മാസം പതിനാറുലക്ഷം രൂപ വരുമാനം, വാര്‍ഡ്രോബ് നിറയെ വിലകൂടിയ ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, ബാഗുകള്‍, മറ്റുവിലയേറിയ സമ്മാനങ്ങള്‍..യുകെയില്‍ ഫാഷന്‍ വിദ്യാര്‍ഥിനിയായ പതിനെട്ടുകാരി വാലന്റീനയുടെ ആഡംബര പൂര്‍ണമായ ജീവിതം ഇങ്ങനെയൊക്കെയാണ്. ഷുഗര്‍ ഡാഡി ഡേറ്റിങ് സൈറ്റ് വഴി പരിചയപ്പെട്ട ഷുഗര്‍ ഡാഡിമാരാണ് വാലന്റീനയുടെ സാമ്പത്തിക സ്രോതസ്സ്. 

സാമ്പത്തിക സ്വാതന്ത്ര്യം ലക്ഷ്യമിട്ടാണ് ഷുഗര്‍ ഡാഡി ഡോട് കോമില്‍ വാലന്റീന അംഗത്വമെടുക്കുന്നത്. സ്വന്തം താല്പര്യങ്ങള്‍ക്കനുസരിച്ച് പെണ്‍കുട്ടികളെ തിരഞ്ഞെടുക്കാന്‍ സാധിക്കുന്ന ഡേറ്റിങ് സൈറ്റാണ് ഷുഗര്‍ ഡാഡി ഡോട് കോം. പെണ്‍കുട്ടികളെ തിരഞ്ഞെടുക്കുന്നവരെ വിളിക്കുന്ന പേരാണ് ഷുഗര്‍ ഡാഡി. വളരെ ഉദാരമനസ്‌കനായ മധ്യവയസ്‌കനാണ് ഷുഗര്‍ ഡാഡി. തിരഞ്ഞെടുക്കുന്ന പെണ്‍കുട്ടിക്ക് വേണ്ടി എത്ര പണം മുടക്കാനും അയാള്‍ തയ്യാറായിരിക്കും. പ്രണയിക്കാനോ, ജീവിതം ആഘോഷിക്കാനോ നേരമില്ലാത്ത ബിസിനസ് പ്രമുഖന്മാരായിരിക്കും ഇവരില്‍ ഭൂരിഭാഗം പേരും. 

ഷുഗര്‍ ഡാഡിമാര്‍ ആവശ്യപ്പെടുന്ന രീതിയില്‍ വസ്ത്രധാരണം ചെയ്ത് അവര്‍ക്കൊപ്പം അവര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ പോകുകയാണ് ഷുഗര്‍ ബേബിമാര്‍ ചെയ്യേണ്ടത്. അവരുടെ ലൈംഗിക താല്പര്യങ്ങളെയും മാനിക്കേണ്ടി വരും. വിദ്യാര്‍ഥിനികളെയാണ് ഷുഗര്‍ ഡാഡിമാര്‍ക്ക് താല്പര്യം. ജീവിതത്തില്‍ പ്രശ്‌നങ്ങളെ അഭിമുഖീകരിച്ച് മാനസിക ക്‌ളേശവുമായി നടക്കുന്ന സ്ത്രീകളെ താല്പര്യമില്ല. 

ബന്ധം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഷുഗര്‍ ബേബിയും ഷുഗര്‍ ഡാഡിയും തമ്മില്‍ സാമ്പത്തിക കാര്യങ്ങളില്‍ കൃത്യമായ കരാര്‍ ഉണ്ടാക്കിയിരിക്കും. ലൈംഗിക ബന്ധമല്ല ഉദ്ദേശിക്കുന്നതെങ്കില്‍ അതും കരാറില്‍ വ്യക്തമാക്കാം. മിക്ക ഷുഗര്‍ ബേബികളും ആഡംബര ജീവിതത്തിന് പണം കണ്ടെത്താനാകാതെ വിഷമിക്കുന്ന സുന്ദരികളായിരിക്കും. അതിനാല്‍ മാസം ഒരു തുകയാണ് ഇവര്‍ ആവശ്യപ്പെടുക. 

