sunanda nairമോഹിനിയാട്ടത്തിൽ കനക റെലെ ശൈലിയെ പിന്തുടരുന്ന നർത്തകിയാണ് സുനന്ദാ നായർ. പത്മഭൂഷൻ ഡോ. കനക  റെലെയുടെ നൃത്തം ദൂരദർശനിൽ വന്നപ്പോഴാണ് സുനന്ദ കണ്ടത്. മോഹിനിയാട്ടം പഠിക്കാനാഗ്രഹിച്ച്, ഒരധ്യാപികയെ അന്വേഷിച്ചിരുന്ന സമയം. ആ നൃത്താവതരണശൈലി ഉള്ളിൽകൊണ്ടതോടെ ശിഷ്യയാകാനുള്ള മോഹം സുനന്ദ നേരിട്ടുതന്നെ അറിയിച്ചു. മോഹിനിയാട്ടത്തിൽ സാധാരണയായി കാണുന്ന ഒരു ചൊൽക്കെട്ട്, ഒരു പദം, ഒരു തില്ലാന എന്നിങ്ങനെയുള്ള സാമ്പ്രദായിക ശീലങ്ങളെ മാറ്റി ഗണപതിസ്തുതി, അഷ്ടപദി, അഷ്ടനായിക എന്നിങ്ങനെയുള്ള വ്യത്യസ്തങ്ങളായ ഇനങ്ങൾ അവതരിപ്പിക്കുന്ന ഗുരുവിന്  അനുയോജ്യയായ ശിഷ്യയായിത്തീരാൻ തനിക്ക് അധികം പ്രയാസപ്പെടേണ്ടിവന്നില്ല എന്ന് സുനന്ദാ നായർ ഓർക്കുന്നു.

അടവുകൾ സംവിധാനംചെയ്യുമ്പോൾ  നാട്യശാസ്ത്രം പിന്തുടരുക, ഒപ്പം  കേരളീയമായ അനുഭൂതിയും സാംസ്കാരികതയും അതിൽ ഉൾക്കൊള്ളിക്കുക, എന്തുകൊണ്ട് അങ്ങനെ ചെയ്യുന്നു എന്നുള്ള വിശദീകരണം നൽകുക എന്നീ രീതികൾ ഗുരുവിൽനിന്ന് സുനന്ദാ നായർക്കും പകർന്നുകിട്ടിയിട്ടുണ്ട്.  

കലാമണ്ഡലം കൃഷ്ണൻകുട്ടിവാര്യരുടെ കീഴിൽ പത്തുവയസ്സുമുതൽ കഥകളി അഭ്യസിച്ച സുനന്ദയ്ക്ക് കഥകളിയിലെ പരിശീലനമുറകളും അനുശീലനവും മോഹിനിയാട്ടത്തിന്റെ ശരീരഭാഷയിൽ വിളക്കിച്ചേർക്കാൻ എളുപ്പമായി. അമേരിക്കയിൽ സ്ഥിരതാമസമാക്കിയതിനാൽ നൃത്തത്തിനായി ഇന്ത്യയിലേക്കും തിരിച്ചും തുടർച്ചയായി യാത്രചെയ്യുക ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഈ കലാകാരിക്ക് അറിയാം.

sunanda nairകുടുംബത്തിന്റെ പൂർണപിന്തുണ ഒന്നുകൊണ്ടു മാത്രമാണ് ഇതിനെയൊക്കെ തരണംചെയ്യാൻ കഴിയുന്നത്. നമ്മുടെ സംസ്കാരത്തിൽനിന്ന് മാറിനിൽക്കേണ്ടി വരുമ്പോൾ, തനതു സംസ്കാരം അതേമട്ടിൽ മുമ്പോട്ടു കൊണ്ടുപോകുക എന്നുള്ളത് ശ്രമകരമായേക്കാം. അതും അമേരിക്കപോലുള്ള ഒരിടത്ത് താമസിക്കുമ്പോൾ. ഇന്ത്യയിൽ പക്കവാദ്യക്കാരുടെ സഹായംതേടുക എളുപ്പമാണ്.

വിദേശത്ത് മിക്കപ്പോഴും സി.ഡി. പോലുള്ള റെക്കോഡുകളെ ആശ്രയിക്കലാണ് പോംവഴി. ഒരു പെർഫോർമർ എന്ന നിലയിൽ അത്  ഒരു ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ട്. ഒരു നൃത്തം സംവിധാനംചെയ്യുമ്പോൾ സഹപ്രവർത്തകരുമായുള്ള തുടർച്ചയായുള്ള സമ്പർക്കം ആ കൊറിയോഗ്രാഫിയെ എളുപ്പമുള്ളതാക്കും. ഒരുമിച്ചുള്ള പ്രാക്ടീസുകളും കൂടുതൽ ഗുണം ചെയ്യും. വിദേശത്ത് സ്ഥിരതാമസമാക്കുന്ന ഇന്ത്യൻ കലാകാരികൾക്ക് ഈയൊരു സൗകര്യമാണ് നഷ്ടപ്പെടുന്നത്.

അമേരിക്കയിലും ഇന്ത്യയിലും നൃത്തവിദ്യാലയങ്ങളുള്ള ഈ കലാകാരിക്ക് പഠിപ്പിക്കലും സ്വയം പഠിക്കലുമായി നൃത്തത്തിൽ അലിഞ്ഞുചേർന്നുള്ള ഒരു കലാജീവിതമാണുള്ളത്. ആറാംവയസ്സിൽ ഭരതനാട്യമാണ്  പഠിച്ചുതുടങ്ങിയത്. പത്താമത്തെ വയസ്സിൽ കഥകളി പഠിച്ചുതുടങ്ങിയെങ്കിലും ഭരതനാട്യത്തിൽത്തന്നെയാണ് കൂടുതൽ ശ്രദ്ധിച്ചത്.

