം. ഒരു പരിചയക്കാരന്‍ വഴിയാണ് വാടക അമ്മയാവാന്‍ പറ്റുമോ എന്ന് ഒരു ഏജന്‍സി ചോദിച്ചത്. ഇഷ്ടമില്ലാത്ത ജോലി ചെയ്യുന്നപോലെ പത്തു മാസം ഞാന്‍ ചുമന്നു. പ്രസവിച്ച് ആര്‍ക്കോ കൊടുത്തു. മൂന്ന് വര്‍ഷം മുമ്പാണ് ഇതൊക്കെ നടന്നത്. ഇപ്പോഴും ഞാന്‍ ഓര്‍ക്കാറുണ്ട് ആ കുട്ടി സുഖമായിരിക്കുന്നോ എന്ന്. എന്റെ മക്കള്‍ക്ക് എല്ലാമറിയാം. അവരാണ് എനിക്ക് വലുത്. അവര്‍ മതി എനിക്ക്.'' ബീന കൂടുതലൊന്നും പറയാതെ ഫോണ്‍വെച്ചു.

സമൂഹത്തെ പേടിച്ച് പലരും സരോഗസി പുറത്തു പറയാറില്ല. എന്നാല്‍ േകരളത്തില്‍ വര്‍ഷത്തില്‍ പത്ത് കുഞ്ഞുങ്ങളെങ്കിലും വാടക ഗര്‍ഭപാത്രത്തിലുടെ രഹസ്യമായ് ജനിക്കുന്നു എന്ന് ലഭ്യമായ കണക്കുകള്‍ പറയുന്നു. ചിലവ് താങ്ങാനാവാത്തതുകൊണ്ടും സരോഗസി വേണ്ടെന്ന് െവയ്ക്കുന്നവരുണ്ട്. കാര്യങ്ങള്‍  രഹസ്യമാക്കിവെയ്ക്കാനുള്ള വില കൂടി സരോഗസിയില്‍ മലയാളി നല്‍കേണ്ടി വരുന്നു എന്നതാണ് സത്യം. 

കടപ്പാട്- ഡോ. ടി.ഫെസി ലൂയിസ്, അസോസിയേറ്റ് പ്രൊഫസര്‍
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റിപ്രൊഡക്ടീവ് മെഡിസിന്‍
അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, കൊച്ചി

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്‌

Content Highlights: Surrogacy in India