കേരളത്തില്‍ മുലയൂട്ടല്‍ കുറയുന്നതായി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ റാപ്പിഡ് സര്‍വേ ഓഫ് ചില്‍ഡ്രന്‍ 2013-'14 സര്‍വേഫലം. കുഞ്ഞുണ്ടായി ആദ്യ രണ്ട് മണിക്കൂറിനുള്ളില്‍ മുലപ്പാല്‍ നല്‍കുന്നത് മൂന്നില്‍ രണ്ടുപേര്‍ (67 ശതമാനം) പേര്‍ മാത്രമാണെന്ന് സര്‍വേയില്‍ പറയുന്നു. സിസേറിയന്‍ പ്രസവങ്ങള്‍ വര്‍ധിച്ചതോടെയാണ് ഈ പ്രവണത തുടങ്ങിയതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

സിസേറിയന്‍ കഴിഞ്ഞ  അമ്മയില്‍ നിന്ന് കുഞ്ഞിന് ആദ്യ മണിക്കൂറില്‍ത്തന്നെ മുലപ്പാല്‍ ലഭ്യമാക്കാന്‍ ചില സ്വകാര്യ ആസ്പത്രികള്‍ താത്പര്യമെടുക്കുന്നില്ല. സംസ്ഥാനത്ത് 40 ശതമാനം പ്രസവങ്ങളും ഇപ്പോള്‍ സിസേറിയനാണ്. ഏറെ പോഷകങ്ങള്‍ നിറഞ്ഞ ആദ്യത്തെ പാല്‍ നഷ്ടപ്പെടുന്നത് കുട്ടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.  

കുഞ്ഞിന് മുലയൂട്ടുന്ന ആകെ കാലയളവും കുറയുന്നുണ്ട്. കുഞ്ഞുങ്ങള്‍ക്ക് ആദ്യ ആറുമാസം മുലപ്പാല്‍ മാത്രം നല്‍കുന്നത് അഞ്ചില്‍ മൂന്നുപേര്‍(59ശതമാനം) മാത്രമാണ്. പാലുത്പന്നങ്ങളും വിപണിയില്‍ ലഭിക്കുന്ന മറ്റ് ശിശുഭക്ഷണങ്ങളും കുഞ്ഞുങ്ങള്‍ക്ക് കരുത്തും വളര്‍ച്ചയും ലഭ്യമാക്കുമെന്ന തെറ്റിദ്ധാരണയാണ് മുലയൂട്ടല്‍ കുറയുന്നതിന് പിന്നിലെന്ന് യൂനിസെഫ് കേരള, തമിഴ്നാട് മേധാവി ജോബ് സഖറിയ പറഞ്ഞു. 

ശിശുമരണം, രോഗങ്ങള്‍, പോഷകാഹാരക്കുറവ് എന്നിവ കുറയ്ക്കാന്‍ നവജാതശിശുക്കള്‍ക്ക് ആദ്യ ആറുമാസം മുലപ്പാല്‍ മാത്രം നല്‍കുക എന്നത് ആഗോളതലത്തില്‍ ഫലവത്തായ മാര്‍ഗമാണ്. അഞ്ചു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണത്തിന്റെ 13 ശതമാനം മുലയൂട്ടലിലൂടെ തടയാനാകും. കേരളത്തിലെ എല്ലാ അമ്മമാരും കുഞ്ഞുങ്ങളെ മുലയൂട്ടിയാല്‍ സംസ്ഥാനത്ത് പ്രതിവര്‍ഷം 800 കുട്ടികളുടെ മരണം തടയാനാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

വേണം അമ്മമാര്‍ക്ക് അവധി

തൊഴിലെടുക്കുന്ന അമ്മമാരുടെ എണ്ണം കൂടിയതോടെ കുട്ടികളെ മുലയൂട്ടുന്ന തോത് കുറയുന്നുവെന്ന നിരീക്ഷണവും യൂനിസെഫിനുണ്ട്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും 14 ആഴ്ചയെങ്കിലും ശമ്പളത്തോടുകൂടിയ അവധി നല്‍കണം. മുലയൂട്ടുന്ന അമ്മമാര്‍ക്ക് ജോലിസമയം കുറയ്ക്കണം. കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നതിനായി നഴ്സിങ് ബ്രേക്ക് അനുവദിക്കുക എന്നിവയാണ് പരിഹാരമാര്‍ഗങ്ങള്‍. 

മുലപ്പാല്‍ പ്രത്യേക രീതിയിലുള്ള കുപ്പികളിലേക്ക് എടുത്ത് റഫ്രിജിറേറ്ററില്‍ ശീതികരിച്ച് സൂക്ഷിക്കുന്നതിലൂടെ അമ്മ ജോലിക്കായി അകലെയായിരിക്കുമ്പോഴും കുഞ്ഞിന് മുലപ്പാല്‍ ലഭ്യമാക്കാം. തൊഴില്‍ സ്ഥലങ്ങളില്‍ മുലയൂട്ടുന്നതിനും കുഞ്ഞുങ്ങള്‍ക്ക് നല്‍കാനായി മുലപ്പാല്‍ സൂക്ഷിക്കുന്നതിനും സംവിധാനം ഏര്‍പ്പെടുത്തുക, കുഞ്ഞുങ്ങള്‍ക്കായി ക്രഷ് ഏര്‍പ്പെടുത്തുക തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് മറ്റൊരാവശ്യം. 

റെയില്‍വേസ്റ്റേഷന്‍, ബസ്സ്റ്റാന്‍ഡ് തുടങ്ങിയ പൊതുയിടങ്ങളില്‍ അമ്മമാര്‍ക്ക് മുലയൂട്ടുന്നതിനായി പ്രത്യേക മുറികള്‍ നിര്‍മിക്കണം. നിലവിലുള്ളവയ്ക്ക് കൂടുതല്‍ സ്വകാര്യത വേണമെന്നും ആവശ്യമുയരുന്നു.