കൊച്ചി: കോവിഡ് കലാലയ ജീവിതത്തിന്റെ നിറം കെടുത്തിയെങ്കിലും, സീനിയർ ബാച്ചിന്റെ ഫെയർവെൽ കളറാക്കി ജൂനിയർ സംഘം. പയ്യന്നൂർ ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി ഓഫ് സാൻസ്ക്രിറ്റ് റീജിയണൽ സെന്ററിലെ 2020-2022 ബാച്ചിലെ കുട്ടികളാണ് തങ്ങളുടെ ചേട്ടൻമാർക്കും ചേച്ചിമാർക്കുമായി നിറങ്ങൾ ചാലിച്ച വിടപറയൽ സമ്മാനം നൽകിയത്. ഒരു സർപ്രൈസ് ഫെയർവെൽ സമ്മാനപ്പൊതി കിട്ടിയ ആകാംക്ഷയിലാണ് സീനിയേഴ്സ്.

അതിനായി വിദ്യാർഥികൾ തിരഞ്ഞെടുത്തത് 'ലിറ്റിൽ തിംങ്സി'ലെ ആതിര രാധൻ എന്ന കലാകാരിയെയാണ്. ജൂനിയർ ബാച്ചിലെ വിദ്യാർഥിയാണ് ആതിരയെ വിളിച്ച് സീനിയേഴ്സിനായി ഫെയർവെൽ സമ്മാനം നൽകണമെന്ന ആവശ്യവുമായെത്തിയത്. നേരിട്ട് കൊടുക്കാൻ പറ്റാത്തതിനാൽ പോസ്റ്റ് വഴിയാണ് സമ്മാനം ഓരോരുത്തരിലേക്കും എത്തിക്കാൻ പദ്ധതിയിട്ടത്. തുടർന്ന് സംഘവുമായി സംസാരിച്ചാണ് സ്വന്തമായൊരു ആശയവുമായി ആതിര വിദ്യാർഥികൾക്ക് മുന്നിലേക്കെത്തിയത്.

little things

വിദ്യാർഥികളുടെ ബഡ്ജറ്റിൽ ഒതുങ്ങി നിൽക്കുന്നതാകേണ്ടതുകൊണ്ട് തന്നെ പോർട്രേയ്റ്റ് എന്ന ആശയം ഉപേക്ഷിച്ചു. 25 വിദ്യാർഥികൾക്കാണ് പേഴ്സണലൈസ്ഡ് കോപ്പി അയക്കേണ്ടിയിരുന്നത്. അതുകൊണ്ട് തന്നെ വിന്റേജ് ഫ്രെയിമിൽ കൊളാഷ് മോഡലിലാണ് ആതിര സമ്മാനങ്ങൾ ഒരുക്കിയത്. ഇതിനായി ബാക്ക്ഗ്രൗണ്ടെല്ലാം ഒരേ പോലെ ഒരുക്കി പ്രിന്റെടുത്താണ് സെറ്റ് ചെയ്തത്. ഇതിലേക്കായി സീനിയേഴ്സിന്റെ ഗ്രൂപ്പ് ഫോട്ടോയും ആതിരയേ സംഘം ഏൽപ്പിച്ചു. ഗ്രൂപ്പ് ഫോട്ടോയും ബാച്ചിന്റെ വിവരങ്ങളും, സ്നേഹ സന്ദേശവും ഒരു ഗ്ലാസ് ഫ്രെയിമിൽ ആതിര തയ്യാറാക്കി. ഇതിനോടൊപ്പം ഫ്ളോറൽ ബുക്ക് മാർക്കും ലിറ്റിൽ തിങ്സിന്റെ കാർഡും, രണ്ട് മിഠായിയുമാണ് സമ്മാനപൊതിയിൽ ആതിര ഉൾപ്പെടുത്തിയത്. അങ്ങനെ കുഞ്ഞ് വലിയ സന്തോഷങ്ങളുമായി 25 ഫെയർവെൽ സമ്മാനങ്ങൾ ഒരുങ്ങി.

സീനിയേഴ്സിനെ അറിയിക്കാതെ ഒരു സർപ്രൈസ് ഫെയർവെൽ സമ്മാനമാണ് വിദ്യാർഥികൾ ഉദ്ദേശിച്ചത്. ആതിരയ്ക്ക് സീനിയർ ബാച്ചിലെ വിദ്യാർഥികളുടെ വിലാസവും നൽകി. ഓരോരുത്തർക്കും സമ്മാനം കിട്ടുന്ന മുറയ്ക്ക് ആതിരയുടെ ഫോൺ നിർത്താതെ അടിക്കാൻ തുടങ്ങി. 'സമ്മാനപൊതി എനിക്ക് തന്നെയാണോ', 'ഞാൻ ഒന്നും ഓർഡർ ചെയ്തില്ല', 'ഇതെന്റെ തന്നെയാണോ, പൊട്ടിക്കാമോ' എന്നൊക്കെയുള്ള ചോദ്യങ്ങളായിരുന്നു അവ നിറയെ. പിന്നീട് ഡിപ്പാർട്മെന്റ് ഗ്രൂപ്പിൽ സമ്മാനം ലഭിച്ച സന്ദേശങ്ങൾ എത്തിയതോടെ ബാക്കിയുള്ളവർ അവരുടെ സമ്മാനത്തിനായുള്ള കാത്തിരിപ്പായിരുന്നു. ഒടുവിൽ എല്ലാവരിലേക്കും സ്നേഹം നിറഞ്ഞപ്പോൾ വ്യത്യസ്തമായ ഫെയർവെൽ സമ്മാനം നൽകാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ജൂനിയർ വിദ്യാർഥികൾ... എല്ലാവർക്കും പുഞ്ചിരി നൽകാൻ കഴിഞ്ഞതിന്റെ നിറവിൽ ആതിരയും.

2018ൽ ഹാൻഡ്മെയ്‌ഡ് ബുക്ക്മാർക്കുകളുമായാണ് ആതിര രാധൻ ലിറ്റിൽ തിങ്സ് എന്ന സംരംഭത്തിന് തുടക്കം കുറിക്കുന്നത്. പിന്നീട് ഇവ ഹാൻഡ് മെയ്‌ഡ് ക്രാഫ്റ്റിലേക്കും സമ്മാനങ്ങളിലേക്കും വളർന്നു. സമ്മാനങ്ങൾക്ക് പുറമേ സേവ് ദ ഡേറ്റ്, ഇൻവിറ്റേഷൻ കാർഡുകൾ എന്നിവയും ലിറ്റിൽ തിങ്സിന്റെ ഭാഗമായി. ഓരോരുത്തരും ആവശ്യപ്പെടുന്ന തീമിൽ ചിത്രം വരച്ചും അവർക്ക് വേണ്ട എഴുത്തുകളും ചെറുകുറിപ്പുകളും അതോടൊപ്പം ചേർക്കും. ഇത് ഫ്രെയിം ചെയ്താണ് അതാത് അഡ്രസുകളിലേക്ക് അയക്കുക. ഒപ്പം ഇതേ ചിത്രം പാട്ടുകളുടെ അകമ്പടിയോടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ സർപ്രൈസായി പോസ്റ്റിടുകയും ചെയ്യാറുണ്ട്.

Content Highlights:Surprise farewell gift by little things for seniors