ആഡംബരപൂര്‍ണമായ വിനോദയാത്രകളും, ഷോപ്പിങ്ങും എല്ലാം ഇതിന്റെ ഭാഗമാണ്. യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനികള്‍ നിരവധി പേര്‍ തങ്ങളുടെ പഠന ചെലവ് കണ്ടെത്തുന്ന മാര്‍ഗമായി ഇതിനെ സ്വീകരിച്ചിട്ടുണ്ട്. യൂണിവേഴ്‌സിറ്റി ഈമെയില്‍ വിലാസമുള്ളവര്‍ക്ക് സൗജന്യ അംഗത്വമാണ് സൈറ്റ് വാഗ്ദാനം ചെയ്യുന്നത്. 2300 യൂറോ മുതല്‍ ഇവര്‍ക്ക് പ്രതിഫലം ചോദിക്കാന്‍ സാധിക്കും. മാസം1,76,000 യൂറോ വരുമാനമുള്ള ശരാശരി 45 വയസ്സ് പ്രായമുള്ളവരായിരിക്കും ഷുഗര്‍ ഡാഡിമാര്‍. 

ഏഴു ഷുഗര്‍ ഡാഡിമാരാണ് വാലന്റീനയ്ക്കുള്ളത്. ഷുഗര്‍ ഡാഡമിമാരുമായുള്ള ബന്ധം ലൈംഗികമാണെന്ന് വാലന്റീന സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഷുഗര്‍ ബേബി എന്ന് പറയുന്നത് ഒരു ലൈംഗിക തൊഴിലാളി പോലെയല്ല എന്നും അവള്‍ സമര്‍ഥിക്കുന്നു. ഷുഗര്‍ ഡാഡിമാരുടെ ലിസ്റ്റില്‍ നാല്‍പതുകഴിഞ്ഞവരും ബിസിനസ് പ്രമുഖരുമുണ്ടെന്ന് വാലന്റീന പറയുന്നു.' പലരും എന്നേക്കാള്‍ ഇരട്ടി പ്രായമുള്ളവരാണ്. കുറച്ചു പ്രായമുള്ളവരെയാണ് എനിക്കിഷ്ടം.' 

47കാരനായ ഷുഗര്‍ ഡാഡിയാണ് വാലന്റീനയ്ക്ക് പ്രിയപ്പെട്ടവന്‍. മാസത്തില്‍ മൂന്നോ നാലോ തവണ കാണുന്ന അയാള്‍ വിരമിക്കുന്നതോടെ തന്നെ വിവാഹം കഴിക്കുമെന്നാണ് അവള്‍ പ്രതീക്ഷിക്കുന്നത്. സ്വന്തമായി ഒരു ഫാഷന്‍ ബ്രാന്‍ഡ് ആരംഭിക്കണമെന്നാണ് വാലന്റീനയുടെ സ്വപ്‌നം അതിനായി കഴിയുന്നത്ര പണം സമ്പാദിക്കുകയാണ് ചെയ്യുന്നത്. 'എത്ര പണം എങ്ങനെ സമ്പാദിക്കുന്നു എന്നല്ല, മറിച്ച് എങ്ങനെ വിനിയോഗിക്കുന്നു എന്നതിലാണ് കാര്യം.'

ലൈംഗികതൊഴില്‍, ലൈംഗികതൊഴിലാളികളെ കടത്തല്‍, മറ്റുള്ള നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം സൈറ്റില്‍ നിരോധിച്ചിട്ടുണ്ടെന്ന് ഷുഗര്‍ ഡാഡി ഡോട്‌കോം അവകാശപ്പെടുന്നുണ്ടെങ്കിലും നടക്കുന്നത് ലൈംഗിക വ്യവഹാരമാണ്. പതിനെട്ട് വയസ്സ് പൂര്‍ത്തിയായവര്‍ക്ക് മാത്രമേ ഇതില്‍ അംഗമാകാനും സൗഹൃദം തിരഞ്ഞെടുക്കാനും സാധിക്കുകയുള്ളൂ. സമൂഹത്തില്‍ വളരെ തെറ്റായ സന്ദേശമുയര്‍ത്തുന്ന രീതിയിലാണ് ഷുഗര്‍ ഡാഡി ഡോട് കോമിന്റെ പ്രവര്‍ത്തനമെന്നും നിയമം മൂലം ഇത് നിരോധിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. 

കടപ്പാട് : ബിബിസി 

Content highlights: Sugar Daddy, Sugar baby dating