പിന്നീട് കനക റെലെയുടെ ശിഷ്യയാകാൻ  തീരുമാനിച്ചപ്പോൾ ഒരു പ്രശ്നം നേരിട്ടു: അവരുടെ നളന്ദ നൃത്യ കലാമഹാവിദ്യാലയത്തിൽ പ്രൈവറ്റ് വിദ്യാർഥികൾക്ക് ചേരാൻകഴിയില്ല എന്നതായിരുന്നു അത്. അതിനകം ലോ കോളേജിൽ ചേർന്നിരുന്ന സുനന്ദ നിയമപഠനം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. 
മോഹിനിയാട്ടത്തിലെ അഭിനയവും കേരളത്തിന്റെ ഭംഗി വിളിച്ചോതുന്ന ആടയാഭരണരീതികളും തന്നെ ഏറെ ആകർഷിച്ചിട്ടുണ്ട് എന്ന് സുനന്ദ പറയുന്നു.

sunanda nair

മുംബൈയിലെ ‘നളന്ദ’യിൽനിന്ന് മോഹിനിയാട്ടത്തിൽ ബിരുദാനന്തരബിരുദം നേടി ബോംബെ യൂണിവേഴ്‌സിറ്റിയിൽ ലക്ച്ചറർ ആയി ജോലിചെയ്തു വരുന്ന വേളയിൽ മോഹിനിയാട്ടത്തിൽ ബിരുദാനന്തര ബിരുദം എടുക്കുന്ന  ഇന്ത്യയിലെ തന്നെ ആദ്യത്തെ വിദ്യാർഥിയായിരുന്നു കലാശ്രീ സുനന്ദാ നായർ. തുടർന്നാണ് ഭർത്താവിന്റെ ജോലിമാറ്റം മൂലം അമേരിക്കയിൽ പോകേണ്ടിവന്നത്.

ജോലി രാജിവെച്ച് അമേരിക്കയിൽ ചേക്കേറിയതോടെ തന്റെ നൃത്തജീവിതം അനിശ്ചിതാവസ്ഥയിലെത്തിയ സന്ദർഭം അവർ ഇപ്പോഴും ഓർക്കുന്നു. എന്നാൽ ആദ്യം ന്യൂഓർലിയൻസിലും പിന്നീട് ഹൂസ്റ്റണിലുമായി താമസം മാറിയിട്ടും സുനന്ദ നൃത്തത്തിനുവേണ്ടി കഠിനപ്രയത്നം ചെയ്തു. 2005-ൽ ഉണ്ടായ കത്രിന കൊടുംകാറ്റിൽ വീടും നൃത്തവിദ്യാലയവും പൂർണമായി നശിക്കുകയും താമസം മാറ്റേണ്ടിവരികയും ചെയ്തിട്ടും തളരാതെ! 

sunanda nair

ഇപ്പോൾ ഹൂസ്റ്റണിലെ സുനന്ദ പെർഫോമിങ്‌ ആർട്‌സ് സെന്റർ ഡയറക്ടർ ആണ് സുനന്ദാ നായർ. സിയായും അനിരുദ്ധനും മക്കളാണ്.  ക്യാപ്റ്റൻ ആനന്ദ് നായർ ആണ് ഭർത്താവ്. ഇതിനോടകംതന്നെ കേരളസംഗീതനാടക അക്കാദമി കലാശ്രീ പുരസ്കാരം, യു.എസ്.എ. കിങ്സ് സർവകലാശാലയിൽ നിന്നുള്ള ഡി.ലിറ്റ്, അന്തർദേശീയ പീസ് കൗൺസിലിന്റെ ഗ്രാൻഡ് അച്ചീവേഴ്‌സ് അവാർഡ്, നെല്ലുവായ് നമ്പീശൻ സ്മാരക അവാർഡ്, വൈശാഖി എക്സലൻസ് നാട്യശ്രീ അവാർഡ്, കലാനിപുണ പുരസ്കാരം, ദേവദാസി പുരസ്കാരം എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ ഇവരെത്തേടിയെത്തിയിട്ടുണ്ട്.  

‘നിർഭാഗ്യവശാൽ നമ്മുടെ സമൂഹത്തിന് ഒരു സ്വഭാവമുണ്ട്. കലാകാരന്മാർക്ക് ഭൂമിശാസ്ത്രപരമായിട്ടുള്ള ചില പ്രാധാന്യം നൽകലാണ് അത്. ചില ആളുകൾ പറഞ്ഞു കേൾക്കാം ‘അവർ എൻ.ആർ.ഐ. ആണ്, അതുകൊണ്ട് പരിഗണിക്കാൻ കഴിയില്ല’ എന്നൊക്കെ. സത്യത്തിൽ മറുനാടൻ കലാകാരന്മാർക്ക് ഇരട്ടി ബുദ്ധിമുട്ടാണ് നേരിടേണ്ടി വരാറുള്ളത്’’. സുനന്ദ പറയുന്നു. ഇപ്പോൾ തന്റെ നൃത്തഗവേഷണപ്രബന്ധം ബോംബെ സർവകലാശാലയിൽ സമർപ്പിച്ചിരിക്കുന്ന ഈ കലാകാരി ഒട്ടേറെ നൃത്താവതരണ പ്രോജക്റ്റുകളുമായി മുന്നോട്ടുതന്നെ യാത്രതുടരുകയാണ്. 

Photo: Facebook/ Sunanda Nair