മലയാളം, ഹിന്ദി, ബംഗാളി, അസമീസ്, ഒഡിയ, ബംഗ്ലാദേശി... ആറു ഭാഷകളില്‍ നൂറുകണക്കിന് ആളുകള്‍ക്ക് ആശ്വാസത്തിന്റെ ശാന്തി പകരുകയാണ് സുപ്രിയ ദേബ്‌നാഥ്. കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമിലേക്ക് എത്തുന്ന, അതിഥിത്തൊഴിലാളികളുടെ ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കുമാണ് അവര്‍ നിര്‍ത്താതെ മറുപടി പറയുന്നത്.
ജില്ലാ ഭരണകൂടത്തിന്റെ മൈഗ്രന്റ് ലിങ്ക് വര്‍ക്കര്‍ ആയി കണ്‍ട്രോള്‍റൂമില്‍ സദാ തിരക്കിലാണ് ഒഡിഷക്കാരി സുപ്രിയ. അഞ്ചുവര്‍ഷം മുന്‍പ് ഒഡിഷയിലെ കേന്ത്രപാരാ ജില്ലയില്‍നിന്ന് ഭര്‍ത്താവ് പ്രശാന്ത്കുമാര്‍ സമലിനൊപ്പം കേരളത്തില്‍ എത്തിയതാണ് സുപ്രിയ ദേബ്‌നാഥ്.
അങ്ങനെയിരിക്കെയാണ് സര്‍വശിക്ഷാ അഭിയാന്‍ അതിഥിത്തൊഴിലാളികളുടെ മക്കള്‍ക്ക് അവരുടെ ഭാഷയില്‍ പഠിക്കാന്‍ വിദ്യാലയങ്ങളില്‍ സൗകര്യമൊരുക്കുന്നത്. ആ തീരുമാനം സുപ്രിയയെ അധ്യാപികയാക്കി. വര്‍ഷങ്ങളായി മലയിടംതുരുത്ത് ജി.എല്‍.പി. സ്‌കൂളിലെ അധ്യാപികയാണ് സുപ്രിയ. ഒപ്പം, സര്‍ക്കാരിന്റെ 'റോഷ്‌നി' പദ്ധതിയുടെ ഭാഗമായ എജ്യൂക്കേഷന്‍ വൊളന്റിയറുമാണ്. ഓരോ ചുമതലയും ആത്മവിശ്വാസത്തോടെയും സമര്‍പ്പണത്തോടെയും സുപ്രിയ ഏറ്റെടുക്കുന്നു. അവധിക്ക് നാട്ടില്‍ പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് കോവിഡ് എത്തുന്നത്. അതോടെ യാത്ര വേണ്ടെന്നുവെച്ചു സുപ്രിയ. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അതിഥിത്തൊഴിലാളികള്‍ക്കായി പ്രത്യേക കണ്‍ട്രോള്‍ റൂം തുടങ്ങുന്നത് അറിഞ്ഞപ്പോള്‍, മൈഗ്രന്റ് ലിങ്ക് വര്‍ക്കര്‍ എന്ന ചുമതല ലഭിച്ചു. അതോടെ സദാ തിരക്കിലായി.
ക്യാമ്പുകളിലെയും മറ്റും ഭക്ഷണവിതരണം സംബന്ധിച്ച ചോദ്യങ്ങളാണ് കണ്‍ട്രോള്‍ റൂമില്‍ കൂടുതലായി വരുന്നതെന്ന് സുപ്രിയ. ചിലപ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വിളിയെത്തും. അവര്‍ക്കു പക്ഷേ, അറിയേണ്ടത് കോവിഡ്കാലത്ത് എങ്ങനെ സുരക്ഷിതമായി ഇരിക്കണം തുടങ്ങിയ വിവരങ്ങളാണ്.
നാലു വയസ്സുകാരി ശുഭസ്മിതയും ഭര്‍ത്താവ് പ്രശാന്ത്കുമാറും അടങ്ങുന്നതാണ് സുപ്രിയയുടെ കേരളത്തിലെ ലോകം. കോവിഡ് കഴിഞ്ഞ് ചെല്ലുന്ന പുതിയ അധ്യയന വര്‍ഷത്തില്‍ ടീച്ചറിനൊപ്പം വിദ്യാര്‍ഥികൂടി ആവാനുള്ള തയ്യാറെടുപ്പിലാണ് സുപ്രിയ. പന്ത്രണ്ടാം ക്ലാസില്‍ അവസാനിച്ച വിദ്യാഭ്യാസം വീണ്ടെടുക്കണം. ഹിന്ദിയില്‍ ബിരുദം ചെയ്യാനാണ് സുപ്രിയയ്ക്ക് ആഗ്രഹം. ഒപ്പം, തന്റെ സ്‌കൂളിലെ കുട്ടികളുടെ പ്രിയ ടീച്ചര്‍ ആയി തുടരാനും.
Content Highlights: Supriya allays fear of migrant workers from Kerala's COVID control room